നിലപാട് കര്‍ക്കശമാക്കി നിയമസഭാ തിരഞ്ഞെടുപ്പ് നിര്‍ണായകമാക്കാന്‍ യാക്കോബായസഭ

കോലഞ്ചേരി:  സഭാ തര്‍ക്ക പരിഹാരത്തിന് നിയമസഭാ തിരഞ്ഞെടുപ്പ് നിര്‍ണായകമെന്ന് യാക്കോബായ സഭ സിനഡ്. രാഷ്ട്രീയകാര്യ സമിതി സജീവമാക്കാനും സമിതിയുടെ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുപ്പ് നിലപാട് സ്വീകരിക്കാനുമാണ് തീരുമാനം. എന്നാല്‍ രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കാന്‍ യാക്കോബായ സഭ തയാറായില്ല.

സഭാ തര്‍ക്ക പരിഹാരത്തിനുള്ള തുടര്‍നടപടി സ്വീകരിക്കാനാണ് പുത്തന്‍കുരിശ് പാത്രിയര്‍ക്കാ സെന്ററില്‍ യാക്കോബായ സഭ സിനഡ് ചേര്‍ന്നത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട നിലപാടും സിനഡ് വിശദമായി ചര്‍ച്ച ചെയ്തു. അധികാരത്തിലുള്ളത് ഏത് സര്‍ക്കാരാണെങ്കിലും അവരുടെ സഹായം പ്രശ്നപരിഹാരത്തിന് ആവശ്യമാണെന്ന് മെത്രാപ്പൊലീത്തമാര്‍ വിലയിരുത്തി. രാഷ്ട്രീയ നിലപാട് സ്വീകരിക്കണമെന്ന വര്‍ക്കിങ് കമ്മിറ്റിയുടെ ആവശ്യവും സിനഡ് ചര്‍ച്ച ചെയ്തു.

എന്നാല്‍, സഭയുടെ രാഷ്ട്രീയം പാര്‍ട്ടിയോ, ഏതെങ്കിലും പാര്‍ട്ടിയോടുള്ള അനുഭാവമോ അല്ലെന്നും സഭാ രാഷ്ടീയകാര്യ സമിതിയുടെ അഭിപ്രായങ്ങള്‍ മാനിച്ച്‌ നിലപാട് സ്വീകരിക്കാനും പുത്തന്‍കുരിശ് പാത്രിയര്‍ക്ക സെന്ററില്‍ ചേര്‍ന്ന സിനഡില്‍ തീരുമാനമായി. സഭയുടെ വിവിധ സമിതികള്‍ അടുത്ത ദിവസങ്ങളില്‍ ചേരും. തുടര്‍ന്ന് തിരഞ്ഞെടുപ്പിന് മുന്നോടിയായി തീരുമാനം പ്രഖ്യാപിക്കുമെന്നും മെത്രാപ്പൊലീത്തന്‍ ട്രസ്റ്റി ഡോ. ജോസഫ് മാര്‍ ഗ്രിഗോറിയോസ് പറഞ്ഞു.

എറണാകുളം ജില്ലയില്‍ സഭാ നിലപാട് നിര്‍ണായകമാണെന്ന മുന്നറിയിപ്പ് സിനഡ് ആവര്‍ത്തിച്ചു. ഓരോ മണ്ഡലങ്ങളിലും സഭയുടെ സ്വാധീനം എത്രയുണ്ടെന്നതിന്റെ കണക്കെടുപ്പും തുടങ്ങിയെന്ന് മെത്രാപ്പൊലീത്തമാര്‍ പറഞ്ഞു.

അതേസമയം ശബരിമല വിധിയും, സഭാ കേസിലെ സുപ്രീംകോടതി വിധിയും ആദ്യഘട്ടത്തില്‍ കൂട്ടിക്കുഴച്ചത് ചില കോണ്‍ഗ്രസ് നേതാക്കളാണെന്ന ആക്ഷേപവും യാക്കോബായ സഭയ്ക്കുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *