പ്രചാരണം: കോവിഡ് ജാഗ്രത കര്‍ശനമാക്കണമെന്ന് കളക്ടര്‍

തിരുവനന്തപുരം: ജില്ലയില്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള പ്രചാരണത്തില്‍ എല്ലാവരും നിര്‍ബന്ധമായും മാസ്‌ക് ധരിച്ചിരിക്കണമെന്നു ജില്ലാ കളക്ടര്‍ ഡോ. നവ്‌ജ്യോത് ഖോസ.

സാമൂഹിക അകലം അടക്കമുള്ള കോവിഡ് മാനദണ്ഡങ്ങളും കര്‍ശനമായി പാലിച്ചുവേണം ഇനിയുള്ള ദിവസങ്ങളില്‍ പ്രചാരണമെന്നും കളക്ടര്‍ പറഞ്ഞു. കളക്ടറേറ്റില്‍ വിളിച്ചു ചേര്‍ത്ത രാഷ്ട്രീയ കക്ഷി നേതാക്കളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍.

പ്രചാരണത്തില്‍ ആളുകള്‍ കൂട്ടംകൂടുന്നത് ഒഴിവാക്കണം. കഴിയുന്നതും തുറസായ പ്രദേശങ്ങളില്‍ പരിപാടികള്‍ സംഘടിപ്പിക്കാന്‍ ശ്രമിക്കണം. ചെറിയ ഓഡിറ്റോറിയങ്ങളില്‍ സമ്മേളനങ്ങള്‍ സംഘടിപ്പിക്കുമ്ബോള്‍ ആള്‍ക്കൂട്ടുമുണ്ടാകുന്ന സാഹചര്യം ഒഴിവാക്കാനാണിത്. തെരഞ്ഞെടുപ്പു കമ്മിഷന്‍ നിര്‍ദേശിച്ചിട്ടുള്ള പ്രകാരം സുവിധ ആപ്പ് വഴി അപേക്ഷ നല്‍കി അനുമതി വാങ്ങിയേ പ്രചാരണത്തിനു പൊതുസ്ഥലങ്ങള്‍ ഉപയോഗിക്കാവൂ.

കോവിഡിന്റെ സാഹചര്യത്തില്‍, പ്രചാരണത്തിന്റെ അവസാനദിനം നടത്താറുള്ള കൊട്ടിക്കലാശം ഒഴിവാക്കണം. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളിലും മാസ്‌ക്, സാനിറ്റൈസര്‍, തെര്‍മല്‍ സ്‌ക്രീനിങ് തുടങ്ങിയവ സ്ഥാനാര്‍ഥികളും രാഷ്ട്രീയ കക്ഷികളും ഉറപ്പാക്കണം. പ്രചാരണത്തില്‍ ഹരിത ചട്ടം പാലിക്കുന്നതിലും പ്രത്യേക ശ്രദ്ധവയ്ക്കണമെന്നു കളക്ടര്‍ രാഷ്ട്രീയ കക്ഷികളോട് ആവശ്യപ്പെട്ടു. പ്ലാസ്റ്റിക് പൂര്‍ണമായി ഒഴിവാക്കണമെന്നും കളക്ടര്‍ പറഞ്ഞു.

കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍, ജില്ലയിലെ വിവിധ നിയോജക മണ്ഡലങ്ങളിലേക്കു തെരഞ്ഞെടുപ്പു കമ്മിഷന്‍ നിയോഗിച്ച പൊതു നിരീക്ഷകരായ ചന്ദ്രേഷ് കുമാര്‍ യാദവ്, പര്‍നീത് ഷെര്‍ഗില്‍, എച്ച്‌.കെ. ശര്‍മ, ഡോ. നര്‍നവാരെ മനീഷ് ശങ്കര്‍റാവു, എച്ച്‌. അരുണ്‍ കുമാര്‍, ഡോ. ശുശീല്‍ ശര്‍വന്‍, പൊലീസ് നിരീക്ഷകരായ സുബ്രത ഗംഗോപാധ്യായ, ശൈലേന്ദ്രകുമാര്‍ സിന്‍ഹ, ജില്ലാ വികസന കമ്മിഷണര്‍ ഡോ. വിനയ് ഗോയല്‍, ജില്ലയിലെ വിവിധ രാഷ്ട്രീയ കക്ഷികളുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *