കെ. സുധാകരന്‍ പണ്ട് തന്റെ മക്കളെ തട്ടിക്കൊണ്ട് പോകാന്‍ പദ്ധതിയിട്ടിരുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: കെപിസിസി അധ്യക്ഷന്‍ കെ.സുധാകരനെതിരെ രൂക്ഷമായ ആരോപണങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് തന്റെ മക്കളെ തട്ടിക്കൊണ്ട് പോകാന്‍ സുധാകരന് പദ്ധതിയിട്ടിരുന്നതായി അദ്ദേഹത്തിന്റെ അടുത്ത ആളില്‍ നിന്ന് തനിക്ക് വിവരം ലഭിച്ചിരുന്നതായി മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

‘ഒരിക്കല്‍ അതിരാവിലെ സുധാകരന്റെ അടുത്ത സുഹൃത്തായ ആള്‍ എന്റെ വീട്ടിലെത്തി. സ്വാഭാവികമായും ഞാന്‍ ആശ്ചര്യപ്പെട്ടു. രാഷ്ട്രീയമായി എന്റെ എതിര്‍ചേരിയിലാണ്. കണ്ണൂരിലെ ഒരു രീതി വെച്ച് നിങ്ങള്‍ക്കറിയാമല്ലോ. എന്തിനാണ് വന്നതെന്ന് ചോദിച്ചപ്പോള്‍ നിങ്ങളുടെ മക്കളെ തട്ടിക്കൊണ്ടുപോകാന്‍ സുധാകരന്‍ പദ്ധതിയിടുന്നുണ്ടെന്ന് പറഞ്ഞു. വല്ലാത്ത പ്രകൃതക്കാരനാണ് സുധാകരന്‍.

മക്കളെ തട്ടിക്കൊണ്ടുപോകാന്‍ ഇത് പഞ്ചാബല്ലെന്നും നാട് കത്തുന്ന വിഷയമാകുമെന്നും അയാള്‍ സുധാകരനെ ഉപദേശിച്ചു. എങ്കിലും സുധാകരനെ വിശ്വാസമില്ലാത്തതിനാല്‍ എനിക്ക് മുന്നറിയിപ്പ് തരാന്‍ വന്നതാണ്. ഞാന്‍ ആരോടും പറഞ്ഞില്ല. അക്കാലത്ത് കുട്ടികളെ കൈപിടിച്ച് സ്‌കൂളിലാക്കുന്നത് ഭാര്യയാണ്. അവര്‍ക്ക് ഈ വിവരമറിഞ്ഞാല്‍ മനസ്സമാധാനമുണ്ടാകുമോ. മകന്‍ അക്കാലത്ത് തലശ്ശേരി സെന്റ് ജോസഫ് സ്‌കൂളിലും മകള്‍ കോണ്‍വെന്റ് സ്‌കൂളിലും പഠിക്കുകയാണ്. സെന്റ് ജോസഫിലാണ് ഭാര്യ പഠിപ്പിക്കുന്നത്.

എനിക്കെന്ത് ചെയ്യാന്‍ പറ്റുമെന്ന് ഞാന്‍ ചോദിച്ചു. വരുന്നത് വരുന്നിടത്തുവെച്ച് കാണാമെന്നും പറഞ്ഞു. താന്‍ ഈ വിഷയം ആരോടും പറഞ്ഞില്ല. ഇതെല്ലാം കടന്നുവന്നതാണ്. മോഹങ്ങള്‍ പലതുണ്ടാകും. ആ മോഹങ്ങള്‍ കൊണ്ടൊന്നും വിജയനെ വീഴ്ത്താന്‍ കഴിയില്ല എന്നത് ഇതുവരെ സുധാകരന്റെ അനുഭവമാണ്’. പിണറായി പറഞ്ഞു. ഇക്കാര്യം തന്നോട് പറഞ്ഞയാള്‍ മരിച്ചുപോയതിനാലാണ് പേര് പറയാത്തതെന്നും അദ്ദേഹം വ്യക്തമാക്കി.

കോളേജ് പഠനകാലത്ത് തന്നെ ചവിട്ടിവീഴ്ത്തിയെന്ന സുധാകരന്റെ പരാമര്‍ശത്തെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോളായിരുന്നു മുഖ്യമന്ത്രിയുടെ വെളിപ്പെടുത്തല്‍.

സുധാകരനെ പറ്റി ഞാന്‍ പറയുന്നത് എടുക്കേണ്ട, സഹപ്രവര്‍ത്തനായിരുന്ന പി.രാമകൃഷ്ണന്‍ എന്താണ് പറഞ്ഞതെന്ന് ഓര്‍ക്കണം. കണ്ണൂരിലെ കോണ്‍ഗ്രസിന്റെ പ്രസിഡന്റായിരുന്നു പി.രാമകൃഷ്ണന്‍. ഇതൊന്നും ഞാന്‍ പറയേണ്ട ആളല്ല. എന്നാല്‍ വല്ലാതെ പൊങ്ങച്ചം പറയുമ്‌ബോള്‍ സമൂഹം ഇത് കേട്ടുകൊണ്ടിരിക്കുകയാണ്. ഈ പറയുന്നത് ശരിയാണെന്ന് അഭിപ്രായം എനിക്കില്ല.

വിദേശ കറന്‍സി ഇടപാടുള്ള സുധാകരന് ബ്ലേഡ് കമ്ബനി കമ്ബനികളുണ്ട്. മണല്‍ മാഫിയയുമായി നേരിട്ട് ബന്ധമുണ്ട്. രാഷ്ട്രീയ പ്രവര്‍ത്തനത്തിന് പറ്റിയ ആളല്ല സുധാകരന്‍. നേതാക്കള്‍ക്ക് അയാളെ പേടിയാണ്. കൊല്ലപ്പെട്ടവര്‍ക്കായി പിരിച്ച പണം സ്വന്തം പോക്കറ്റിലാക്കുന്നു. രാമകൃഷ്ണന്റെ വാചകങ്ങള്‍ എന്തായിരുന്നുവെന്ന് സുധാകരന്‍ ഓര്‍ക്കുന്നത് നല്ലതാണ്.

ഒപ്പമുണ്ടായിരുന്ന പുഷ്പരാജും പ്രകാശ്ബാബുവും എങ്ങനെ സുധാകരന് എതിരായി എന്ന് രാമകൃഷ്ണന്‍ പറയുന്നുണ്ട്. പുഷ്പരാജിനെ അക്രമിച്ച് കാല് തകര്‍ത്തതിനെ കുറിച്ച് പറയുന്നുണ്ട്.

ഇപ്പോള്‍ രാമകൃഷ്ണന്‍ ജീവിച്ചിരിപ്പില്ലെങ്കിലും അദ്ദേഹത്തിന്റെ വാക്കുകള്‍ പൊതുവേദിയില്‍ ലഭ്യമാണ്. സുധാകരനോടൊപ്പം അതേ കളരിയില്‍ പയറ്റിയ മമ്ബറം ദിവാകരന്‍ പറഞ്ഞിട്ടുണ്ട് ഒരു അഭിമുഖത്തില്‍ ‘ ഡിസിസി അംഗം പുഷ്പരാജിന്റെ കാല്‍ അടിച്ച് തകര്‍ത്തതടക്കം ഒരുപാട് സംഭവങ്ങളുണ്ട്. തന്റെ പക്കലുള്ള ഫോട്ടോകളും തെളിവുകളും പുറത്ത് വിട്ടാല്‍ കേരളത്തിലെ ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകനും സുധാകരനെ കെപിസിസി അധ്യക്ഷനാക്കണമെന്ന് പറയില്ല.

തലശ്ശേരിയി ഇന്ദിരാഗാന്ധി ആശുപത്രിയില്‍ വെച്ച് തന്നെ കൊലപ്പെടുത്താന്‍ ശ്രമം നടന്നതായും മമ്ബറം ദിവാകരന്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ഡിസിസി ഓഫീസിനായി പിരിച്ച കോടികള്‍ എവിടെ എന്നും അദ്ദേഹം ചോദിക്കുന്നുണ്ട്.

അദ്ദേഹം മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്ബ് പറഞ്ഞിട്ടുണ്ട്. ബിജെപിയുമായി യോജിച്ച് പോകാന്‍ സാധിക്കുമെന്ന് തോന്നിയാല്‍ പോകുമെന്ന് പറഞ്ഞു. ഇപ്പോള്‍ അതില്‍ ഉറച്ച് നില്‍ക്കുന്നുണ്ടോയെന്ന് അറിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *