ഐശ്വര്യ കേരള യാത്രക്ക്​ തുടക്കം

കാസര്‍കോട്​: പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര ആരംഭിച്ചു. കുമ്ബളയില്‍ നടന്ന ചടങ്ങില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്​ഘാടനം ചെയ്​തു.

സംസ്​​ഥാനത്ത്​ കടന്നുപോയത്​ പാഴായിപ്പോയ അഞ്ച്​ വര്‍ഷങ്ങളെന്ന്​ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. തരാതരംപോലെ വര്‍ഗീയത പറയുന്ന മുന്നണിയായി എല്‍.ഡി.എഫ്​ അധഃപ്പതിച്ചു.

പുറംവാതില്‍ നിയമനങ്ങളുടെ കാലമായിരുന്നു അഴിഞ്ഞ അഞ്ച്​ വര്‍ഷവും. യോഗ്യരായ ഉദ്യോഗാര്‍ഥികളുടെ സര്‍ക്കാര്‍ നിയമനം തടസപ്പെടുത്തി. പി.എസ്​.സിയില്‍ ലിസ്റ്റുകള്‍ അനാവശ്യമായി ക്യാന്‍സല്‍ ചെയ്യുകയും വേണ്ടപ്പെട്ടവര്‍ക്കുമാത്രം സര്‍വീസുകളില്‍ നിയമനം നല്‍കുകയും ചെയ്​തു. ശബരിമലയില്‍ ഇപ്പോള്‍ ഒരു പ്രശ്​നവും ഇല്ല​ല്ലോ എന്നും നേരത്തേ ഉണ്ടായത്​ ഇടത്​ സര്‍ക്കാര്‍ ഉണ്ടാക്കിയ പ്രശ്​നങ്ങള്‍ മാത്രമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

മുല്ലപ്പള്ളി രാമചന്ദ്രന്‍, പി.കെ. കുഞ്ഞാലിക്കുട്ടി എം.പി, ഡോ. എം.കെ. മുനീര്‍ എം.എല്‍.എ, യു.ഡി.എഫ് കണ്‍വീനര്‍ എം.എം. ഹസന്‍, പി.ജെ. ജോസഫ്, എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി, മോന്‍സ് ജോസഫ്, അനൂപ് ജേക്കബ്, വി.ഡി. സതീശന്‍ എം.എല്‍.എ, സി.പി. ജോണ്‍, സി. ദേവരാജന്‍, ഷാഫി പറമ്ബില്‍ എം.എല്‍.എ, ലതിക സുഭാഷ് തുടങ്ങിയവര്‍ പ​ങ്കെടുത്തു. സംസ്ഥാനത്തെ 140 നിയോജക മണ്ഡലത്തിലും പര്യടനം നടത്തി ഫെബ്രുവരി 22ന് റാലിയോടെ തിരുവനന്തപുരത്ത് സമാപിക്കും. റാലിയില്‍ രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങിയ നേതാക്കള്‍ പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *