എറണാകുളത്ത് 98 വാര്‍ഡുകള്‍ കൂടി കണ്ടെയ്ന്‍മെന്റ് സോണ്‍

കൊച്ചി: കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന എറണാകുളം ജില്ലയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 98 വാര്‍ഡുകള്‍ കൂടി കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചു. മുഴുവന്‍ വാര്‍ഡുകളും കണ്ടെയന്‍മെന്റ് സോണുകളായ വരാപ്പുഴ പഞ്ചായത്ത് പൂര്‍ണ്ണമായി അടച്ചിടും. കണ്ടെയ്ന്‍മെന്റ് സോണുകളിലെ കര്‍ശന നിയന്ത്രണങ്ങള്‍ നാളെ വൈകിട്ട ആറു മുതല്‍ ഈ വാര്‍ഡുകളില്‍ നിലവില്‍ വരും.

കണ്ടെയ്ന്‍മെന്റ് സോണുകളില്‍ പുറത്തു നിന്ന് ജോലിക്കെത്തുന്നവര്‍ കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച്‌ ജോലി ചെയ്യുന്നുവെന്ന് തൊഴിലുടമ ഉറപ്പാക്കണം. വ്യവസായ സ്ഥാപനങ്ങളില്‍ തന്നെ തൊഴിലാളികള്‍ക്ക് ഭക്ഷണമടക്കമുള്ള സൗകര്യങ്ങള്‍ ഒരുക്കണമെന്നും കലക്ടര്‍ നിര്‍ദേശിച്ചു.സിഎഫ്‌എല്‍ടിസിയായി പ്രവര്‍ത്തിക്കുന്നതിന് സ്ഥാപനങ്ങള്‍ വിട്ടു നല്‍കിയില്ലെങ്കില്‍ ദുരന്ത നിവാരണ നിയമപ്രകാരം ഏറ്റെടുക്കുമെന്ന് കലക്ടര്‍ എസ് സുഹാസ് അറിയിച്ചു. പ്ലസ് ടു പരീക്ഷ ആരംഭിക്കുന്ന സാഹചര്യത്തില്‍ കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നുണ്ടെന്ന ഉറപ്പാക്കാന്‍ കലക്ടര്‍ നിര്‍ദേശം നല്‍കി.

കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കാതെ കച്ചവടം നടത്തുന്ന വഴിയോര കച്ചവടക്കാരെ നിയന്ത്രിക്കും. ഇതിനായി പോലിസിന്റെ പരിശോധന കര്‍ശനമാക്കും. ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ പരിഭ്രാന്തി പരത്തുന്നതിന് ചിലര്‍ വ്യാജ പ്രചാരണം നടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന കലക്ടര്‍ യോഗത്തില്‍ അറിയിച്ചു. ഇതിനെതിരേയും കര്‍ശന നടപടിയുണ്ടാകും. ഇതര സംസ്ഥാന തൊഴിലാളികളുടെ സംശയങ്ങള്‍ ദുരീകരിക്കുന്നതിനായി വിവിധ ഭാഷകള്‍ സംസാരിക്കുന്ന സംഘത്തെ ഉള്‍പ്പെടുത്തി ലേബര്‍ ഓഫീസറുടെ നേതൃത്വത്തില്‍ കണ്‍ട്രോള്‍ റൂം ഉടന്‍ തുറക്കുമെന്നും കലക്ടര്‍ എസ് സുഹാസ് അറിയിച്ചു.

കൊച്ചി മേയര്‍ അഡ്വ.എം അനില്‍കുമാര്‍, ജില്ലാ പഞ്ചായത്ത പ്രസിഡന്റ് ഉല്ലാസ് തോമസ്, സിറ്റി പോലീസ് കമ്മീഷണര്‍ എച്ച്‌ നാഗരാജു, ആലുവ റൂറല്‍ എസ്പി കെ കാര്‍ത്തിക്, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ എസ് ഷാജഹാന്‍, ഡിഎംഒ ഡോ. എന്‍ കെ കുട്ടപ്പന്‍, ജില്ലാ സര്‍വെയ്ലന്‍സ് ഓഫീസര്‍ ഡോ. എസ് ശ്രീദേവി യോഗത്തില്‍ പങ്കെടുത്തു. കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിലെ 113 വാര്‍ഡുകള്‍ ഇന്നലെ കണ്ടെയ്ന്‍മെന്റ് സോണ്‍ ആക്കി പ്രഖ്യാപിച്ചിരുന്നു. കൊച്ചി കോര്‍പ്പറേഷനിലെ 8, 22, 27, 26, 60 എന്നീ അഞ്ച് ഡിവിഷനുകളും ഇന്നലെ കണ്ടെയ്ന്‍മെന്റ് സോണാക്കിയിരുന്നു.കൂടാതെ മുഴുവന്‍ വാര്‍ഡുകളും കണ്ടെയ്ന്‍മെന്റ് സോണുകളായ എടത്തല, വെങ്ങോല, മഴുവന്നൂര്‍ പഞ്ചായത്തുകള്‍ അടച്ചിടുമെന്ന് പ്രഖ്യാപിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *