ഡെക്കറേഷന്‍ കടയുടെ മറവില്‍ ചാരായം വില്‍പ്പന; ഉടമ അറസ്റ്റില്‍

കണ്ണൂര്‍: ഡെക്കറേഷന്‍ കടയുടെ മറവില്‍ ചാരായം വില്‍പ്പന നടത്തിയ ഉടമ അറസ്റ്റില്‍.

ചാലാട് അമ്ബല റോഡില്‍ പ്രവര്‍ത്തിക്കുന്ന കടമുറിയില്‍ നിന്ന് 25 ലിറ്റര്‍ വാറ്റു ചാരായവും 200 ലിറ്റര്‍ വാഷുമായാണ് കടയുടമഅഴിക്കോട് ഉപ്പായിച്ചാല്‍ സ്വദേശി പരയങ്ങാട്ട് വീട്ടില്‍ രജീന്ദ്രനെ(50) കണ്ണൂര്‍ എക്‌സൈസ് സര്‍ക്കിള്‍ ഓഫിസിലെ പ്രിവന്റ്റിവ് ഓഫിസര്‍ വി പി ഉണ്ണികൃഷ്ണനും സംഘവും അറസ്റ്റ് ചെയ്തത്.

ഡെക്കറേഷന്‍ കടയുടെ മറവിലാണ് ചാരായ നിര്‍മാണവും വില്‍പനയും നടത്തിയിരുന്നതെന്ന് എക്‌സൈസ് അറിയിച്ചു. പ്രിവന്റീവ് ഓഫിസര്‍ വി പി ഉണ്ണിക്യഷ്ണനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാലത്തിലാണ് റെയ്ഡ് നടന്നത്. കൊവിഡ് ലോക്ക് ഡൗണുമായി ബന്ധപ്പെട്ട് ജോലിയില്ലാതായപ്പോള്‍ തുടങ്ങിയതാണ് ചാരായ നിര്‍മ്മാണവും വില്‍പനയുമെന്ന് പ്രതി സമ്മതിച്ചതായും ഉദ്യോഗസ്ഥര്‍ അറിയിച്ചു. ആവശ്യക്കാരുടെ എണ്ണം വര്‍ധിച്ചതിനാലാണ് ഉല്‍പ്പാദനവും വില്‍പ്പനയും തുടര്‍ന്നതെന്നും പ്രതി പറഞ്ഞു.

കണ്ണൂര്‍ ടൗണ്‍ പരിസരത്ത് നിന്ന് ഇത്രയേറെ ചാരായവും വാഷും കണ്ടെടുക്കുന്നത് ആദ്യമാണ്. ലോക്ക് ഡൗണ്‍ കാലത്ത് ലിറ്ററിന് 1200 രൂപയ്ക്കും ഇപ്പോള്‍ ലിറ്ററിന് 600 രൂപ നിരക്കിലുമാണ് ചാരായം വില്‍പന നടത്തിയിരുന്നത്. സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ എന്‍ ടി ധ്രുവന്‍, പി വി ഗണേഷ് ബാബു, സി എച്ച്‌ റിഷാദ്, ഡ്രൈവര്‍ എം പ്രകാശ് എന്നിവരും എക്‌സൈസ് സംഘത്തിലുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *