പേട്ട -ആനയറ ഒരുവാതില്‍കോട്ട റോഡ് നവീകരണം: 100.68 കോടി രൂപ കൈ മാറി

തിരുവനന്തപുരം: തലസ്ഥാന നഗരിയുടെ വികസനത്തിന് ഊര്‍ജ്ജം പകര്‍ന്നു കൊണ്ട് പേട്ട-ആനയറ-ഒരുവാതില്‍കോട്ട റോഡിന്റെ വികസനത്തിനായുള്ള തുക കിഫ്ബി കൈമാറി. 2016-17 ബജറ്റില്‍ കിഫ്ബി മുഖേന നടപ്പിലാക്കുന്നതിനായി സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതിയാണ് പേട്ട – ആനയറ – ഒരുവാതില്‍കോട്ട റോഡ് വികസനം. സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ കാരണം നീണ്ട റോഡ് വികസനം പ്രശ്നങ്ങള്‍ പരിഹരിച്ചു എത്രയും വേഗം പൂര്‍ത്തീകരിക്കാന്‍ സാധിക്കും എന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. ഇതിനായി സ്ഥലമേറ്റെടുക്കലിന് 100.68 കോടി രൂപ കിഫ്ബി ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറി. മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്‍, ജി സുധാകരന്‍, തോമസ് ഐസക്ക് എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

18 മീറ്റര്‍ വീതിയിലാണ് പേട്ട -ഒരുവാതില്‍കോട്ട റോഡ് ആദ്യം വിഭാവനം ചെയ്തിരുന്നതെങ്കിലും പ്രദേശവാസികളുടെ അഭ്യര്‍ത്ഥന പ്രകാരവും അമൃത് പദ്ധതിയുടെ സ്വീവറേജ് ലൈനുകള്‍ കൂടി കണക്കിലെടുത്ത് പേട്ട റെയില്‍ ഓവര്‍ ബ്രിഡ്ജ് മുതല്‍ വെണ്‍പാലവട്ടം വരെ 14 മീറ്റര്‍ വീതിയിലും വെണ്‍പാലവട്ടം മുതല്‍ ദേശീയപാതാ ബൈപ്പാസ് സര്‍വ്വീസ് റോഡ് വരെ 12 മീറ്റര്‍ വീതിയിലുമാണ് റോഡ് നിര്‍മ്മാണം പുനര്‍വിഭാവനം ചെയ്തിരിക്കുന്നത്.

രണ്ട് സ്‌ട്രെച്ചുകളിലുമായി 3.810 കി.മീറ്ററാണ് റോഡിന്റെ ആകെ നീളം. റോഡ് വീതി കൂട്ടലിന് പുറമേ കലുങ്ക് നിര്‍മ്മാണം, കോണ്‍ക്രീറ്റ് ഡ്രയിനുകള്‍, ട്രാഫിക്ക് സുരക്ഷാക്രമീകരണങ്ങള്‍ തുടങ്ങിയവയും പദ്ധതിയില്‍ ഉള്‍പ്പെടുന്നു. 13 ബസ് ഷെല്‍ട്ടറുകളും പദ്ധതിയിലൂടെ നിര്‍മിക്കും. പദ്ധതി പ്രദേശത്ത് നിലവിലുള്ള കെ.എസ്.ഇ.ബി, വാട്ടര്‍ അതോറിറ്റി എന്നിവയുടെ സര്‍വ്വീസ് കണക്ഷനുകള്‍ മാറ്റി സ്ഥാപിക്കാന്‍ 5.93 കോടി രൂപയും പുതുതായുള്ള സ്വിവറേജ് ലൈനുകളുടെ ക്രമീകരണത്തിനായി 6.9 കോടി രൂപയും ഉപപദ്ധതികളായി റോഡ് നവീകരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പദ്ധതിയുടെ അടങ്കല്‍ തുക 133.60 കോടിയാണ്. ഇതില്‍ കടകംപള്ളി വില്ലേജിലെ 1.88 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കലിനും ബന്ധപ്പെട്ട പുനരധിവാസത്തിനുമായി വകയിരുത്തിയ തുകയാണ് കിഫ്ബി കൈമാറിയത്.

Leave a Reply

Your email address will not be published. Required fields are marked *