ട്രാക്ടര്‍ മാര്‍ച്ചിനിടെ കര്‍ഷകന്‍ വെടിയേറ്റ് മരിച്ചു

ഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷകര്‍ സംഘടിപ്പിച്ച ട്രാക്ടര്‍ മാര്‍ച്ചിനിടെ നടന്ന സംഘര്‍ഷത്തില്‍ കര്‍ഷകന്‍ മരിച്ചു. ആദായനികുതി ഓഫീസിന് മുന്‍പില്‍ നടന്ന സംഘര്‍ഷത്തിലാണ് മരണം. പൊലീസ് വെടിവെച്ചതാണെന്ന് കര്‍ഷകര്‍ ആരോപിക്കുന്നു.

ഉത്തരാഖണ്ഡില്‍ നിന്നുള്ള കര്‍ഷകനാണ് മരിച്ചത്. മൃതദേഹം പൊലീസ് കൊണ്ടുപോയതായും കര്‍ഷകര്‍ ആരോപിച്ചു.പൊലീസുമായുളള സംഘര്‍ഷത്തില്‍ രാജ്യതലസ്ഥാനം യുദ്ധക്കളമായി. ചെങ്കോട്ടയില്‍ കര്‍ഷകര്‍ ഇരച്ചുകയറി. ചെങ്കോട്ടയില്‍ കര്‍ഷക പതാക പാറിച്ചു.

ട്രാക്ടര്‍ റാലിക്കിടെ പലയിടത്തും സംഘര്‍ഷമുണ്ടായി. പൊലീസ് ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ചു. വിവിധ സ്ഥലങ്ങളില്‍ ലാത്തിച്ചാര്‍ജും നടന്നു . മൂന്നു വഴികളാണ് മാര്‍ച്ച്‌ നടത്താനായി ഡല്‍ഹി പൊലീസ് കര്‍ഷകര്‍ക്ക് അനുവദിച്ചിരുന്നത്. എന്നാല്‍ ആറിടങ്ങളില്‍ നിന്ന് കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് പ്രവേശിച്ചതാണ് സംഘര്‍ഷത്തിന് കാരണം. കര്‍ഷക സമരത്തില്‍ പങ്കെടുക്കാത്തവരും ട്രാക്ടര്‍ റാലിക്ക് എത്തിയിട്ടുണ്ടെന്നാണ് സൂചന.

സിംഘുവില്‍ നിന്ന് ഗാസിപൂര്‍ വഴി യാത്രതിരിച്ച സംഘമാണ് ആദ്യം ഡല്‍ഹിയിലെത്തിയത്. പ്രഗതി മൈതാനിലാണ് ഇവര്‍ എത്തിയത്. റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്ക് ശേഷം വൈകുന്നേരം അഞ്ചുമണിവരെയാണ് റാലി നടത്താന്‍ ഡല്‍ഹി പൊലീസ് സമയം അനുവദിച്ചിരിക്കുന്നത്.

നേരത്തെ, ഗാസിപ്പൂരില്‍ പൊലീസും കര്‍ഷകരും തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. റിങ് റോഡില്‍ക്കൂടി കടന്നുപോകാന്‍ ശ്രമിച്ച കര്‍ഷകരെ പൊലീസ് തടഞ്ഞതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *