സബ്‌സിഡിയുള്ള പാചകവാതക  സിലിണ്ടറിന് രണ്ട് രൂപ വര്‍ധിച്ചു

ന്യൂഡല്‍ഹി: എല്‍പിജി വിതരണക്കാര്‍ക്കുള്ള കമ്മീഷന്‍ കേന്ദ്ര പെട്രോളിയം മന്ത്രാലയം ഉയര്‍ത്തിയതിന് പിന്നാലെ സബ്‌സിഡിയുള്ള പാചകവാതക  സിലിണ്ടറിന് രണ്ട് രൂപ വര്‍ധിച്ചു. പുതുക്കിയ നിരക്ക് അനുസരിച്ച് വിതരണക്കാര്‍ക്ക് 14.2 കിലോഗ്രാം സിലിണ്ടറിന് 50.58 രൂപയും അഞ്ച്
കിലോഗ്രാം സിലിണ്ടറിന് 25.29 രൂപയും കമ്മീഷനായി ലഭിക്കും.

അടിസ്ഥാന വിലയില്‍ കൂടുതല്‍ നികുതി ഏര്‍പ്പെടുത്തിയതിന്റെ പേരില്‍ നവംബര്‍ ഒന്നിന് പാചകവാതക വില സിലിണ്ടറിന് 2.94 രൂപ കൂട്ടിയിരുന്നു. ഉയര്‍ന്ന അടിസ്ഥാന വിലയ്ക്ക് കൂടുതല്‍ ജിഎസ്ടി നല്‍കേണ്ടിവന്ന സാഹചര്യത്തില്‍ ജൂണ്‍ മുതല്‍ 16.21 രൂപയുടെ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. പ്രാദേശിക നികുതിക്കും ചരക്ക് നീക്കത്തിന്റെ ചെലവിനും അനുസൃതമായി ഓരോ സംസ്ഥാനത്തും വിലയില്‍ വ്യത്യാസങ്ങളുണ്ടാകും. 14.2 കിലോഗ്രാം സിലിണ്ടറിന് ഡല്‍ഹിയില്‍ 507.42 രൂപ, മുംബൈയില്‍ 505.05 രൂപ, കൊല്‍ക്കത്തയില്‍ 510.70 രൂപ, ചെന്നൈയില്‍ 495.39 എന്നിങ്ങനെയാണ് മെട്രോ നഗരങ്ങളിലെ പുതുക്കിയ നിരക്ക്.

Leave a Reply

Your email address will not be published. Required fields are marked *