ശബരിമല: സര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗം ഇന്ന് രാവിലെ 11ന്

തിരുവനന്തപുരം: ശബരിമലയിലെ യുവതീപ്രവേശത്തില്‍ പുനഃപരിശോധന ഹര്‍ജികള്‍ മാറ്റിയതിനു പിന്നാലെ സംസ്ഥാന സര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗം ഇന്ന് രാവിലെ 11ന് മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.

സര്‍ക്കാര്‍ മുന്‍ നിലപാടില്‍ നിന്നു വിട്ടുവീഴ്ച ചെയ്യുമോയെന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. സര്‍വകക്ഷിയോഗം വിളിക്കാന്‍ മുഖ്യമന്ത്രി തീരുമാനിച്ചത് സര്‍ക്കാര്‍ അയയുന്നതിന്റെ സൂചനയായിട്ടാണു വിലയിരുത്തുന്നത്. സര്‍ക്കാര്‍ സംഘര്‍ഷം ആഗ്രഹിക്കുന്നില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഒത്തുതീര്‍പ്പുനീക്കങ്ങള്‍ക്കു പ്രാധാന്യം നല്‍കുമെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രനും വ്യക്തമാക്കുകയും ചെയ്തിരുന്നു.

സമീപനത്തില്‍ അയവില്ലെങ്കില്‍ പ്രതിപക്ഷം സര്‍വകക്ഷിയോഗം ബഹിഷ്‌കരിക്കാനുള്ള സാധ്യതയുമുണ്ട്. തന്ത്രികുടുംബം, പന്തളം കൊട്ടാരം പ്രതിനിധികള്‍ എന്നിവരുമായും മുഖ്യമന്ത്രി ഇന്ന് ചര്‍ച്ച നടത്തും. സര്‍ക്കാര്‍ മുന്‍പ് ശ്രമിച്ചിട്ടും നടക്കാതെ പോയ നിര്‍ണായക കൂടിക്കാഴ്ചയാണ് ഇന്നു വൈകിട്ട് 3നു മുഖ്യമന്ത്രിയുടെ ചേംബറില്‍ നടക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *