കോവിഡ് വ്യാപനം: ഭൗതിക സാഹചര്യങ്ങള്‍ വിപുലമാക്കി ജില്ലാഭരണകൂടം

തിരുവനന്തപുരം: കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഭൗതിക സാഹചര്യങ്ങള്‍ വിപുലമാക്കി ജില്ലാ ഭരണകൂടം. 37 ഡൊമിസിലറി കെയര്‍ സെന്ററുകളും(ഡി.സി.സി) 17 കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളും 16 കോവിഡ് സെക്കന്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളും ഇതിന്റെ ഭാഗമായി ജില്ലയില്‍ സജ്ജീകരിച്ചിട്ടുണ്ട്. രോഗികളുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ ഡി.സി.സികളുടെ എണ്ണവും ജില്ലാ ഭരണകൂടം വര്‍ധിപ്പിച്ചു. ആകെ 2,010 കിടക്കകളാണ് ഡി.സി.സികളിലുള്ളത്. വീട്ടുനിരീക്ഷണത്തില്‍ കഴിയാന്‍ സാധിക്കാത്ത രോഗലക്ഷണമില്ലാത്ത രോഗികളെയാണ് ഡൊമിസിലറി കെയര്‍ സെന്ററുകളില്‍ പ്രവേശിപ്പിക്കുന്നത്.

മിതമായ രോഗലക്ഷണമുള്ള വ്യക്തികളെ ചികിത്സിക്കുന്നതില്‍ പ്രാഥമിക തലത്തിലുള്ള മികച്ച ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങളായി സി.എഫ്.എല്‍.ടി.സികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ആകെ 1,851 കിടക്കകളാണ് ജില്ലയിലെ സി.എഫ്.എല്‍.റ്റി.സികളിലുള്ളത്. രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യമുണ്ടായാല്‍ കൂടുതല്‍ കേന്ദ്രങ്ങളെ സി.എഫ്.എല്‍.റ്റി.സികളാക്കും. ജില്ലയിലെ സി.എഫ്.എല്‍.റ്റി.സികളുടെയും കിടക്കകളുടെയും വിവരം ജില്ലാ പ്രോഗ്രാം മാനേജ്‌മെന്റ് സപ്പോര്‍ട്ട് യൂണിറ്റ് ബന്ധപ്പെട്ട അധികൃതരെ യഥാസമയം അറിയിക്കും. കോവിഡ്-19 ജാഗ്രത പോര്‍ട്ടലില്‍ അപ്‌ഡേറ്റും ചെയ്യും.

കോവിഡ് സെക്കന്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ ആകെ 1,171 കിടക്കകളാണുള്ളത്. ഇതില്‍ 392 കിടക്കകളില്‍ നിലവില്‍ രോഗികളുണ്ട്. പെരിഫറല്‍ സ്ഥാപനങ്ങളില്‍ 149 കിടക്കകള്‍ കണ്ടെത്തിയിട്ടുണ്ട്. നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രി, നെടുമങ്ങാട് ജില്ലാ ആശുപത്രി എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ആയുര്‍വേദ വനിതാ-ശിശു ആശുപത്രിയിലെ 60 കിടക്കകള്‍ വനിതാ കോവിഡ് രോഗികള്‍ക്കും 40 എണ്ണം കോവിഡ് പോസിറ്റീവ് ആന്റിനേറ്റലുകള്‍ക്കുമായി നീക്കിവച്ചിട്ടുണ്ട്. ആരോഗ്യ അത്യാഹിതങ്ങള്‍ സംബന്ധിച്ച് ലഭിക്കുന്ന ഫോണ്‍ കോളുകള്‍ ജില്ലാ പ്രോഗ്രാം മാനേജ്‌മെന്റ് സപ്പോര്‍ട്ട് യൂണിറ്റ് സെല്‍ കൈകാര്യം ചെയ്യും.

കോവിഡ്-19 ചികിത്സയ്ക്കായി ജനറല്‍ ആശുപത്രിയിലെ 225 കിടക്കകള്‍ നീക്കിവെച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ 80 കിടക്കകള്‍ കൂടി സജ്ജമാക്കും. നിലവില്‍ 70 മുതല്‍ 75 കിടക്കകള്‍ ഓക്‌സിജന്‍ സൗകര്യമുള്ളതാണ്. എല്ലാ കോവിഡ് കിടക്കകളും പൂര്‍ണമായും ഓക്‌സിജന്‍ സജ്ജമാക്കുന്നതിനുള്ള നടപടികള്‍ ഇവിടെ നടന്നുവരുന്നു. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 736 കിടക്കകളാണ് കോവിഡ് രോഗികള്‍ക്കായുള്ളത്. വരും ദിവസങ്ങളില്‍ ഇത് ആയിരമായി ഉയര്‍ത്തും. ഒന്നാം വാര്‍ഡ് സജീവമാകുന്ന മുറയ്ക്ക് ഓക്‌സിജനേറ്റഡ് കിടക്കകളുടെ എണ്ണം 347 ല്‍ നിന്നും 407 ആയി ഉയര്‍ത്താന്‍ സാധിക്കും. ജില്ലയില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി പുരോഗമിക്കുകയാണെന്നും ഓക്‌സിജന്‍ ക്ഷാമമില്ലെന്നും മതിയായ ജീവനക്കാരുണ്ടെന്നും ജില്ലാ കളക്ടര്‍ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *