ശബരിമല ദര്‍ശനത്തിന് പോകുന്നവർ പൊലീസ് സ്റ്റേഷനിലെത്തി പാസ് വാങ്ങണമെന്ന നിർദ്ദേശം ബിജെപി ലംഘിക്കുമെന്ന് എം ടി രമേശ്

കോഴിക്കോട്: ശബരിമല ദര്‍ശനത്തിന് പോകുന്നവർ പൊലീസ് സ്റ്റേഷനിലെത്തി പാസ് വാങ്ങണമെന്ന നിർദ്ദേശം ബിജെപി ലംഘിക്കുമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ്.

ഇത്തരം ജനാധിപത്യ വിരുദ്ധമായ ഉത്തരവുകള്‍ പാലിക്കേണ്ട ബാധ്യത ജനങ്ങൾക്കില്ല. മണ്ഡല മാസ പൂജകൾക്കായി നട തുറക്കുമ്പോൾ ആയിരക്കണക്കിന് വാഹനങ്ങൾ പാസില്ലാതെ ശബരിമലയിലെത്തും. തടുക്കാൻ തന്‍റേടമുണ്ടെങ്കിൽ പിണറായി വിജയൻ തടയട്ടെയെന്നും അദ്ദേഹം പറഞ്ഞു. ശബരിമല സംരക്ഷണ രഥയാത്രയിൽ സംസാരിക്കുകയായിരുന്നു എം ടി രമേശ്. കേട്ടുകേഴ്വിയില്ലാത്ത നിയന്ത്രണങ്ങൾ കൊണ്ടു വരുന്ന പിണറായി വിജയൻ വിശ്വാസികൾക്കെതിരെ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിനെ ചെറുക്കേണ്ടത് എല്ലാ വിശ്വാസികളുടേയും കടമയാണ്. ഈ ധർമ്മയുദ്ധത്തിൽ വിശ്വാസികൾക്ക് എല്ലാ പിന്തുണയും ബിജെപി നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോടതി വിധിയുടെ പേരിൽ ക്ഷേത്രങ്ങളെയും വിശ്വാസികളേയും വേട്ടയാടാനാണ് പിണറായി ശ്രമിക്കുന്നത്. യുദ്ധസമാനമായ സാഹചര്യം സൃഷ്ടിച്ച് യുവതികളെ ശബരിമലയിൽ കയറ്റണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിട്ടുണ്ടോയെന്ന് പിണറായി വ്യക്തമാക്കണം. പിണറായി വിജയന്‍റെ മർക്കട മുഷ്ടി കേരളത്തിന്‍റെ സമാധാന അന്തിരീക്ഷം തകര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *