ലോകത്തിലെ ഏറ്റവും വലിയ വാക്‌സിനേഷന്‍ പദ്ധതിക്ക് നാളെ തുടക്കം

തിരുവനന്തപുരം: കൊവിഡ് വൈറസിനെതിരായ ലോകത്തിലെ ഏറ്റവും വലിയ വാക്‌സിനേഷന്‍ പദ്ധതിക്ക് നാളെ തുടക്കമാകും.

ആരോഗ്യ പ്രവര്‍ത്തകരും കൊവിഡ് മുന്നണി പോരാളികളായ മൂന്ന് കോടി പേര്‍ക്കാണ് ആദ്യഘട്ടത്തില്‍ വാക്സിന്‍ വിതരണം ചെയ്യുന്നത്. കൊവിഷീല്‍ഡ്, കൊവാക്‌സിന്‍ എന്നീ രണ്ട് വാക്‌സിനുകളാണ് ഇന്ത്യയില്‍ വിതരണാംഗീകാരം നല്‍കിയിട്ടുള്ളത്. ശനിയാഴ്ച രാവിലെ 10.30ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കൊവിഡ് വാക്‌സിന്‍ വിതരണത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. വീഡിയോ കോണ്‍ഫറന്‍സ് വഴി രാജ്യത്തൊട്ടാകെയുള്ള 3,006 വാക്‌സിനേഷന്‍ കേന്ദ്രങ്ങളെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും.

സംസ്ഥാനത്ത് ആദ്യ ദിനം 133 കേന്ദ്രങ്ങളിലാണ് വാക്സിനേഷന്‍ നടക്കുന്നത്. എറണാകുളം ജില്ലയില്‍ 12 കേന്ദ്രങ്ങളും തിരുവനന്തപുരം, കോഴിക്കോട് ജില്ലകളില്‍ 11 കേന്ദ്രങ്ങള്‍ വീതവും ഉണ്ടാകും. ബാക്കി ജില്ലകളില്‍ ഒമ്ബത് കേന്ദ്രങ്ങള്‍ വീതമാണ് ഉണ്ടാകുക. ആരോഗ്യ വകുപ്പിന്റെ മേല്‍നോട്ടത്തില്‍ സംസ്ഥാനത്തെ വിവിധ വകുപ്പുകളുടേയും വിഭാഗങ്ങളുടേയും അന്താരാഷ്ട്ര ഏജന്‍സികളായ ഡബ്ലിയു.എച്ച്‌.ഒ., യൂണിസെഫ്, യു.എന്‍.ഡി.പി. തുടങ്ങിയവയുടെ സഹകരണത്തോടെയുമാണ് വാക്സിനേഷന്‍ യാഥാര്‍ത്ഥ്യമാക്കുന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *