അംഗീകാരമില്ലാത്ത സ്‌കൂളുകൾ അടയ്ക്കാൻ ബാലാവകാശ സംരക്ഷണ കമ്മീഷൻ ഉത്തരവ്

തിരുവനന്തപുരം: സംസ്ഥാനത്ത് അംഗീകാരമില്ലാതെ പ്രവർത്തിക്കുന്ന എല്ലാ സ്‌കൂളുകളും അടച്ചുപൂട്ടണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ ഉത്തരവിട്ടു.

സംസ്ഥാന സർക്കാരിന്റെയോ, സി.ബി.എസ്.സി, ഐ.സി.എസ്.സി തുടങ്ങിയ കേന്ദ്ര പരീക്ഷാ ബോർഡുകളുടെയോ, അംഗീകാരമില്ലാതെ പ്രവർത്തിക്കുന്ന സ്‌കൂളുകൾക്കാണ് ഉത്തരവ് ബാധകം. സുരക്ഷാ ക്രമീകരണങ്ങളോ അടിസ്ഥാന സൗകര്യങ്ങളോ ഇല്ലാതെയും ചിലയിടങ്ങളിൽ എയ്ഡഡ് സ്‌കൂളുകളോട് ചേർന്നും അംഗീകാരമില്ലാത്ത സ്‌കൂളുകൾ പ്രവർത്തിക്കുന്നതായുള്ള പരാതികളെ തുടർന്നാണ് കമ്മീഷൻ ഉത്തരവ്. കമ്മീഷൻ അംഗം റെനി ആന്റണിയുടേതാണ് ഉത്തരവ്.
2021-2022 അധ്യയന വർഷം ഇത്തരത്തിലുള്ള സ്‌കൂളുകൾ പ്രവർത്തിക്കുന്നില്ലെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറും പൊതുവിദ്യാഭ്യാസ സെക്രട്ടറിയും ഉറപ്പ് വരുത്തണം. നിലവിൽ അംഗീകാരമില്ലാത്ത സ്‌കൂളുകളിൽ പഠിക്കുന്ന കുട്ടികൾക്ക് സർക്കാർ എയ്ഡഡ് അംഗീകാരമുള്ള സ്‌കൂളുകളിൽ തുടർപഠനം ലഭ്യമാക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർ നടപടി സ്വീകരിക്കണം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ തങ്ങളുടെ പരിധിയിലെ അംഗീകാരമുള്ള സ്‌കൂളുകളുടെ പട്ടിക തയ്യാറാക്കി നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കണം. ഇത് പൊതുജനങ്ങളുടെ അറിവിലേയ്ക്കായി പത്ര-ദൃശ്യ മാധ്യമങ്ങളിലൂടെ പരസ്യപ്പെടുത്തുകയും വേണം. എയ്ഡഡ് സ്‌കൂളുകളോട് ചേർന്ന് അംഗീകാരമില്ലാത്ത സ്‌കൂളുകൾ പ്രവർത്തിക്കുന്നില്ലെന്ന് പൊതുവിദ്യാഭ്യാസ സെക്രട്ടറിയും, ഡയറക്ടറും ഉറപ്പു വരുത്തണമെന്നും ഉത്തരവിൽ പറയുന്നു. കമ്മീഷന്റെ ഉത്തരവിൻമേൽ സ്വീകരിച്ച നടപടികൾ സംബന്ധിച്ച റിപ്പോർട്ട് 45 ദിവസത്തിനുള്ളിൽ കമ്മീഷന് സമർപ്പിക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *