കോവിഡ് ബാധിക്കുമെന്ന ഭയത്തിന്റെ പേരില്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കാനാകില്ല: സുപ്രീം കോടതി

ന്യൂഡല്‍ഹി: കോവിഡ് ബാധിക്കുമെന്ന ഭയത്തിന്റെ പേരില്‍ ആര്‍ക്കും മുന്‍കൂര്‍ ജാമ്യം അനുവദിക്കാനാകില്ലെന്ന് സുപ്രീം കോടതി. അലഹബാദ് ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ് ചോദ്യംചെയ്ത് യുപി സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ വിധി.

കോവിഡ് മൂലം മരണം സംഭവിച്ചേക്കാമെന്ന ഭയം മുന്‍കൂര്‍ ജാമ്യം ലഭിക്കുന്നതിന് കാരണമാകുന്നില്ലെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. പ്രതീക് ജയിന്‍ എന്ന 130 ഓളം തട്ടിപ്പു കേസുളിലെ പ്രതിയായ വ്യക്തിക്ക് ജാമ്യം അനുവദിച്ചുകൊണ്ടുള്ളതായിരുന്നു അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവ്. ഇതിനെതിരായ ഹര്‍ജിയിലാണ് കോടതിയില്‍ വാദം നടന്നത്.

കോവിഡ് കേസുകള്‍ വര്‍ധിച്ചുവരികയും ജയിലുകള്‍ നിറഞ്ഞിരിക്കുകയും ചെയ്തിരിക്കുന്ന സാഹചര്യത്തില്‍ പ്രതികളുടെ ജീവന്‍ അപകടത്തിലാണെന്നും ഈ സാഹചര്യത്തില്‍ കുറ്റം ചുമത്തപ്പെട്ടവര്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിക്കാവുന്നതാണെന്നും അലഹബാദ് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. മഹാമാരിയുടെ കാലത്ത് അവരെ ജയിലില്‍ പാര്‍പ്പിക്കുന്നത് മരണത്തിനു തന്നെ കാരണമാകാമെന്നും കോടതി ചൂണ്ടിക്കാണിച്ചിരുന്നു.

ഇന്ത്യയില്‍ ജയിലുകള്‍ നിറഞ്ഞുകവിഞ്ഞ അവസ്ഥയിലാണുള്ളതെന്നും ജയില്‍പ്പുള്ളികളുടെയും പോലീസുകാരുടെയും ആരോഗ്യത്തിന് ഭീഷണിയാണെന്നുമുള്ള സുപ്രീം കോടതിയുടെ മുന്‍ നിരീക്ഷണവും ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഈ ഹൈക്കോടതി വിധി ചോദ്യംചെയ്താണ് യുപി സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്. കോവിഡിന്റെ പേരില്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കുന്നത് തെറ്റായ കീഴ്‌വഴക്കം സൃഷ്ടിക്കുമെന്നും മറ്റു കോടതികള്‍ വിധി ആവര്‍ത്തിക്കുമെന്നും യുപി സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

അലഹബാദ് ഹൈക്കോടതിയുടെ ഈ ഉത്തരവ് തള്ളിക്കൊണ്ടാണ് സുപ്രീം കോടതിയുടെ വിധി. മുന്‍കൂര്‍ ജാമ്യം അനുവദിക്കുന്നത് ഒരോ കേസിന്റേയും സവിശേഷതകള്‍ മുന്‍നിര്‍ത്തിയാണ്. അതുകൊണ്ടുതന്നെ അലഹബാദ് ഹൈക്കോടതി വിധി മറ്റു കോടതികള്‍ പ്രമാണവിധിയായി ഉപയോഗിക്കരുതെന്ന് സുപ്രീം കോടതി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *