മന്ത്രിസഭാ സീറ്റ് വിഭജനം പൂര്‍ത്തിയായി; വകുപ്പുകള്‍ മുഖ്യമന്ത്രി തീരുമാനിക്കും

തിരുവനന്തപുരം : രണ്ടാം പിണറായി സര്‍ക്കാരില്‍ മന്ത്രിസഭാ സീറ്റ് വിഭജനം പൂര്‍ത്തിയായി.
21 മന്ത്രിമാരുണ്ടാവും. ഇവരില്‍ 12 പേരും സി പി എമ്മില്‍ നിന്നുളളവരാണ്. ഇന്ന് തിരുവനന്തപുരത്ത് എ കെ ജി സെന്ററില്‍ നടന്ന എല്‍ ഡി എഫ് ചര്‍ച്ചയിലാണ്‌ മന്ത്രിസഭയിലെ ഘടകകക്ഷികളുടെ എണ്ണവും വകുപ്പും സംബന്ധിച്ച്‌  തീരുമാനം എടുത്തത്‌.

സിപിഎം മന്ത്രിമാരുടെ പട്ടികയില്‍ കെ.എന്‍. ബാലഗോപാല്‍, വി.എന്‍. വാസവന്‍, സജി ചെറിയാന്‍, വി. ശിവന്‍കുട്ടി, വീണാ ജോര്‍ജ്, പി. രാജീവ്, എം.ബി. രാജേഷ്, കെ. രാധാകൃഷ്ണന്‍, പി. നന്ദകുമാര്‍, എം.വി. ഗോവിന്ദന്‍, മുഹമ്മദ് റിയാസ്‌ എന്നിവര്‍  മന്ത്രിമാരുടെ സാദ്ധ്യതാ പട്ടികയിലുണ്ടെന്നാണ് ലഭിക്കുന്ന വിവരം.

ചില പേരുകളില്‍ മാറ്റം വരാനും സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുണ്ട്. നാളെ ചേരുന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം അന്തിമ തീരുമാനം എടുക്കും.

അതാത് പാര്‍ട്ടിയാണ് ആരെ മന്ത്രിയാക്കണമെന്ന് ഇനി തീരുമാനിക്കുക.  മന്ത്രിമാരുടെ വകുപ്പുകള്‍ തീരുമാനിക്കാന്‍ മുഖ്യമന്ത്രിയെ യോഗം ചുമതലപ്പെടുത്തിയെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ. വിജയരാഘവന്‍ അറിയിച്ചു.

നാളെ നടക്കുന്ന എല്‍ഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാവും നിയമസഭാ കക്ഷി നേതാവിനെ തീരുമാനിക്കുക. ഇന്നത്തെ ചര്‍ച്ചയിലുണ്ടായ ധരണയനുസരിച്ച്‌ മന്ത്രിസഭയില്‍ സി പി എം 12, സി പി ഐ 4, ജനതാദള്‍ എസ്, കേരള കോണ്‍ഗ്രസ് എം, എന്‍ സി പി എന്നീ പാര്‍ട്ടികള്‍ക്ക് ഓരോ മന്ത്രിമാരെ വീതം ലഭിക്കും. ഇതു കൂടാതെ ബാക്കി വരുന്ന 2 മന്ത്രി സ്ഥാനങ്ങള്‍ ജനാധിപത്യ കേരളകോണ്‍ഗ്രസ്, ഐഎന്‍എല്‍, കേരള കോണ്‍ഗ്രസ് ബി, കേരള കോണ്‍ഗ്രസ് എസ് എന്നീ പാര്‍ട്ടികള്‍ക്കായി നല്‍കും. രണ്ടര വര്‍ഷം വീതമാവും ഓരോ പാര്‍ട്ടിക്കും മന്ത്രിമാരെ ലഭിക്കുക.

മന്ത്രി സ്ഥാനങ്ങള്‍ക്കു പുറമേ സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍, ചീഫ് വിപ്പ് തുടങ്ങിയ സ്ഥാനങ്ങളിലും തീരുമാനമായിട്ടുണ്ട്. മുന്‍ സര്‍ക്കാരിലേതു പോലെ സ്പീക്കര്‍ സ്ഥാനം സി പി എമ്മും, ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം സി പി ഐയും സ്വന്തമാക്കിയപ്പോള്‍ ചീഫ് വിപ്പ് സ്ഥാനം കേരള കോണ്‍ഗ്രസിന് നല്‍കും. സമാധാനപരമായി സ്ഥാനങ്ങളെല്ലാം വിഭജിച്ച്‌ നല്‍കിയതിനാല്‍  ഇടതുമുന്നണി യോഗം കേക്കു മുറിച്ചാണ് സന്തോഷം പങ്കുവച്ചത്.

 

Leave a Reply

Your email address will not be published. Required fields are marked *