എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഡിജിറ്റല്‍ ക്ലാസ് എത്തുന്നു എന്ന് ഉറപ്പാക്കാന്‍ ട്രയല്‍ :മന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരം: 2020 – 21 അധ്യയനവര്‍ഷം സ്കൂള്‍ തുറന്ന് യഥാര്‍ത്ഥ ക്ലാസ് തുടങ്ങാന്‍ സാധിക്കാത്ത പശ്ചാത്തലത്തില്‍ പരമാവധി അധ്യയന ദിനം ലഭ്യമാകുന്ന വിധത്തില്‍ അവധിദിനം കൂടി പ്രയോജനപ്പെടുത്തി, കൈറ്റ് – വിക്ടേഴ്സ് ചാനല്‍ വഴി ഡിജിറ്റല്‍ ക്ലാസ് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി നിയമസഭയില്‍ അറിയിച്ചു. അതിന്റെ അടിസ്ഥാനത്തില്‍ 2020 ജൂണ്‍ ഒന്നുമുതല്‍ രണ്ടാഴ്ചത്തേക്ക് ട്രയല്‍ ആയും പിന്നീട് സാധാരണ രീതിയിലും ക്ലാസുകള്‍ക്ക് തുടക്കംകുറിച്ചു.

എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഡിജിറ്റല്‍ ക്ലാസ് എത്തുന്നു എന്ന് ഉറപ്പാക്കാനാണ് ട്രയല്‍ നടത്താന്‍ തീരുമാനിച്ചത്. ഇതിനു മുന്നോടിയായി സമഗ്ര ശിക്ഷ കേരളയുടെ നേതൃത്വത്തില്‍ ഡിജിറ്റല്‍ വീഡിയോ ക്ലാസ് കാണുന്നതിന് ബുദ്ധിമുട്ടുള്ള വിദ്യാര്‍ത്ഥികളെ കണ്ടെത്തുന്നതിന് ഒരു സര്‍വേ നടത്തി. ഏകദേശം 2.6 ലക്ഷം കുട്ടികള്‍ക്ക് ഇപ്രകാരമുള്ള സൗകര്യം ഇല്ലെന്ന് പ്രാഥമികമായി കണ്ടെത്തിയെന്നും മന്ത്രി പറഞ്ഞു.

ട്രയല്‍ ക്ലാസുകളില്‍ കുട്ടികള്‍ പങ്കെടുക്കുന്നുണ്ടോ എന്നും അവര്‍ക്ക് ക്ലാസുകള്‍ കാണുന്നതിനുള്ള ഉപകരണങ്ങളുടെ ദൗര്‍ലഭ്യത ഉണ്ടോയെന്നും സ്കൂള്‍- ക്ലാസ് തലത്തില്‍ അധ്യാപകര്‍ നേരിട്ട് വിലയിരുത്തുകയും കുടുംബശ്രീ, പി ടി എ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവയുടെ സഹകരണത്തോടെ അടിയന്തര യോഗങ്ങള്‍ ചേര്‍ന്ന് ഓരോ കുട്ടിക്കും ക്ലാസുകള്‍ ലഭിക്കുന്നതിനുള്ള ശ്രമം നടത്തി.

സ്കൂള്‍തലത്തില്‍ പരിഹരിക്കാന്‍ കഴിയാത്തവ എ ഇ ഒ,ഡി ഇ ഒ തലത്തിലും അല്ലാത്തവ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ തലംവരെയുള്ളവര്‍ ഇടപെട്ടും പരിഹരിക്കാന്‍ ശ്രമിച്ചു. ഇപ്രകാരം ഡിജിറ്റല്‍ സൗകര്യമില്ലാതെ വരുന്ന കുട്ടികളുടെ എണ്ണം ദിനം പ്രതി കുറഞ്ഞു വന്നു. ട്രയല്‍ ക്ലാസുകള്‍ പൂര്‍ത്തിയായ മുറയ്ക്ക് ഏകദേശം പൂര്‍ണമായും കുട്ടികളെ ഡിജിറ്റല്‍ ക്ലാസ് സൗകര്യം ലഭിക്കുന്നവര്‍ ആക്കി മാറ്റി.

ഈ വര്‍ഷം കഴിഞ്ഞ വര്‍ഷത്തെ അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ ഡിജിറ്റല്‍ ക്ലാസുകള്‍ കൈറ്റ് – വിക്ടേഴ്സ് ചാനലിലൂടെ ആരംഭിച്ചിട്ടുണ്ട്. ഇപ്രാവശ്യവും ട്രയല്‍ കാലയളവില്‍ മുഴുവന്‍ കുട്ടികള്‍ക്കും കാണാന്‍ അവസരം ഉറപ്പാക്കിയ ശേഷമാണ് തുടര്‍ ക്ലാസുകള്‍ നടക്കുക. ഓണ്‍ലൈന്‍ ക്ലാസുകള്‍ ഘട്ടംഘട്ടമായി നടപ്പാക്കാന്‍ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. ഇതിന് ആവശ്യമായ സൗകര്യങ്ങള്‍ കുട്ടികള്‍ക്ക് ഉണ്ടോ എന്ന് ഉറപ്പുവരുത്തും. സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളില്‍ ലഭ്യമാക്കിയിട്ടുള്ള ഇന്റര്‍നെറ്റ് സൗകര്യവും 1,20,000 ലാപ്ടോപ്പുകളും 70,000 പ്രോജക്ടുകളും ഈ പഠനത്തിന് ഉപയോഗിക്കാന്‍ ഈ വര്‍ഷവും അനുമതി നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *