വോട്ട് ചെയ്യാൻ പോളിങ് ബൂത്ത് അറിഞ്ഞിരിക്കണം

വോട്ട് ചെയ്യാൻ പോളിങ് ബൂത്ത് അറിഞ്ഞിരിക്കണം; ഇക്കുറി ജില്ലയിൽ 1,428 അധിക ബൂത്തുകൾ
ജില്ലയിൽ ഈ നിയമസഭാ തെരഞ്ഞെടുപ്പിന് 1,428 അധിക പോളിങ് ബൂത്തുകളുണ്ടാകുമെന്നും അതിനാൽ ജില്ലയിലെ എല്ലാ സമ്മതിദായകരും വോട്ടെടുപ്പിനു മുൻപ് തങ്ങളുടെ പോളിങ് ബൂത്ത് ഏതാണെന്ന് കൃത്യമായി ഉറപ്പാക്കണമെന്നും ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ. കോവിഡിന്റെ പശ്ചാത്തലത്തിൽ ഒരു പോളിങ് ബൂത്തിൽ 1,000 സമ്മതിദായകർക്കു മാത്രമാക്കി വോട്ടിങ് സൗകര്യം നിജപ്പെടുത്തിയ സാഹചര്യത്തിലാണു ജില്ലയിൽ 1,428 ഓക്‌സിലിയറി പോളിങ് ബൂത്തുകൾ തുറക്കേണ്ടിവന്നിട്ടുള്ളതെന്നും കളക്ടർ പറഞ്ഞു.
മുൻ തെരഞ്ഞെടുപ്പിൽ 2,736 പോളിങ് ബൂത്തുകളാണു ജില്ലയിലുണ്ടായിരുന്നത്. ഓക്‌സിലിയറി പോളിങ് ബൂത്തുകൾ കൂടി വരുന്നതോടെ ജില്ലയിലെ ആകെ പോളിങ് ബൂത്തുകളുടെ എണ്ണം 4,164 ആകും.
സമ്മതിദായകർക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാകാത്ത രീതിയിൽ ഈ പോളിങ് ബൂത്തുകളുടെ സമീപ പ്രദേശത്തുതന്നെയാണ് ഓക്‌സിലിയറി പോളിങ് ബൂത്തുകളും തുറന്നിട്ടുള്ളത്. ഓരോ സമ്മതിദായകരുടേയും വോട്ട് ഏതു ബൂത്തിലാണെന്നതു സംബന്ധിച്ചു കൃത്യമായ രേഖകൾ തയാറാക്കിയിട്ടുണ്ട്. പൊതുജനങ്ങൾക്ക് ഓൺലൈനായി ഇതു പരിശോധിക്കാം.
പോളിങ് ബൂത്ത് എങ്ങനെ അറിയാം?
സമ്മതിദായകർക്ക് തങ്ങളുടെ പോളിങ് ബൂത്ത് സ്വയം കണ്ടുപിടിക്കുന്നതിനു മൂന്നു രീതികൾ തെരഞ്ഞെടുപ്പു കമ്മിഷൻ ഒരുക്കിയിട്ടുണ്ട്. സ്വന്തം മൊബൈൽ ഫോണിൽനിന്ന് ECIPS <space> <EPIC No> എന്ന ഫോർമാറ്റിൽ 1950 എന്ന നമ്പറിലേക്കു മെസേജ് അയച്ചാൽ പോളിങ് ബൂത്ത് ഏതാണെന്ന് അറിയാനാകും. ഇതിനു പുറമേ വോട്ടർ ഹെൽപ്പ് ലൈൻ ആപ്പ് വഴിയും voterportal.eci.gov.in എന്ന വെബ്‌സൈറ്റിലൂടെയും പോളിങ് ബൂത്ത് ഏതാണെന്ന് എളുപ്പത്തിൽ കണ്ടുപിടിക്കാം. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ സംശയങ്ങൾക്കും 1950 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണെന്നും കളക്ടർ പറഞ്ഞു.
ജില്ലയിൽ ഓരോ നിയമസഭാ മണ്ഡലങ്ങളിലേയും മുഖ്യ പോളിങ് ബൂത്തുകളുടേയും ഓക്‌സിലിയറി പോളിങ് ബൂത്തുകളുടേയും ആകെ പോളിങ് ബൂത്തുകളുടേയും എണ്ണം ചുവടെ
(നിയമസഭാ മണ്ഡലത്തിന്റെ പേര് : മുഖ്യ പോളിങ് ബൂത്തുകളുടെ എണ്ണം + ഓക്‌സിലിയറി പോളിങ് ബൂത്തുകളുടെ എണ്ണം = ആകെ പോളിങ് ബൂത്തുകൾ എന്ന ക്രമത്തിൽ)
വർക്കല : 197 + 78 = 275
ആറ്റിങ്ങൽ  : 206 + 101 = 307
ചിറയിൻകീഴ്  : 199 + 104 = 303
നെടുമങ്ങാട്  : 210 + 90 = 300
വാമനപുരം  : 212 + 76 = 288
കഴക്കൂട്ടം  : 166 + 130 = 296
വട്ടിയൂർക്കാവ്  : 172 + 143 = 315
തിരുവനന്തപുരം  : 178 + 130 = 308
നേമം  : 181 + 130 = 311
അരുവിക്കര  : 210 + 55 = 265
പാറശാല  : 215 + 103 = 318
കാട്ടാക്കട  : 189 + 98 = 287
കോവളം  : 216 + 107 = 323
നെയ്യാറ്റിൻകര  : 185 + 83 = 268
ആബ്‌സന്റീ വോർട്ടർമാരുടെ പോസ്റ്റൽ വോട്ട് നാളെ (മാർച്ച് 26) മുതൽ; ബാലറ്റ് പേപ്പർ വീട്ടിലെത്തിക്കും
നിയമസഭാ തെരഞ്ഞെടുപ്പിൽ പോളിങ് സ്‌റ്റേഷനിൽ ഹാജരായി വോട്ട് രേഖപ്പെടുത്താൻ കഴിയാത്ത 80 വയസിനു മുകളിൽ പ്രായമുള്ളവർ, കോവിഡ് പോസ്റ്റിവായും ക്വാറന്റൈനിലും കഴിയുന്നവർ, വികലാംഗർ എന്നിവർക്കായുള്ള പോസ്റ്റൽ വോട്ടിങ് നാളെ(മാർച്ച് 26) മുതൽ. പോസ്റ്റൽ ബാലറ്റിനായി അപേക്ഷിച്ചവരിൽ അർഹരായ സമ്മതിദായകർക്ക് പ്രത്യേക പോളിങ് ടീം ബാലറ്റ് പേപ്പറും അനുബന്ധ രേഖകളും വീടുകളിലെത്തിക്കും.
പോളിങ് ഉദ്യോഗസ്ഥർ സന്ദർശിക്കുന്ന ദിവസവും സമയവും അപേക്ഷകനെ എസ്.എം.എസ്. ആയോ തപാലിലോ ബൂത്ത് ലെവൽ ഓഫിസർമാർ വഴിയോ സമ്മതിദായകരെ വരണാധികാരികൾ മുൻകൂട്ടി അറിയിക്കുമെന്ന് ജില്ലാ ഇലക്ഷൻ ഓഫിസർകൂടിയായ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു. മൈക്രോ ഒബ്‌സർവർ, രണ്ടു പോളിങ് ഓഫിസർമാർ, പൊലീസ് ഉദ്യോഗസ്ഥൻ, വിഡിയോഗ്രാഫർ, ഡ്രൈവർ എന്നിവരടങ്ങുന്ന സംഘമാണു പോസ്റ്റൽ വോട്ടിങ്ങിനായി വീടുകളിലേക്ക് എത്തുന്നത്. കോവിഡ് പോസിറ്റിവായും ക്വാറന്റൈനിൽ കഴിയുന്നവരെയും സന്ദർശിക്കുന്നതിനു പ്രത്യേക പോളിങ് ടീമിനെയും നിയോഗിച്ചിട്ടുണ്ട്. സ്ഥാനാർഥിക്കോ സ്ഥാനാർഥിയുടെ ബൂത്ത് ലെവൽ ഏജന്റ് ഉൾപ്പെടെയുള്ള അംഗീകൃത പ്രതിനിധികൾക്കോ വീടിനു പുറത്തുനിന്ന്  പോസ്റ്റൽ വോട്ടിങ് പ്രക്രിയ നിരീക്ഷിക്കാം.
പ്രത്യേക പോളിങ് ടീം സമ്മതിദായകന്റെ വീട് സന്ദർശിച്ച് തിരിച്ചറിയൽ രേഖകൾ പരിശോധിച്ച് ഉറപ്പാക്കിയ ശേഷമാകും നടപടിക്രമങ്ങൾ ആരംഭിക്കുക. തപാൽ വോട്ട് രേഖപ്പെടുത്തുന്ന രീതി തുടക്കത്തിൽ സമ്മതിദായകനോടു വിശദീകരിക്കും. ഇതിനു ശേഷം ബാലറ്റ് പേപ്പറുകളും കവറുകളും പേന, ഗം തുടങ്ങിയവയും കൈമാറും. വോട്ടർ രഹസ്യ സ്വഭാവം പാലിച്ച് വോട്ട് രേഖപ്പെടുത്തി ബാലറ്റ് പേപ്പർ കവറിനുള്ളിലാക്കി ഒട്ടിച്ച് അപ്പോൾത്തന്നെ പോളിങ് ടീമിനെ തിരികെ ഏൽപ്പിക്കണം. ഈ പ്രക്രിയ വിഡിയോയിൽ ചിത്രീകരിക്കും. പോസ്റ്റൽ വോട്ടിങ് കംപാർട്ട്‌മെന്റിൽവച്ച് ബാലറ്റ് പേപ്പറിൽ വോട്ട് രേഖപ്പെടുത്തുന്നത് ഒരു കാരണവശാലും വിഡിയോയിൽ ചിത്രീകരിക്കില്ല.
വോട്ടറിൽനിന്നു കൈപ്പറ്റുന്ന ബാലറ്റ് പേപ്പറുകൾ അടങ്ങുന്ന ഒട്ടിച്ച കവർ പോളങ് ടീം അന്നുതന്നെ ബന്ധപ്പെട്ട അസിസ്റ്റന്റ് റിട്ടേണിങ് ഓഫിസർമാർക്കു കൈമാറുകയും റിട്ടേണിങ് ഓഫിസറുടെ ഓഫിസിൽ ഇതിനായി പ്രത്യേകം സജ്ജീകരിച്ചിട്ടുള്ള സ്‌ട്രോങ് റൂമിൽ സൂക്ഷിക്കുകയും ചെയ്യും. ഇത്തരത്തിൽ ഓരോ ദിവസവും വോട്ട് രേഖപ്പെടുത്തി ലഭിക്കുന്ന കവറുകളുടെ എണ്ണം അസിസ്റ്റന്റ് റിട്ടേണിങ് ഓഫിസർ ജില്ലാ കളക്ടറെ അറിയിക്കുകയും കളക്ടർ ഇത് ഇലക്ഷൻ കമ്മിഷനു കൈമാറുകയും ചെയ്യും.
സ്ഥാനാർഥികളുടെ ചെലവ്: ആദ്യ പരിശോധന ഇന്നും നാളെയും (മാർച്ച് 25, 26)
നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു ജില്ലയിലെ സ്ഥാനാർഥികളുടെ ചെലവ് കണക്ക് രജിസ്റ്ററിന്റെ ആദ്യ പരിശോധന ഇന്നും (മാർച്ച് 25) നാളെയും(മാർച്ച് 26) നടക്കും. തൈക്കാട് പി.ഡബ്ല്യു.ഡി. റെസ്റ്റ് ഹൗസ് ഹാളിൽ രാവിലെ പത്തു മുതൽ വൈകിട്ട് അഞ്ചു വരെയാണു പരിശോധന.
ഇന്ന് (മാർച്ച് 25) വർക്കല, ആറ്റിങ്ങൽ, നെടുമങ്ങാട്, വാമനപുരം, കഴക്കൂട്ടം, വട്ടിയൂർക്കാവ്, പാറശാല, കാട്ടാക്കട മണ്ഡലങ്ങളിലേയും നാളെ (മാർച്ച് 26) ചിറയിൻകീഴ്, അരുവിക്കര, തിരുവനന്തപുരം, നേമം, കോവളം, നെയ്യാറ്റിൻകര നിയമസഭാ മണ്ഡലങ്ങളുടേയും പരിശോധന നടക്കും.
സിറ്റിങ് മാറ്റിവച്ചു
പൊതുജനങ്ങളുടെ തെരഞ്ഞെടുപ്പ് സംബന്ധിച്ച പരാതികൾ കേൾക്കുന്നതിന് ചിറയിൻകീഴ് നിയോജക മണ്ഡലത്തിലെ ജനറൽ ഒബ്‌സർവർ എച്ച്.കെ. ശർമ ഇന്ന് (25 മാർച്ച്) രാവിലെ 10 മുതൽ 11 വരെ നടത്താനിരുന്ന സിറ്റിങ് മാറ്റിവച്ചു. ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളുടെ റാൻഡമൈസേഷൻ നടക്കുന്നതിനാലാണിത്. തുടർന്നുള്ള തീയതികളിൽ സിറ്റിങ് ഉണ്ടായിരിക്കുമെന്ന് വരണാധികാരി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *