പ്രതിഷേധം ശക്തമാകുന്നു; റാന്നി പൊലീസ് സ്റ്റേഷന്‍ ശബരിമല കര്‍മസമിതി പ്രവര്‍ത്തകര്‍ വളഞ്ഞു

പമ്പ: ഹിന്ദു ഐക്യവേദി നേതാവ് കെ.പി.ശശികലയെ അറസ്റ്റു ചെയ്തതിനെതിരെയുള്ള പ്രതിഷേധം ശക്തമാകുന്നു. നിലവില്‍ ശശികലയെ റാന്നി പൊലീസ് സ്റ്റേഷനില്‍ എത്തിച്ചിരിക്കുകയാണ്. സ്റ്റേഷന്‍ രണ്ടായിരത്തിലധം ശബരിമല കര്‍മസമിതി പ്രവര്‍ത്തകര്‍ വളഞ്ഞു.

ശശികലയെ പൊലീസ് സന്നിധാനത്ത് എത്തിച്ച് തൊഴാന്‍ സാഹചര്യം ഒരുക്കണമെന്നാണ് ആവശ്യം. അന്യായമായി അറസ്റ്റു ചെയ്ത പൊലീസുദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കണമെന്നും സമരക്കാര്‍ ആവശ്യപ്പെടുന്നു. അതേസമയം, സ്റ്റേഷനിലെത്തിച്ച ശശികല ഇവിടെ ഉപവാസം തുടരുകയാണ്. സന്നിധാനത്ത് പ്രശ്‌നമുണ്ടാകുന്നതിനുള്ള സാധ്യത കണക്കിലെടുത്ത് കരുതല്‍ തടങ്കലായിട്ടാണ് ശശികലയടക്കമുള്ള നേതാക്കളെ അറസ്റ്റു ചെയ്തത്. ശബരിമല ആചാര സംരക്ഷണ സമിതി കണ്‍വീനര്‍ പൃഥ്വിപാല്‍, ബിജെപി നേതാവ് പി.സുധീര്‍ എന്നിവരും പൊലീസ് കസ്റ്റഡിയിലാണ്.
അതേസമയം, ശബരിമല യുവതീപ്രവേശ വിധി നടപ്പാക്കുന്ന കാര്യത്തില്‍ സുപ്രീം കോടതിയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഇന്നുതന്നെ സാവകാശ ഹര്‍ജി നല്‍കും. പ്രളയത്തില്‍ തകര്‍ന്ന പമ്പയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാനുണ്ടെന്നും കൂടുതല്‍ ആളുകളെത്തിയാല്‍ ബുദ്ധിമുട്ടാകുമെന്നും ചൂണ്ടിക്കാട്ടിയാകും ഹര്‍ജിയെന്നു പ്രസിഡന്റ് എ. പത്മകുമാര്‍ അറിയിച്ചു. ബോര്‍ഡ് യോഗത്തിനിടെ ഇക്കാര്യങ്ങള്‍ മുഖ്യമന്ത്രിയെയും ദേവസ്വം മന്ത്രിയെയും ധരിപ്പിച്ച് അനുമതി വാങ്ങി. പിന്നീട് ഹൈക്കോടതിയിലെയും സുപ്രീം കോടതിയിലെയും മുതിര്‍ന്ന അഭിഭാഷകരോടു ചര്‍ച്ച ചെയ്താണ് അന്തിമ തീരുമാനത്തിലെത്തിയത്. ബോര്‍ഡിനുവേണ്ടി ചന്ദ്ര ഉദയസിങ് ആകും ഹാജരാകുക

Leave a Reply

Your email address will not be published. Required fields are marked *