തമിഴ്‌നാട്ടില്‍ നിന്ന് കടത്തിയ 35 ലിറ്റര്‍ വിദേശ മദ്യം പിടികൂടി ; ആറുപേര്‍ അറസ്റ്റില്‍

വെള്ളറട : തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിലേക്ക് കടത്താന്‍ ശ്രമിച്ച 35 ലിറ്റര്‍ വിദേശമദ്യം പിടികൂടി. സംഭവത്തില്‍ ആറുപേരെയാണ് ആന്റി നര്‍ക്കോട്ടിക് സ്‌ക്വാഡ് പിടികൂടിയത് . മൂന്നിടത്ത് നടത്തിയ പരിശോധനയിലാണ് ബൈക്കുകളില്‍ കടത്താന്‍ ശ്രമിച്ച 180 മില്ലീ ലിറ്ററിന്റെ 185 കുപ്പി വിദേശമദ്യം പൊക്കിയത് .

കാരക്കോണത്തിനു സമീപം നടത്തിയ ആദ്യ പരിശോധനയിലാണ് വെള്ളനാട് കളക്കോട്‌ പഴയവീട് മുറിയില്‍ അനീഷ് (26), ചാങ്ങ ലിജി ഭവനില്‍ കിരണ്‍കുമാര്‍(40) എന്നിവര്‍ പിടിയിലായത്. ഇവരുടെ പക്കല്‍നിന്ന് 81 കുപ്പി വിദേശമദ്യം പിടികൂടി. രണ്ടാമത്തെ പരിശോധനയിലാണ് ഇരുമ്ബില്‍ തെക്കേമൂല വീട്ടില്‍ സജീവ്‌ (28) ,നെയ്യാറ്റിന്‍കര അഴകിയ തോട്ടത്തില്‍ വീട്ടില്‍ സുരേഷ് (37),എന്നിവര്‍ അറസ്റ്റിലായത്. ഇവരുടെ പക്കല്‍നിന്ന്‌ 61 കുപ്പി വിദേശമദ്യം കണ്ടെടുത്തു.

50 കുപ്പി മദ്യവുമായി എത്തിയ മൂവോട്ടുകോണം വേളാമ്ബാറ പുത്തന്‍ വീട്ടില്‍ ജനീഷും (27), വാഴിച്ചല്‍ പുറുത്തിപ്പാറ തിരുവോണം വീട്ടില്‍ അമലും (21) കാരക്കോണം ജങ്ഷനില്‍വെച്ചാണ് വലയിലായത്. ആന്റി നര്‍ക്കോട്ടിക് സ്‌ക്വാഡ് എസ്.ഷിബുകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയ പ്രതികളെ പിന്നീട് വെള്ളറട പോലീസിനു കൈമാറി. തിങ്കളാഴ്ച മുതല്‍ 24 വരെ തമിഴ്‌നാട്ടില്‍ ലോക്‌ഡൗണ്‍ പ്രഖ്യാപിച്ചിട്ടുള്ളതിനാല്‍ അതിര്‍ത്തിയിലെ ടാസ്‌മാക്കുകളില്‍ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *