കേന്ദ്ര വാക്സിന്‍ നയത്തെ രൂക്ഷമായി വിമര്‍ശിച്ച്‌ സുപ്രീംകോടതി

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാറിന്‍റെ വാക്സിന്‍ നയത്തെ രൂക്ഷമായി വിമര്‍ശിച്ച്‌ സുപ്രീംകോടതി. 45ന് മുകളിലുള്ളവര്‍ക്ക് സൗജന്യ വാക്സിനും 18നും 44നും ഇടയിലുള്ളവര്‍ക്ക് പണം നല്‍കിയുള്ള വാക്സിനേഷനും ഏര്‍പ്പെടുത്തിയത് എന്ത് അടിസ്ഥാനത്തിലാണെന്ന് കോടതി ചോദിച്ചു. പ്രഥമദൃഷ്ട്യാ യുക്തിരഹിതവും വിവേചനപരവുമാണ് ഈ നയം. വാക്സിന്‍ നയം പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട കോടതി വാക്സിന്‍ വാങ്ങിയതിന്‍റെ മുഴുവന്‍ രേഖകളും നല്‍കാനും നിര്‍ദേശിച്ചു. കേസ് ജൂണ്‍ 30ന് വീണ്ടും പരിഗണിക്കും.

വാക്സിനുകള്‍ക്ക് വ്യത്യസ്ത നിരക്ക് ഈടാക്കുന്നതിനെയും കോടതി ചോദ്യംചെയ്തു. ഇന്ത്യയില്‍ ലഭ്യമായ വാക്സിനുകളുടെ വിലയും അവയുടെ അന്താരാഷ്ട്ര നിരക്കും എത്രയാണെന്ന് അറിയിക്കാന്‍ കേന്ദ്രത്തിനോട് നിര്‍ദേശിച്ചു. 18നും 44നും ഇടയിലുള്ളവര്‍ റെക്കോഡ് വിലക്കാണ് ഇന്ത്യയില്‍ വാക്സിന്‍ വാങ്ങേണ്ടതെന്ന് പലരും വിമര്‍ശിക്കുന്നു. മിക്ക രാജ്യങ്ങളിലും സര്‍ക്കാറുകള്‍ വാക്സിന്‍ സംഭരിച്ച്‌ ജനങ്ങള്‍ക്ക് സൗജന്യമായി നല്‍കുകയാണ് -കോടതി ചൂണ്ടിക്കാട്ടി.

കേന്ദ്ര ബജറ്റില്‍ വാക്സിന് വേണ്ടി വകയിരുത്തിയ 35,000 കോടി രൂപ എങ്ങനെ ചെലവഴിച്ചുവെന്ന് വ്യക്തമാക്കാന്‍ കോടതി ആവശ്യപ്പെട്ടു. 18നും 44നും ഇടയിലുള്ളവര്‍ക്ക് സൗജന്യമായി വാക്സിന്‍ നല്‍കാന്‍ എന്തുകൊണ്ട് ഈ തുക ഉപയോഗിച്ചുകൂടാ. പൗരന്മാരുടെ ഭരണഘടനാപരമായ അവകാശം ലംഘിക്കപ്പെടുമ്ബോള്‍ സുപ്രീംകോടതിക്ക് മൂകസാക്ഷിയായി ഇരിക്കാന്‍ കഴിയില്ലെന്നും ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *