രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്ക് യാത്രയ്ക്ക്‌ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമല്ല

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്ക് യാത്ര ചെയ്യുമ്ബോള്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനസംഖ്യയുടെ 25 ശതമാനത്തിലധികം പേര്‍ക്ക് ഇതുവരെ ആദ്യ ഡോസ് കോവിഡ് വാക്‌സിന്‍ നല്‍കിയതായി മുഖ്യമന്ത്രി വ്യക്തമാക്കി.

ഒന്ന് രണ്ട് ദിവസത്തേയ്ക്ക് മാത്രമുള്ള വാക്‌സിനാണ് സംസ്ഥാനത്ത് അവശേഷിക്കുന്നതെന്നും ആവശ്യത്തിന് വാക്‌സിന്‍ കേന്ദ്രം നല്‍കുമെന്ന പ്രതീക്ഷയിലാണ് നടപടികള്‍ നീക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് അവലോകന യോഗത്തിന് ശേഷമുള്ള വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

സംസ്ഥാനത്ത് നിലവില്‍ അവശേഷിക്കുന്ന മുഴുവന്‍ വാക്‌സിനും സ്‌റ്റോക് ചെയ്യാതെ കൊടുത്തു തീര്‍ക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

തിരുവനന്തപുരം, കോഴിക്കോട് മെഡിക്കല്‍ കോളേജുകളില്‍ ഐസൊലേഷന്‍ ബ്ലോക്കുകളും നിര്‍മിക്കും. ഇതൊടൊപ്പം പീഡിയാട്രിക് ഐസിയുകളുടെ എണ്ണം നല്ലതോതില്‍ വര്‍ധിപ്പിക്കും.

യുദ്ധകാലാടിസ്ഥാനത്തിലാകും ഇക്കാര്യങ്ങള്‍ നടപ്പാക്കുക. അത്രയധികം പ്രാധാന്യം മൂന്നാം തരംഗത്തെ നേരിടുന്നതിന് സര്‍ക്കാര്‍ നല്‍കും.

എല്ലാ ആശുപത്രികളുടെയും പശ്ചാത്തല സൗകര്യങ്ങള്‍ വര്‍ധിപ്പിക്കും. മൂന്നാം തരംഗം നാം ഉദ്ദേശിക്കുന്ന തരത്തില്‍ പ്രാവര്‍ത്തികമായില്ലെങ്കില്‍ പോസ്റ്റ് കോവിഡ് ചികിത്സയ്ക്കും മറ്റ് ആവശ്യങ്ങള്‍ക്കും ഈ പശ്ചാത്തല സൗകര്യങ്ങള്‍ ഉപയോഗിക്കും.

പകര്‍ച്ചവ്യാധി പടര്‍ന്നുപിടിക്കുന്ന സമയത്തടക്കം ഈ വാര്‍ഡുകള്‍ ഉപയോഗിക്കാന്‍ കഴിയുമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

മൂന്നാം തരംഗത്തിന്റെ ഭാഗമായി കുട്ടികളിലുണ്ടാകുന്ന രോഗബാധ സംബന്ധിച്ച പലതരത്തിലുള്ള പ്രചാരണങ്ങള്‍ നടക്കുന്നുണ്ട്.

ഇതേത്തുടര്‍ന്ന് പലര്‍ക്കും കടുത്ത ആശങ്കയുണ്ട്. എന്നാല്‍ ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *