സ്‌കൂള്‍ പ്രവേശനോത്സവം വെര്‍ച്വലായി നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: കേവിഡ് പശ്ചാത്തലത്തില്‍ ഈ വര്‍ഷത്തെ പ്രവേശനോത്സവം വെര്‍ച്വലായി നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി.

പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ജൂണ്‍ ഒന്നിന് ഒന്‍പത് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ വിക്ടേഴ്‌സ് ചാനലിലൂടെ ഉദ്ഘാടനം ചെയ്യും. 11 മണിക്ക് സ്‌കൂള്‍ തലത്തില്‍ വെര്‍ച്വലായി പ്രവേശനോത്സവം നടത്തും.

ഈ വര്‍ഷത്തെ അധ്യായനം വിക്ടേഴ്‌സ് ചാനലിന് പുറമേ ഓണ്‍ലൈന്‍ ആക്കും. കുട്ടികള്‍ക്ക് അധ്യാപകരെ കാണാത്തതിലുള്ള മാനസിക പ്രയാസം ഉള്ളതിനാല്‍ ഡിജിറ്റല്‍ ക്ലാസിന് പുറമേ ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കും. ഹയര്‍സെക്കന്‍ഡറി മൂല്യനിര്‍ണയ ക്യാമ്പുകള്‍ ജൂണ്‍ ഒന്നിന് ആരംഭിച്ച് ജൂണ്‍ 19ന് പൂര്‍ത്തികരിക്കും. 70 ക്യാമ്പുകളിലായി 26447 അധ്യാപകരും വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ എട്ടു ക്യാമ്പുകളിലായി 3031 അധ്യാപകരെയും ആണ് നിയോഗിച്ചിട്ടുള്ളത്.

എസ്എസ്എല്‍സി, ടിഎച്ച്എല്‍സി പരീക്ഷകളുടെ മൂല്യനിര്‍ണയ ക്യാമ്പുകള്‍ ജൂണ്‍ ഏഴിന് ആരംഭിച്ച് ജൂണ്‍ 25ന് പൂര്‍ത്തിയാകുമെന്ന് മന്ത്രി അറിയിച്ചു. പ്ലസ് വണ്‍ പരീക്ഷ നടത്തിപ്പ് സംബന്ധിച്ച് രണ്ടു ദിവസത്തിനകം തീരുമാനമുണ്ടാകും. അധ്യാപക സംഘടനകളുമായി യോഗം ചേര്‍ന്നപ്പോള്‍ വ്യത്യസ്ത അഭിപ്രായങ്ങളാണ് ഉയര്‍ന്നതെന്ന് മന്ത്രി അറിയിച്ചു.

പ്ലസ് ടു ക്ലാസുകള്‍ ജൂണ്‍ രണ്ടാം ആഴ്ച ആരംഭിക്കും. 2020-21 ന് നല്‍കേണ്ട യൂണിഫോം വിതരണ കേന്ദ്രത്തിലെത്തിയതായി വിദ്യാഭ്യാസമന്ത്രി പറഞ്ഞു. ഒന്‍പത് ലക്ഷത്തിലധികം കുട്ടികള്‍ക്കാണ് യൂണിഫോം നല്‍കുക. ഒന്നാം വാല്യ പാഠപുതസ്തകത്തിന്റെ 70 ശതമാനം സൊസൈറ്റിവഴി വിതരണം ചെയ്തതായി അദ്ദേഹം പറഞ്ഞു.

പിഎസ്‌സി അഡൈ്വസ് ലഭിച്ച അധ്യാപകര്‍ക്കും ലാബ് അസിസ്റ്റന്റുമാര്‍ക്കും നിയമന ഉത്തരവ് നല്‍കിയെങ്കിലും സ്‌കൂള്‍ തുറക്കുമ്പോള്‍ അവര്‍ക്ക് ജോലിയില്‍ പ്രവേശിക്കാം. എന്നാല്‍ സ്‌കൂള്‍ എന്നു തുറക്കുമെന്ന് പറയാന്‍ കഴിയാത്ത് സാഹചര്യത്തില്‍ ഇവരുടെ കാര്യം അനുഭാവപൂര്‍വം പരിഗണിക്കാന്‍ മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിച്ചെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *