കോവിഡ്​ മരുന്നുകളുടെ നികുതി ഒഴിവാക്കണമെന്ന്​ മമത ബാനര്‍ജി

കൊല്‍ക്കത്ത: കോവിഡിനെ പ്രതിരോധിക്കാന്‍ ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ക്കും മരുന്നുകള്‍ക്കും എല്ലാവിധ നികുതികളും കസ്റ്റംസ് തീരുവയും ഒഴിവാക്കണമെന്ന്​ അഭ്യര്‍ത്ഥിച്ച്‌ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി. ആരോഗ്യ മേഖലയിലെ സൗകര്യങ്ങള്‍ വിപുലീകരിക്കാനും കോവിഡ്​ ചികിത്സക്കായി ഉപയോഗിക്കുന്ന ഉപകരണങ്ങള്‍, മരുന്നുകള്‍, ഓക്സിജന്‍ എന്നിവയുടെ വിതരണം വര്‍ധിപ്പിക്കാനും മമത കത്തില്‍ അഭ്യര്‍ഥിച്ചു.

‘ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍, സിലിണ്ടറുകള്‍, ക്രയോജനിക് സ്റ്റോറേജ് ടാങ്കുകള്‍, ടാങ്കറുകള്‍, കോവിഡുമായി ബന്ധപ്പെട്ട മരുന്നുകള്‍ എന്നിവ സംഭാവന ചെയ്യാന്‍ ധാരാളം സംഘടനകളും വ്യക്തികളും ഏജന്‍സികളും മുന്നോട്ടുവരുന്നുണ്ട്. ഈ സംഘടനകളുടെ സംഭാവനകള്‍ കോവിഡിനെതിരായ പോരാട്ടത്തില്‍ സര്‍ക്കാറിന്​ വലിയ സഹായമാണ്​ നല്‍കുക.

എന്നാല്‍ കസ്റ്റംസ് ഡ്യൂട്ടി, ജി.എസ്​.ടി തുടങ്ങിയവയില്‍നിന്ന് ഈ ഇനങ്ങള്‍ ഒഴിവാക്കുന്നത് പരിഗണിക്കാന്‍ നിരവധി ദാതാക്കളും ഏജന്‍സികളും സംസ്ഥാന സര്‍ക്കാറിനെ സമീപിച്ചിട്ടുണ്ട്​. നിരക്ക് ഘടന കേന്ദ്രസര്‍ക്കാറി​െന്‍റ പരിധിയില്‍ വരുന്നതിനാല്‍, മുകളില്‍ പറഞ്ഞ മരുന്നുകളുടെയും ഉപകരണങ്ങളുടെയും വിതരണ തടസ്സങ്ങളും നികുതിയും ഒഴിവാക്കണം. എന്നാല്‍ മാത്രമേ കോവിഡ്​ മഹാമാരിയെ ഫലപ്രദമായി പ്രതിരോധിക്കാന്‍ സാധിക്കൂ’ -കത്തില്‍ മമത അഭ്യര്‍ഥിച്ചു.

കഴിഞ്ഞദിവസം കേന്ദ്രത്തിന്​ അയച്ച മറ്റൊരു കത്തില്‍ എല്ലാവര്‍ക്കും സൗജന്യമായി കോവിഡ്​ വാക്സിനേഷന്‍ അനുവദിക്കണമെന്ന് മമത ആവശ്യപ്പെട്ടിരുന്നു. പശ്ചിമ ബംഗാളില്‍ ഓക്‌സിജ​െന്‍റ ആവശ്യം വര്‍ധിക്കുമ്ബോഴും കേന്ദ്ര സര്‍ക്കാര്‍ ഓക്‌സിജന്‍ മറ്റു സംസ്ഥാനങ്ങളിലേക്ക് വഴിതിരിച്ച്‌ വിടുകയാണെന്നും ഇവര്‍ ആരോപിച്ചിരുന്നു.

‘ബംഗാളിന് കൂടുതല്‍ ഓക്‌സിജന്‍ അനുവദിക്കണം. ഇതിന് ആവശ്യമുള്ള നടപടികള്‍ സ്വീകരിക്കണം. ഒരാഴ്ചയിലേറെയായി ബംഗാളിലെ മെഡിക്കല്‍ ഓക്‌സിജന്‍ ഉപയോഗം ദിനംപ്രതി 470 മെട്രിക് ടണ്ണില്‍നിന്നും 550 മെട്രിക് ടണ്‍ ആയി ഉയര്‍ന്നിട്ടുണ്ട്. കൂടുതല്‍ ഓക്‌സിജന്‍ വേണമെന്ന് നേരത്തെ തന്നെ കേന്ദ്ര സര്‍ക്കാറിനെ അറിയിച്ചിരുന്നതാണ്’ -മമത കത്തില്‍ ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *