458 കുടുംബങ്ങള്‍ക്ക് വീട് അറ്റകുറ്റപ്പണിക്ക് സര്‍ക്കാര്‍ സഹായം

തിരുവനന്തപുരം: ഓഖി ദുരന്തത്തില്‍ ഭാഗികമായി വീടു തകര്‍ന്ന 458 മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്കു വീട് അറ്റകുറ്റപ്പണി ചെയ്യുന്നതിനു സ്‌പെഷല്‍ പാക്കേജായി 2.04 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് (ഓഖി ഫണ്ട്) അനുവദിക്കും. കൊച്ചി നഗരവുമായി ബന്ധപ്പെട്ട കനാലുകളെ ഉള്‍ക്കൊള്ളിച്ച് ഇന്റഗ്രേറ്റഡ് അര്‍ബന്‍ റീജനറേഷന്‍ ആന്‍ഡ് വാട്ടര്‍ ട്രാന്‍സ്‌പോര്‍ട്ട് സിസ്റ്റം എന്ന പദ്ധതി കിഫ്ബി ധനസഹായത്തോടെ നടപ്പാക്കുന്നുതിനു കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിനെ പ്രത്യേക ഉദ്ദേശ കമ്പനിയായി നിയമിക്കുന്നതിനു മന്ത്രിസഭ തത്വത്തില്‍ അംഗീകാരം നല്‍കി.

ഇടപ്പള്ളി കനാല്‍, മാര്‍ക്കറ്റ് കനാല്‍, തേവര കനാല്‍, തേവര പെരണ്ടൂര്‍ കനാല്‍, ചിലവന്നൂര്‍ തോട് എന്നീ പ്രധാന അഞ്ച് തോടുകള്‍ പുനരുദ്ധരിച്ചു കൊച്ചി നഗരവാസികളുടെ യാത്രാസൗകര്യം മെച്ചപ്പെടുത്തുന്നതിനുളള പദ്ധതിയാണിത്. പട്ടികജാതി – പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പെടാത്ത മിശ്രവിവാഹിതര്‍ക്കു സാമൂഹ്യനീതി വകുപ്പു നല്‍കുന്ന ഒറ്റത്തവണ ധനസഹായത്തിന് അപേക്ഷിക്കാനുളള വാര്‍ഷിക കുടുംബ വരുമാന പരിധി 50,000 രൂപയില്‍നിന്നും ഒരു ലക്ഷം രൂപയായി ഉയര്‍ത്തും.
ഐടി മിഷന്‍ ഡയറക്ടര്‍ ശ്രീറാം സാംബശിവ റാവുവിനെ കോഴിക്കോട് കലക്ടറായി മാറ്റി നിയമിക്കും. കോഴിക്കോട് കലക്ടര്‍ യു.വി. ജോസിനെ ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മിഷണറായി മാറ്റി നിയമിക്കും. കേന്ദ്ര ഡപ്യൂട്ടേഷന്‍ കഴിഞ്ഞു തിരിച്ചുവന്ന ആനന്ദസിങ്ങിനെ കെഎസ്ടിപി പ്രോജക്ട് ഡയറക്ടറായി നിയമിക്കാന്‍ തീരുമാനിച്ചു. അഫ്‌സാന പര്‍വീണിനെ ആസൂത്രണ-സാമ്പത്തിക കാര്യ വകുപ്പ് ഡപ്യൂട്ടി സെക്രട്ടറിയായി നിയമിക്കും. തലശ്ശേരി സബ് കലക്ടര്‍ എസ്. ചന്ദ്രശേഖറിനെ എംപ്ലോയ്‌മെന്റ് ആന്‍ഡ് ട്രെയ്‌നിങ് ഡയറക്ടറായി നിയമിക്കും. കൊല്ലം സബ് കലക്ടര്‍ എസ്. ചിത്രയെ കേരള സ്റ്റേറ്റ് ഐടി മിഷന്‍ ഡയറക്ടറായി നിയമിക്കാന്‍ തീരുമാനിച്ചു.
ദേവികുളം സബ് കലക്ടര്‍ വി.ആര്‍. പ്രേംകുമാറിനെ ശബരിമല ഉല്‍സവവുമായി ബന്ധപ്പെട്ട് ശബരിമല, പമ്പ, നിലയ്ക്കല്‍ എന്നീ സ്ഥലങ്ങളിലുള്ള എല്ലാ സര്‍ക്കാര്‍ വകുപ്പുകളുടെയും ഏജന്‍സികളുടെയും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനു ചുമതലയുളള അഡീഷനല്‍ ജില്ലാ മജിസ്‌ട്രേറ്റ് ആയി നിയമിക്കാന്‍ തീരുമാനിച്ചു. ക്രിമിനല്‍ നടപടി ചട്ടത്തിലെ സെക്ഷന്‍ 20 (2) പ്രകാരമാണ് ഈ നിയമനം. തൃശ്ശൂര്‍ സബ് കലക്ടര്‍ രേണു രാജിനെ ദേവികുളം സബ് കലക്ടറായി മാറ്റി നിയമിക്കാന്‍ തീരുമാനിച്ചു

Leave a Reply

Your email address will not be published. Required fields are marked *