വാക്‌സിന്‍ നയത്തിനെതിരെ 28ന് ഇടതു മുന്നണിയുടെ പ്രത്യക്ഷ സമരം

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ പുതിയ വാക്‌സിന്‍ നയത്തിനെതിരെ  പ്രത്യക്ഷ സമരത്തിലേക്ക് നിങ്ങാനാണ് എല്‍.ഡി.എഫിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി 28 ന് എല്‍.ഡി.എഫ് നേതാക്കളും പ്രവര്‍ത്തകരും വീട്ടില്‍ സമരം ഇരിക്കും.

24 ന് ഡി വൈ എഫ് ഐ പോസ്റ്റര്‍ പ്രതിഷേധം സംഘടിപ്പിക്കുന്നുണ്ട്. മരണസംഖ്യ പിടിച്ച്‌ നിര്‍ത്തുവാനുള്ള ഏകവഴി വാക്‌സിനേഷനാണ്. അത് സൗജന്യവും സാര്‍വത്രികമാക്കുന്നതിന് പകരം മരുന്ന് കമ്ബനികളുടെ കൊള്ളയ്ക്ക് ജനങ്ങളെ എറിഞ്ഞു കൊടുക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നതെന്നാണ് ഡി വൈ എഫ് ഐയുടെ ആരോപണം.

അതേസമയം സംസ്ഥാന സര്‍ക്കാര്‍ കൊവിഡ് വാക്‌സിന്‍ സ്വന്തമായി വാങ്ങാന്‍ തീരുമാനിച്ചതിന് പിന്നാലെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവനയുടെ ഒഴുക്ക് വര്‍ദ്ധിച്ചു.

രണ്ട് ദിവസത്തിനുള്ളില്‍ ഒരു കോടിയോളം രൂപയാണ് ജനങ്ങള്‍ സംഭാവന ചെയ്തത്. സര്‍ക്കാരിന്റേതായ യാതൊരു ഔദ്യോഗിക പ്രഖ്യാപനവുമില്ലാതെയാണ് സാമൂഹിക മാദ്ധ്യമങ്ങളിലൂടെ വന്ന കാമ്ബയിന്‍ ജനങ്ങള്‍ ഏറ്റെടുത്തത്. വാക്‌സിന്‍ സ്വന്തമായി പണം മുടക്കി വാങ്ങണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രം നിര്‍ദ്ദേശിച്ചതിന് പിന്നാലെയാണ് എന്തു വന്നാലും കേരളത്തില്‍ വാക്‌സിന്‍ സൗജന്യമായിരിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനമെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *