ഡിസംബര്‍ 14ന് ഒടിയന്‍ തീയറ്ററുകളില്‍

മോഹന്‍ലാലും പ്രകാശ്‍ രാജും മഞ്ജു വാര്യരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഒടിയന്‍ മാണിക്യന്‍റെ ഒടി വിദ്യകള്‍ക്കായി മലയാള സിനിമയുടെ കാത്തിരിപ്പ് ഏറെ നാളായി . സിനിമയുടെ ഓരോ വാര്‍ത്തകളെയും ആകാംക്ഷയോടെയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. ഇന്ത്യയില്‍ ഏറ്റവും പ്രതീക്ഷയോടെ പ്രേക്ഷകര്‍ കാത്തിരിക്കുന്ന ചിത്രങ്ങളുടെ പട്ടിക ഐഎംഡിബി പുറത്ത് വിട്ടപ്പോള്‍ അതില്‍ ഒന്നാം സ്ഥാനമാണ് ഒടിയനിലൂടെ മലയാളം സ്വന്തമാക്കിയത്.

രജനികാന്ത്-ഷങ്കര്‍ കൂട്ടുക്കെട്ടിന്‍റെ ബ്രഹ്മാണ്ട ചിത്രം 2.0യെയും ഷാരുഖ് ഖാന്‍റെ സീറോയെയും പിന്നിലാക്കിയാണ് ഒടിയന്‍റെ തേരോട്ടം. ബോളിവുഡിലെ വന്‍ താരങ്ങളുടെ മറ്റ് ചിത്രങ്ങളും ഒടിയന്‍റെ മുന്നില്‍ മുട്ടുമടക്കി. ”കണ്ടു കണ്ടാണ് കടലിത്രയും വലുതായതെന്നു പറയുന്നതുപോലെ, ഒരു എഴുത്തുമേശയിൽ കണ്ട സ്വപ്നം, ചങ്ങാതിമാരുടെ കൈപിടിച്ച്, ഒാരോ ഇതളായി വിരിയിച്ചുവിരിയച്ച് ഇത്രയും വലുതായിരിക്കുന്നു, ഇന്ത്യൻ സ്ക്രീനിന്റെ വലുപ്പത്തിലേക്ക്” എന്നാണ് ഒടിയന്‍റെ നേട്ടത്തെക്കുറിച്ച് തിരക്കഥകൃത്ത് ഹരികൃഷ്ണന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

കാത്തിരുപ്പുകള്‍ക്ക് വിരാമമിട്ട് ഡിസംബര്‍ 14നാണ് ഒടിയന്‍ തീയറ്ററുകളില്‍ എത്തുന്നത്. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഇതുവരെ മലയാള സിനിമ കണ്ടിട്ടില്ലാത്ത അത്ര ഹെെപ്പ് ആണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ഇതിനിടെ പുറത്ത് വന്ന ചിത്രത്തിലെ ആദ്യ ഗാനത്തിനും വലിയ വരവേല്‍പ്പാണ് ലഭിച്ചത്.  ‘കൊണ്ടോരാം’ എന്ന് തുടങ്ങുന്ന ഗാനത്തിന്‍റെ ലിറിക് വീഡിയോ ആണ് പുറത്തിറങ്ങിയത്.

പ്രണയാതുരനായി ലാലെത്തുന്ന ഗാനം ഇതിനോടകം വൈറലായിക്കഴിഞ്ഞു. റഫീക്ക് അഹമ്മദിന്റെ വരികള്‍ക്ക് എം ജയചന്ദ്രന്‍ ആണ് ഈണം പകര്‍ന്നിരിക്കുന്നത്.  സുദീപ് കുമാറും ശ്രേയാ ഘോഷലും ചേര്‍ന്നാണ് ആലാപനം. പാലക്കാട് പ്രദേശത്തെ പഴയ കാല നാടന്‍ കഥ പറയുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ ഒടി വിദ്യ വശമുള്ള മാണിക്യന്‍ എന്ന കഥാപാത്രമായി എത്തുന്നു. ആന്റണി പെരുമ്പാവൂര്‍ ആണ് നിര്‍മ്മാണം. തിരക്കഥ ഹരികൃഷ്ണന്‍, ക്യാമറ ഷാജി.

Leave a Reply

Your email address will not be published. Required fields are marked *