വാക്‌സിന്‍ ഗവേഷണം കേരളത്തില്‍ ആരംഭിക്കുന്നതിന് 10 കോടി

തിരുവനന്തപുരം: വാക്സിന്‍ നിര്‍മാണ മേഖലയിലേക്ക് കടക്കുന്നതിനായി വാക്സിന്‍ ഗവേഷണം കേരളത്തില്‍ ആരംഭിക്കുമെന്ന് ബജറ്റില്‍ പ്രഖ്യാപനം.

കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന് കീഴിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജിയിലാണ് വാക്സിന്‍ ഗവേഷണം ആരംഭിക്കുക. 10 കോടി രൂപയാണ് ഇതിനായി വകയിരുത്തിയത്.

ഇന്‍സ്റ്റിറ്റ്യൂട്ട് മുന്‍കൈയെടുത്ത് ലൈഫ് സയന്‍സ് പാര്‍ക്കില്‍ വാക്സിന്‍ ഉല്‍പ്പാദന കമ്ബനികളുടെ യൂണിറ്റ് ആരംഭിക്കുന്നതിന്‍റെ സാധ്യത തേടും. ഇതിനായി കമ്ബനികളുമായി ആശയവിനിമയം നടത്തുമെന്നും ബജറ്റില്‍ പറയുന്നു. പൊതുസൗകര്യങ്ങള്‍ ലഭ്യമാക്കിയാല്‍ വാക്സിന്‍ കമ്ബനികള്‍ ഉല്‍പ്പാദന യൂണിറ്റ് കേരളത്തില്‍ തുടങ്ങാന്‍ സാധ്യതയുണ്ടെന്ന് മനസ്സിലാക്കിയതായും ധനമന്ത്രി സൂചിപ്പിച്ചു.

അമേരിക്കയിലെ സെന്‍റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളിന്‍റെ മാതൃകയില്‍ സ്ഥാപനം കേരളത്തില്‍ ആരംഭിക്കുന്നതിന്‍റെ സാധ്യതാപഠനം നടത്തും. മെഡിക്കല്‍ ഗവേഷണത്തിനും സാംക്രമിക രോഗങ്ങളെ തടയുന്നതിനും ഇത്തരമൊരു സ്ഥാപനം ഭാവിയില്‍ മുതല്‍ക്കൂട്ടാകുമെന്ന് ബജറ്റില്‍ ചൂണ്ടിക്കാട്ടി. സാധ്യതാപഠനത്തിനും പദ്ധതി രൂപരേഖ തയാറാക്കുന്നതിനുമായി 50 ലക്ഷം രൂപയാണ് വകയിരുത്തിയത്.
കേരളം ആരോഗ്യരംഗത്തെ ഏറ്റവും മികച്ച മാതൃകയാകുമെന്നതിന്റെ സൂചനകളാണ് ഈ തീരുമാനത്തില്‍ നിന്ന് വ്യക്തമാകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *