സംസ്ഥാനത്ത് കൂടുതല്‍ ഇളവുകള്‍; ദുരുപയോഗം ചെയ്യുന്നവരെ കര്‍ശനമായി തടയണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതല്‍ ഇളവുകള്‍. പൊതുസ്‌ഥലങ്ങളില്‍ രാവിലെ 5 മുതല്‍ 7 വരെ പ്രഭാത നടത്തവും വൈകുന്നേരം 7 മുതല്‍ 9 വരെ വൈകുന്നേരത്തെ നടത്തവും സാമൂഹികഅകലം ഉള്‍പ്പെടെയുള്ള കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു അനുവദിക്കുമന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

സ്റ്റേഷനറി ഇനങ്ങള്‍ വില്‍ക്കുന്ന കടകള്‍ തുറക്കാന്‍ അനുവാദമില്ല. തുണിത്തരങ്ങള്‍, പാദരക്ഷകള്‍, ആഭരണങ്ങള്‍ എന്നിവയുടെ കടകളില്‍ വിവാഹക്ഷണക്കത്തുകള്‍ കാണിച്ചാല്‍ മാത്രമേ പൊതുജനങ്ങള്‍ക്ക് പ്രവേശനാനുവാദമുള്ളൂ. മറ്റെല്ലാ വ്യക്തികള്‍ക്കും ഉല്‍‌പ്പന്നങ്ങളുടെ ഹോം ഡെലിവറി മാത്രമേ അനുവദിക്കൂ.

ഇളവുകള്‍ ദുരുപയോഗം ചെയ്യുന്നവരെ കര്‍ശനമായി തടയണമെന്ന് മുഖ്യമന്ത്രി കോവിഡ് അവലോകനയോഗത്തില്‍ നിര്‍ദ്ദേശിച്ചു. ലോക്ക്ഡൗണില്‍ നിന്ന് ഒഴിവാക്കിയിട്ടുള്ള സര്‍ക്കാര്‍ ജീവനക്കാര്‍, നിയമസഭയിലെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ ആവശ്യമായ സര്‍ക്കാര്‍ ജീവനക്കാര്‍, പരീക്ഷാ നടത്തിപ്പിന് ആവശ്യമായ ജീവനക്കാര്‍ എന്നിവര്‍ ഓഫീസില്‍ ഹാജരാകേണ്ടതാണ്. 2021 ജൂണ്‍ 7 മുതല്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍, കമ്ബനികള്‍ ഉള്‍പ്പെടെ എല്ലാ കേന്ദ്ര, സംസ്‌ഥാന സര്‍ക്കാര്‍ ഓഫീസുകളും 50% ജീവനക്കാരെ ഉള്‍പ്പെടുത്തി റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കാവുന്നതാണ്.

വ്യാവസായിക സ്ഥാപനങ്ങള്‍ക്കും ഉല്‍‌പാദന കേന്ദ്രങ്ങള്‍ക്കും മാത്രമാണ് ഇപ്പോള്‍ പ്രവര്‍ത്തനാനുമതി നല്‍കിയിട്ടുള്ളത്. ഇത് സേവന മേഖലയ്ക്ക് ബാധകമല്ല.

പരിശീലനത്തില്‍ പങ്കെടുക്കുന്ന പോലീസ് ട്രെയിനികള്‍, സാമൂഹ്യസന്നദ്ധ സേന പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത് ഫീല്‍ഡില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധപ്രവര്‍ത്തകര്‍, ഐ‌എം‌ഡിയുടെ ഫീല്‍ഡ് സ്റ്റാഫ്, കൊച്ചി മെട്രോയിലെ ഫീല്‍ഡ് സ്റ്റാഫ്, കൊച്ചി വാട്ടര്‍ മെട്രോ ഫീല്‍ഡ് സ്റ്റാഫ് എന്നിവരെ വാക്‌സിനേഷന്‍ ഫ്രണ്ട് ലൈന്‍ തൊഴിലാളികളായി പരിഗണിക്കും.

പഠനാവശ്യങ്ങള്‍ക്കും, തൊഴിലിനുമായി വിദേശത്തു പോകുന്നവര്‍ക്ക് നല്‍കിയ വാക്‌സിനേഷന്‍ ഇളവുകള്‍ ഹജ്ജ് തീര്‍ഥാടകര്‍ക്കും നല്‍കും.  നാല്പതു വയസ്സിന് മുകളിലുള്ളവര്‍ക്ക് എസ്.എം. എസ് അയക്കുന്ന മുറയ്ക്ക് വാക്‌സിന്‍ നല്‍കും. ആദിവാസി വിഭാഗങ്ങള്‍ക്ക് മുന്‍ഗണന നോക്കാതെ 18 വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും വാക്സിന്‍ നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

രാജ്യത്ത് ആശ്വാസം പകര്‍ന്ന് കോവിഡ് കേസുകള്‍ കുറയുന്നു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 153,485 പോസിറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 48 ദിവസത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണിത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 2,80,47,534 ആയി. ഇതില്‍ 2,56,92,342 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. നിലവില്‍ 20,26,092 ആക്ടീവ് കേസുകളാണ് രാജ്യത്തുള്ളത്.

രോഗികളുടെ എണ്ണത്തില്‍ ഏപ്രില്‍ 13 ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ കണക്കാണ് രേഖപ്പെടുത്തിയതെങ്കിലും മരണനിരക്ക് ഉയര്‍ന്ന് നില്‍ക്കുന്നത് ആശങ്ക തന്നെയാണ്. കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി മൂവായിരത്തോളം കോവിഡ് മരണങ്ങളാണ് പ്രതിദിനം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്‍റെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം രാജ്യത്ത് 3,128 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഇതോടെ കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 3,29,100 ആയി ഉയര്‍ന്നു.

കോവിഡ് പരിശോധനകളും വിട്ടുവീഴ്ചയില്ലാതെ തുടരുന്നുണ്ട്. മെയ് 30 വരെ രാജ്യത്ത് 34,48,66,883 കോവിഡ് പരിശോധനകളാണ് നടന്നത്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്‌ കണക്കുകള്‍ അനുസരിച്ച്‌ കഴിഞ്ഞ ദിവസം മാത്രം 16,83,135 സാമ്ബിളുകള്‍ പരിശോധിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *