യാക്കോബായക്കാരുടെ എതിര്‍പ്പ്; രാഹുല്‍ ഗാന്ധിയുടെ സമ്മേളന വേദി മാറ്റി

കോട്ടയം: പുതുപ്പളളിയിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഉമ്മന്‍ ചാണ്ടിയുടെ പ്രചരണത്തിനെത്തുന്ന രാഹുല്‍ ഗാന്ധിയുടെ മണ്ണാര്‍ക്കാട്ടെ സമ്മേളന വേദി യാക്കോബായ വിശ്വാസികളുടെ എതിര്‍പ്പിനെത്തുടര്‍ന്ന് മാറ്റി. മണര്‍ക്കാട് ഇടവക വിശ്വാസികള്‍ സമ്മേളനത്തിന് വേദി അനുവദിച്ചതിനെതിരെ കടുത്ത പ്രതിഷേധവുമായി രംഗത്തെത്തിയതോടെ മൈതാനം വിട്ടുനല്‍കേണ്ടെന്ന് പളളിവികാരി തീരുമാനം എടുക്കുകയായിരുന്നു.

കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശത്തെത്തുടര്‍ന്നായിരുന്നു രാഹുല്‍ഗാന്ധിയെത്തുന്ന സമ്മേളന വേദിക്കായി മണര്‍ക്കാട് മര്‍ത്താമറിയം യാക്കോബായ സുറിയാനി പള്ളി മൈതാനം ജില്ലാ നേതൃത്വം ബുക്ക് ചെയ്തത്. തറവാടകയിനത്തില്‍ പതിനായിരം രൂപ പള്ളിയില്‍ അടയ്ക്കുകയും ചെയ്തിരുന്നു. എന്നാല്‍ വിവരമറിഞ്ഞ മണര്‍കാട് പള്ളി ഇടവക വിശ്വാസികള്‍ സമ്മേളനം നടത്തുന്നതിനെതിരേ കടുത്ത പ്രതിഷേധവുമായി രംഗത്തെത്തി.

ശനിയാഴ്ച രാത്രിതന്നെ വിശ്വാസികള്‍ സംഘടിച്ച്‌ പള്ളിവികാരിയെ സമീപിച്ച്‌ സമ്മേളനം നടത്താന്‍ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ടു. വിവിധ കോണുകളില്‍നിന്ന് പ്രതിഷേധം കനത്തതോടെ മൈതാനം വിട്ടുനല്‍കേണ്ട തീരുമാനത്തിലേക്ക് പള്ളി വികാരിയും എത്തി. തുടര്‍ന്ന് ഡി.സി.സി പ്രസിഡന്റിനോട് മൈതാനും വിട്ടുതരില്ലെന്നും പണം തിരികെ വാങ്ങണമെന്നും വിളിച്ചറിയിക്കുകയായിരുന്നു.

ഇതേത്തുടര്‍ന്ന് രാഹുല്‍ ഗാന്ധിയുടെ സമ്മേളനത്തിന്റെ പ്രസംഗവേദി മണര്‍കാട് കവലയില്‍ സ്വകാര്യവ്യക്തിയുടെ പുരയിടത്തിലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *