നെടുങ്കണ്ടം കസ്റ്റഡി മരണം: 9 പൊലീസുകാര്‍ പ്രതികള്‍

കൊച്ചി: നെടുങ്കണ്ടം കസ്റ്റഡി മരണക്കേസില്‍ ഒന്‍പത് പൊലീസ് ഉദ്യോഗസ്ഥരെ പ്രതികളാക്കി സിബിഐ ആദ്യ കുറ്റപത്രം സമര്‍പ്പിച്ചു. എറണാകുളം സിജെഎം കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ പങ്കിനെക്കുറിച്ച്‌ അന്വേഷണം നടക്കുന്നുണ്ടെന്നും സിബിഐ കുറ്റപത്രത്തില്‍ പറയുന്നു.

രാജ്കുമാറിനെ ക്രൂരമായി പൊലീസ് കസ്റ്റഡിയില്‍ മര്‍ദിച്ച്‌ കൊലപ്പെടുത്തിയെന്ന് കുറ്റപത്രത്തില്‍ പറയുന്നു. ക്രൂരമായ മര്‍ദ്ദനമാണ് ഉണ്ടായതെന്നും കുറ്റപത്രത്തിലുണ്ട്.

സിബിഐ ഒന്‍പത് പേരെയാണ് പ്രതിചേര്‍ത്തത്. നെടുങ്കണ്ടം സ്റ്റേഷനിലെ എസ്‌ഐ സാബുവാണ് കേസിലെ ഒന്നാം പ്രതി.

പൊലീസ് അന്വേഷിച്ച കേസില്‍ ഏഴു പൊലീസുകാരായിരുന്നു പ്രതിപ്പട്ടികയില്‍. ഒരു വനിത ഹെഡ് കോണ്‍സ്റ്റബിളിനെയും കോണ്‍സ്റ്റബിളിനെയും കൂടി സിബിഐ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തി. ഇടുക്കി എസ്പിയായിരുന്ന കെ ബി വേണുഗോപാല്‍, ഡിവൈഎസ്പിമാരായ പി കെ ഷംസ്, അബ്ദുല്‍ സലാം എന്നിവരുടെ പങ്കിനെക്കുറിച്ച്‌ അന്വേഷണം നടക്കുന്നുവെന്നും കുറ്റപത്രത്തിലുണ്ട്.

2019 ജൂണ്‍ 12 മുതല്‍ 15 വരെ മൂന്നു ദിവസം രാജ്കുമാറിനെയും അദ്ദേഹത്തിന്റെ ജീവനക്കാരിയായ ശാലിനിയെയും അനധികൃതമായി കസ്റ്റഡിയിലെടുത്ത് ക്രൂരമായി പീഡിപ്പിച്ചെന്നാണ് സിബിഐയുടെ കണ്ടെത്തല്‍. സമാനതകളില്ലാത്ത പൊലീസ് പീഡനമെന്നാണ് കേസിനെ സിബിഐ വിശേഷിപ്പിക്കുന്നത്.

2019 ജൂണ് 12ന് കസ്റ്റഡിയിലെടുത്തെങ്കിലും ജൂണ്‍ 15നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. റിമാന്‍ഡിലിരിക്കേ 21 ന് മരിച്ചു. തിരുവനന്തപുരം സിബിഐ യൂണിറ്റാണ് കേസ് അന്വേഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *