കെ.എസ്.ആര്‍.ടി.സിയില്‍ നടന്ന ക്രമക്കേടില്‍ വിജിലന്‍സ് അന്വേഷണം നടത്തും

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി.യില്‍ 100.75 കോടി രൂപയുടെ ക്രമക്കേട് നടന്ന സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം. ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ ശുപാര്‍ശ‌യ്‌ക്ക് മുഖ്യമന്ത്രി അംഗീകാരം നല്‍കി .

പ്രാഥമിക അന്വേഷണത്തില്‍ ഫണ്ട് മാനേജ്‌മെന്റിലെ ഗുരുതരമായ ക്രമക്കേട് 2010 മുതല്‍ തുടങ്ങിയതാണെന്ന് കണ്ടെത്തിയിരുന്നു .കെ.എസ്.ആര്‍.ടി.സി.യുടെ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ ഇത് കണ്ടെത്തിയിട്ടുണ്ട് . അക്കൗണ്ട് ഓഫീസര്‍ ഉള്‍പ്പടെയുള‌ള ഉദ്യോഗസ്ഥരില്‍ നിന്ന് വീഴ്ചയുള‌ളതായാണ് ഓഡിറ്റ് റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച രേഖകള്‍ പരിശോധിച്ച ഗതാഗതമന്ത്രി ആന്റണി രാജു , വിജിലന്‍സ് അന്വേഷണം മുഖ്യമന്ത്രിക്കു ശുപാര്‍ശ ചെയ്യുകയായിരുന്നു .

കെ.എസ്.ആര്‍.ടി.സി തങ്ങളുടെ ബാങ്ക് , ട്രഷറി ഇടപാടുകളുടെ രേഖകളൊന്നും സൂക്ഷിച്ചിട്ടില്ല. ഫണ്ട് മാനേജ്‌മെന്റില്‍ രേഖകള്‍ സൂക്ഷിക്കാതെ ഉദ്യോഗസ്ഥര്‍ ആശയകുഴപ്പം സൃഷ്ടിച്ചുവെന്ന് കെ.എസ്.ആര്‍.ടി.സി, ധനകാര്യ വകുപ്പിലെ അഡീഷണല്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ ബോധ്യപ്പെട്ടു.

ധനകാര്യ ദുരുപയോഗവും ക്രമക്കേടും സംബന്ധിച്ച്‌ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് അന്വേഷണം നടത്താന്‍ ഗതാഗതമന്ത്രി ശുപാര്‍ശ ചെയ്തത് .

Leave a Reply

Your email address will not be published. Required fields are marked *