5 വര്‍ഷം കൊണ്ട് സംസ്ഥാനത്തിന്റെ സാമ്ബത്തിക ബാധ്യത 70 ശതമാനം വര്‍ധിച്ചു: സിഎജി

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ആകെ സാമ്ബത്തിക ബാധ്യത കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 70 ശതമാനം വര്‍ധിച്ചെന്ന് സിഎജി റിപോര്‍ട്ട്.

2014-15 സാമ്ബത്തിക വര്‍ഷത്തില്‍ 1,44,947 കോടി രൂപയായിരുന്നു സംസ്ഥാനത്തിന്റെ ആകെ ബാധ്യതയെങ്കില്‍ 2018-19 വര്‍ഷമായപ്പോഴേക്കും അത് 2,41,615 കോടിയായി ഉയര്‍ന്നു.

സഞ്ചിത നിധിയിലെ ബാധ്യതകളും പൊതു കണക്കിലെ ബാധ്യതകളും ഉള്‍പ്പെട്ടതാണ് സംസ്ഥാനത്തിന്റെ ആകെ സാമ്ബത്തിക ബാധ്യത. സഞ്ചിത നിധിയിലെ ബാധ്യത 1,58,235 കോടിയാണ്. ഇതില്‍ വിപണി വായ്പ 1,29,719 കോടി രൂപയാണ്. കേന്ദ്രത്തില്‍ നിന്നുള്ള കടം 7,243 കോടിയും, മറ്റ് വായ്പകളുടെ കണക്കില്‍ 21,273 കോടിയുമാണ്.

മറ്റ് ബാധ്യതകളില്‍ പൊതുകണക്കിലെ ബാധ്യതയെന്നത് 83,380 കോടിയാണ്. ലഘുനിക്ഷേപങ്ങള്‍, പിഎഫ്, പലിശയുള്ള വായ്പകള്‍, പലിശരഹിത ബാധ്യതകള്‍ എന്നിവയാണ് പൊതുകണക്കില്‍ ഉള്‍പ്പെടുന്നത്. അതേസമയം ദുരന്ത നിവാരണത്താനായി തയ്യാറാക്കിയിട്ടുള്ള സ്റ്റേറ്റ് ഡിസാസ്റ്റര്‍ റെസ്പോണ്‍സ് ഫണ്ടില്‍ മിച്ചമായി കിട്ടിയ തുക കേന്ദ്ര നിര്‍ദേശങ്ങള്‍ അനുസരിച്ച്‌ ഫണ്ടിന്റെ പരിപാലനത്തിനായി നിക്ഷേപിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ലെന്നും സിഎജി റിപോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു.

2019 മാര്‍ച്ച്‌ 31-ന് ദുരന്ത നിവാരണ നടപടികളുടെ ചിലവുകള്‍ കഴിഞ്ഞ് 1,113.98 കോടി മിച്ചമുണ്ടായിരുന്നു. ഇങ്ങനെ മിച്ചം വരുന്ന തുക സര്‍ക്കാരിന്റെ സെക്യൂരിറ്റികള്‍, ട്രഷറി ബില്ലുകള്‍, ഷെഡ്യൂള്‍ഡ് വാണിജ്യ ബാങ്കുകളുടെ പലിശ ലഭിക്കുന്ന നിക്ഷേപങ്ങള്‍ എന്നിവയില്‍ നിക്ഷേപിക്കണമെന്നാണ് കേന്ദ്രത്തിന്റെ മാര്‍ഗനിര്‍ദേശം. സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റിക്കാണ് ഇതിന്റെ ചുമതല. റിപോര്‍ട്ട് തയ്യാറാക്കുന്ന വേളയിലും എസ്ഡിആര്‍എഫ് സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി കേന്ദ്ര നിര്‍ദേശപ്രകാരം നിക്ഷേപം നടത്തിയിട്ടില്ലെന്നും സിഎജി റിപോര്‍ട്ടില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *