വോട്ടെണ്ണുമ്പോള്‍ ജനം യു.ഡി.എഫിനൊപ്പമാണെന്ന് മനസിലാകും: രമേശ് ചെന്നിത്തല

തിരുവനന്തപുരം: എക്‌സിറ്റ്പോള്‍ സര്‍വേകള്‍ തട്ടിക്കൂട്ടാണെന്നും  വോട്ടെണ്ണുമ്പോള്‍
ജനം യു.ഡി.എഫിനൊപ്പമാണെന്ന് മനസിലാകുമെന്നും പ്രതിപക്ഷനേതാവ്​ രമേശ്​ ചെന്നിത്തല. ചില മാധ്യമങ്ങളും മാധ്യമപ്രവര്‍ത്തകരും യു.ഡി.എഫ്​ മുന്നേറ്റത്തെ തകര്‍ക്കാന്‍ ശ്രമിച്ചു. എന്നാല്‍, ജനാഭിലാഷം അനുസരിച്ച്‌​ യു.ഡി.എഫ് സര്‍ക്കാര്‍ രൂപവത്​കരിക്കുമെന്നും അദ്ദേഹം ഫേസ്​ബുക്​ കുറിപ്പില്‍ അവകാശപ്പെട്ടു.

തെരഞ്ഞെടുപ്പ് ഫലം വരുമ്ബോള്‍ അഭിപ്രായ സര്‍വേകള്‍ തെറ്റിപ്പോകുന്നത് കേരള ജനത കാലാകാലങ്ങളായി കാണുന്ന കാഴ്ചയാണ്. യു.ഡി.എഫിന്‍റെ മുന്നേറ്റത്തെ തടയാനും തകര്‍ക്കാനും തികച്ചും ആസൂത്രിതമായ നീക്കമുണ്ടായിരുന്നു. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനു മുന്‍പേ ഈ നീക്കം ആരംഭിച്ചിരുന്നു. ചില മാധ്യമങ്ങളും മാധ്യമപ്രവര്‍ത്തകരുമായിരുന്നു ഇതിന് പിന്നില്‍. വോട്ടെടുപ്പിന് മുന്നോടിയായുള്ള അഭിപ്രായ സര്‍വേകളിലും യു.ഡി.എഫിനെ താഴ്ത്തിക്കാട്ടാനാണ് ശ്രമിച്ചത്. ഇതിന്‍റെയൊക്കെ തുടര്‍ച്ചയാണ് എക്‌സിറ്റ്പോള്‍ സര്‍വേകളും.

ശാസ്ത്രീയ അടിത്തറയോ സത്യസന്ധമായ രാഷ്ട്രീയ നിഗമനങ്ങളോ ഇല്ലാത്ത തട്ടിക്കൂട്ട് സര്‍വേകളില്‍ വിശ്വാസമില്ല. ഒരു ചാനലില്‍ ജയിക്കുമെന്ന് പറയുന്ന മണ്ഡലങ്ങളില്‍ മറ്റൊരു ചാനലില്‍ തോല്‍ക്കുമെന്ന് വിലയിരുത്തുന്നു. ജനം ഇതൊന്നും ഗൗരവത്തിലെടുക്കില്ല.

രണ്ട് ലക്ഷം വോട്ടര്‍മാരുള്ള മണ്ഡലത്തില്‍ ഇരുന്നൂറ്‌ പേരോട് ഫോണ്‍ വിളിച്ചു ചോദിച്ചു തയാറാക്കുന്ന സര്‍വേകളില്‍ മണ്ഡലത്തിന്‍റെ ജനവികാരം എങ്ങനെ പ്രകടമാകാനാണ്‌? നാളെ വോട്ടെണ്ണുമ്ബോള്‍ ജനം യു.ഡി.എഫിനൊപ്പമാണെന്ന് മനസിലാകും. ജനാഭിലാഷം അനുസരിച്ചു യു.ഡി.എഫ് സര്‍ക്കാര്‍ രൂപീകരിക്കുകയും ചെയ്യും.

വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളും കൗണ്ടിങ് ഏജന്‍റുമാരും ജാഗ്രതയോടെ മുഴുവന്‍ സമയവും ഉണ്ടാകണം. തിരിമറി സാധ്യതകള്‍ തടയാന്‍ ജാഗ്രത അനിവാര്യമാണ്.

സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആവശ്യമായ ഭൂരിപക്ഷം ജനം യു.ഡി.എഫിന് സമ്മാനിക്കുമെന്ന് ഉറപ്പാണ്. യു.ഡി.എഫിനെതിരായ ഈ നീക്കങ്ങളെയെല്ലാം നാം ഒറ്റക്കെട്ടായി അതിജീവിക്കും. നമ്മള്‍ ജയിക്കും -അദ്ദേഹം ഫേസ്​ബുക്​ കുറിപ്പില്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *