പ്രധാനമന്ത്രി നരേന്ദ്രമോദി അനില്‍ അംബാനിയുടെ കാവല്‍ക്കാരനെന്ന് രാഹുല്‍ ഗാന്ധി

റായ്പൂര്‍: പ്രധാനമന്ത്രി നരേന്ദ്രമോദി അനില്‍ അംബാനിയുടെ കാവല്‍ക്കാരനെന്ന് കോണ്‍ഗ്രസ് അധ്യക്ഷര്‍ രാഹുല്‍  ഗാന്ധി. ഛത്തീസ്ഗഡ് തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട പ്രചാരണ പരിപാടികളില്‍ സംസാരിക്കുകയായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍.രാജ്യത്തിന്റെ കാവല്‍ക്കാരനാകുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ മോദി അനില്‍ അംബാനിയുടെ കാവല്‍ക്കാരനായി കോടിക്കണക്കിനു ജനങ്ങളെ ബാങ്കുകള്‍ക്കു മുന്നില്‍ ക്യൂ നിര്‍ത്തി. റഫാല്‍ ഇടപാടില്‍ 30,000 കോടിയാണ് അംബാനിക്കു നല്‍കിയത്. ഇതാണ് കാവല്‍ക്കാരന്റെ സത്യം രാഹുല്‍ പരിഹസിച്ചു.

മോദിക്ക് ധാര്‍ഷ്ട്യമാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. സാധാരണക്കാരന്റെ വിയര്‍പ്പും രക്തവും കൊണ്ടാണു രാജ്യം വളര്‍ന്നത്. പ്രധാനമന്ത്രി ഇതു കാണുന്നില്ല. ഒരാളെയോ ഒരു പാര്‍ട്ടിയെയോ കൊണ്ടു രാജ്യത്തെ മുന്നോട്ടുകൊണ്ടുപോകാനാകില്ലെന്നും രാഹുല്‍ വിമര്‍ശനം ഉന്നയിച്ചു. 2014ല്‍ മോദി പ്രധാനമന്ത്രിയാകുന്നതിനു മുന്‍പ് ആന (ഇന്ത്യ) ഉറങ്ങുകയാണെന്നായിരുന്നു മോദി പ്രസംഗിച്ചത്. രാജ്യത്തെ ജനത്തെയാണ് അദ്ദേഹം അപമാനിച്ചത്. ഭിലായ് സ്റ്റീല്‍ പ്ലാന്റില്‍ 1955 മുതല്‍ ജോലി ചെയ്യുന്ന തൊഴിലാളികളെ കൂടിയാണ് മോദി അപമാനിച്ചത്. രണ്ട് ഇന്ത്യകളാണു നിലവില്‍ ഉള്ളതെന്നും രാഹുല്‍ അവകാശപ്പെട്ടു. അനില്‍ അംബാനി, മെഹുല്‍ ചോക്‌സി, നീരവ് മോദി, വിജയ് മല്യ തുടങ്ങിയ സമ്പന്നരുടെ ഇന്ത്യയും കര്‍ഷകരും തൊഴിലാളികളും ജീവിക്കുന്ന സാധാരണക്കാരുടെ ഇന്ത്യയും. നമുക്കിത് വേണ്ട, നമുക്ക് ഒരു ത്രിവര്‍ണ പതാകയുണ്ട്. രാജ്യവും ഒന്നാകണം- ഭിലായിയില്‍ രാഹുല്‍ പറഞ്ഞു.
സമ്പന്നര്‍ക്കു ലഭിക്കുന്ന ആനുകൂല്യങ്ങളെല്ലാം സാധാരണക്കാര്‍ക്കും കിട്ടണം. കര്‍ഷകരുടെ വായ്പകള്‍ എഴുതി തള്ളില്ലെങ്കില്‍ സമ്പന്നര്‍ക്കു വേണ്ടിയും അതു ചെയ്യരുത്. അടുത്ത തവണ പ്രധാനമന്ത്രി എത്തുമ്പോള്‍ ഇക്കാര്യങ്ങളെല്ലാം അദ്ദേഹത്തോടു ചോദിക്കണം. 2014ല്‍ നല്‍കിയ വാഗ്ദാനങ്ങള്‍ എന്തുകൊണ്ടു നടപ്പാക്കിയില്ലെന്ന് ചോദിക്കണം. 15 ലക്ഷം രൂപ നിങ്ങളുടെ ബാങ്ക് അക്കൗണ്ടുകളില്‍ നല്‍കുമെന്നു പറഞ്ഞിരുന്നു. രണ്ട് കോടി ജനങ്ങള്‍ക്കു തൊഴില്‍ നല്‍കുമെന്നു പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *