ശബരിമലയിലെ നിരോധനാജ്ഞ നിയമപരമായി സാധുതയുള്ളതാണോ എന്ന് പരിശോധിക്കേണ്ടതുണ്ട്: ഹൈക്കോടതി

കൊച്ചി: ശബരിമലയിലെ നിരോധനാജ്ഞയ്ക്കും പൊലീസ് നടപടികള്‍ക്കുമെതിരെ സമര്‍പ്പിച്ച ഹര്‍ജികള്‍ പത്തു ദിവസം കഴിഞ്ഞ് പരിഗണിക്കുന്നതിന് ഹൈക്കോടതി മാറ്റി. എജിക്കും പൊലീസ് ഉദ്യോഗസ്ഥര്‍ക്കും എതിരെ ശക്തമായ വിമര്‍ശനങ്ങള്‍ ഉന്നയിച്ചാണ് ഹൈക്കോടതി ബുധനാഴ്ച കേസ് പരിഗണിച്ചത്. ശബരിമലയിലെ സ്ഥിതി പരിതാപകരമാണെന്നു ഹൈക്കോടതി നിരീക്ഷിച്ചു.

ശബരിമലയിലെ നിരോധനാജ്ഞ നിയമപരമായി സാധുതയുള്ളതാണോ എന്ന് പരിശോധിക്കേണ്ടതുണ്ട്. ശബരിമലയില്‍ ചുമതല ഉള്ള ഐജിക്കും എസ്പിക്കും മലയാളം എഴുതാനും വായിക്കാനും അറിയാമോ എന്നു ചോദിച്ച കോടതി ഇവര്‍ അല്ലേ നേരത്തെ കുട്ടികളെയും സ്ത്രീകളെയും അടിച്ചത് എന്നും ജനക്കൂട്ടത്തെ നിയന്ത്രിച്ച് പരിചയമുള്ളവരെ അല്ലേ നിയമിക്കേണ്ടിയിരുന്നതെന്നും ചോദിച്ച കോടതി സര്‍ക്കാര്‍ മറുപടി നല്‍കണം എന്നും ആവശ്യപ്പെട്ടു.

അഡ്വക്കേറ്റ് ജനറല്‍ 19ന് ഡിജിപിക്ക് ഹൈക്കോടതി ഉത്തരവുകള്‍ ഇല്ലെന്നും മാധ്യമ വാര്‍ത്തകള്‍ ശരിയല്ലെന്നും കാണിച്ച് അയച്ച കത്തിനെതിരെ ശക്തമായ ഭാഷയിലാണ് പ്രതികരിച്ചത്. എന്ത് അടിസ്ഥാനത്തിലാണ് കത്തയച്ചത് എന്നു ചോദിച്ച കോടതി രേഖാമൂലം ഉത്തരവിടാത്തത് നിങ്ങളില്‍ വിശ്വാസമുള്ളതിനാലായിരുന്നെന്നും കോടതിയുടെ നിര്‍ദ്ദേശങ്ങള്‍ താങ്കള്‍ക്ക് മനസിലായില്ലേ എന്നും ചോദിച്ചു. ഹൈക്കോടതിയുടെ ചോദ്യങ്ങള്‍ക്ക് കൃത്യമായി മറുപടി നല്‍കാന്‍ അഡ്വക്കേറ്റ് ജനറലിന് സാധിച്ചില്ല

നടപ്പന്തലില്‍ സംഭവിച്ചത് എന്തെല്ലാമാണെന്നു വ്യക്തമാകാന്‍ സിസിടിവി ദൃശ്യങ്ങള്‍ കോടതിയില്‍ ഹാജരാക്കേണ്ടി വരുമെന്ന് കോടതി പറഞ്ഞു. ജനക്കൂട്ടത്തെ നയിച്ച് പരിചയമുള്ള എത്ര ഉദ്യോഗസ്ഥരുണ്ടെന്നും ഡിജിപിയുടെ വിശദീകരണം ലഭിച്ച ശേഷം രേഖാമൂലം ഉത്തരവിടാമെന്നും കോടതി വ്യക്തമാക്കി.
മുംബൈയില്‍ നിന്നെത്തിയ 110 തീര്‍ത്ഥാടകര്‍ ശബരിമല സന്ദര്‍ശിക്കാതെ മടങ്ങിയത് വേദനാജനകമായി. 33 കന്നി അയ്യപ്പന്മാര്‍ ഇരുമുടിക്കെട്ടുമായി എത്തിയിരുന്നു. അവരെ എരുമേലിയില്‍ തടഞ്ഞു. സര്‍ക്കാരിനും പ്രതിഷേധക്കാര്‍ക്കും ഇതില്‍ ഉത്തരവാദിത്തമുണ്ട്. ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് ശബരിമലയില്‍ എത്തിയാല്‍ എന്താണ് സംഭവിക്കുക എന്ന കാര്യത്തില്‍ ആശങ്കയുണ്ട്.

സര്‍ക്കാര്‍ രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകള്‍ അവഗണിക്കേണ്ടതില്ല. തീവ്രസ്വഭാവമുള്ളവരുടെ നുഴഞ്ഞുകയറ്റം തടയാന്‍ പൊലീസിന് നടപടിയെടുക്കാം. എന്നാല്‍ യഥാര്‍ഥ ഭക്തരുടെ തീര്‍ഥാടനത്തിനു തടസം സൃഷ്ടിക്കരുത്. ശരണം വിളിക്കുന്നത് പൊലീസ് തടയാനും പാടില്ല. എന്നാല്‍ സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ പൊലീസിന് നടപടിയെടുക്കാമെന്നും കോടതി വ്യക്തമാക്കി.
അതേസമയം, ശബരിമലയിലെ നിരോധനാജ്ഞ ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ ഹര്‍ജിക്കാരനും ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം നേരിടേണ്ടി വന്നു. സര്‍ക്കാര്‍ കോടതിയില്‍ രേഖയായി സമര്‍പ്പിച്ച ബിജെപി സര്‍ക്കുലര്‍ എടുത്തു കാണിച്ചാണു ഹര്‍ജിക്കാരനെതിരെ ഹൈക്കോടതി വിമര്‍ശനം ഉന്നയിച്ചത്. ശബരിമലയില്‍ എത്തേണ്ടവര്‍ക്കു പ്രത്യേക പരിശീലനം നല്‍കുമെന്നു സര്‍ക്കുലറില്‍ പറയുന്നത് എന്താണ് എന്നു ചോദിച്ച കോടതി കൊണ്ടുവരേണ്ട സാധന സാമഗ്രികള്‍ എന്തൊക്കെയാണെന്നും എറിയാനുള്ള തേങ്ങയാണോ എന്നും അതു പരിശോധിക്കാന്‍ പൊലീസിന് ഉത്തരവാദിത്തമില്ലേ എന്നും ചോദിച്ചു.ശബരിമലയില്‍ നടപ്പാക്കിയ നിരോധനാജ്ഞയുടെ വിവരങ്ങള്‍ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. രാവിലെ ഇതുസംബന്ധിച്ച വിവരങ്ങള്‍ അറിയിക്കാന്‍ സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടിരുന്നു. ഐജിയുടെ റിപ്പോര്‍ട്ടും ശബരിമലയില്‍ സംഘമായി എത്താനുള്ള ബിജെപി സര്‍ക്കുലറും ഉള്‍പ്പെടെയാണ് എജി ഹൈക്കോടതിയില്‍ വിവരങ്ങള്‍ സമര്‍പ്പിച്ചത്

Leave a Reply

Your email address will not be published. Required fields are marked *