മധ്യപ്രദേശില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങുന്ന 40 അംഗ പട്ടിക ബിജെപി പുറത്തിറക്കി

ഭോപ്പാല്‍: മധ്യപ്രദേശില്‍ അധികാരത്തുടര്‍ച്ച നേടാനായി തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങുന്ന നേതാക്കളുടെ 40 അംഗ പട്ടിക ബിജെപി പുറത്തിറക്കി. പ്രധാനമന്ത്രി നരേന്ദ്രമോദിയും ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയും ഉള്‍പ്പെടെ ബിജെപിയുടെ സുപ്രധാന നേതാക്കളെല്ലാം മധ്യപ്രദേശിലെത്തും. വ്യാപം അഴിമതി, മന്ദ്‌സൗര്‍ പ്രക്ഷോഭം തുടങ്ങിയവയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തു ബിജെപിയുടെ ജനപ്രീതിയില്‍ ഇടിവു വന്നിട്ടുണ്ടെന്നാണു വിലയിരുത്തല്‍.


മധ്യപ്രദേശിലെ കോണ്‍ഗ്രസ് നേതാക്കളായ ജ്യോതിരാദിത്യ സിന്ധ്യ, കമല്‍നാഥ് എന്നിവര്‍ ഈ സാഹചര്യങ്ങള്‍ കൃത്യമായി വിനിയോഗിച്ചാണു മുന്നോട്ടുപോകുന്നത്. ഇതു മറികടക്കുക ലക്ഷ്യമാക്കിയാണ് ബിജെപിയുടെ വമ്പന്‍മാരെയെല്ലാം തിരഞ്ഞെടുപ്പ് കളത്തിലെത്തിക്കാന്‍ തീരുമാനിച്ചത്. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിങ്, സുഷമാ സ്വരാജ്, നിതിന്‍ ഗഡ്കരി, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നവിസ്, കേന്ദ്ര ടെക്‌സ്‌റ്റൈല്‍സ് മന്ത്രി സ്മൃതി ഇറാനി, നടിയും ബിജെപി എംപിയുമായ ഹേമമാലിനി തുടങ്ങിയവര്‍ പ്രചാരണത്തിനായി മധ്യപ്രദേശിലെത്തും.
നവംബര്‍ 28നാണ് മധ്യപ്രദേശില്‍ നിയമസഭാ തിരഞ്ഞെടുപ്പ്. വോട്ടെണ്ണല്‍ ഡിസംബര്‍ 11ന്. തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാന്‍ കോണ്‍ഗ്രസിന് ഇതുവരെ സാധിച്ചിട്ടില്ല. അതേസമയം മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ സെഹോര്‍ ജില്ലയിലെ ബുധ്‌നിയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *