പ്രശസ്ത കവി അനില്‍ പനച്ചൂരാന്‍ അന്തരിച്ചു

തിരുവനന്തപുരം: പ്രശസ്ത കവിയും ഗാന രചയിതാവുമായ അനില്‍ പനച്ചൂരാന്‍ അന്തരിച്ചു. 52 വയസ്സായിരുന്നു.ആരോഗ്യ പ്രശ്നങ്ങളെത്തുടര്‍ന്ന് തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ പ്രവേശിച്ചിരിക്കവേയാണ് മരണം സംഭവിച്ചത്. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് വിവരം.

കോവിഡ് ബാധിച്ച്‌ ചികിത്സയിലായിരുന്ന അദ്ദേഹത്തെ ഞായറാഴ്ച കായംകുളത്തെ വീട്ടില്‍ കുഴഞ്ഞുവീണതിനെ തുടര്‍‌ന്ന് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. മാവേലിക്കരയിലെയും കരുനാഗപ്പള്ളിയിലെയും സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തെ പിന്നീട് തിരുവനന്തപുരത്തെ കിംസ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

2007ല്‍ പുറത്തിറങ്ങിയ ലാല്‍ജോസ് ചിത്രം ‘അറബിക്കഥ’യിലെ ‘ചോര വീണ മണ്ണില്‍’ എന്ന ഗാനത്തിലൂടെയായിരുന്നു ഗാന രചയിതാവെന്ന നിലയില്‍ അനില്‍ പനച്ചൂരാന്‍ ശ്രദ്ധേയനായത്. വലയില്‍ വീണ കിളികള്‍, അനാഥന്‍, പ്രണയകാലം, ഒരു മഴ പെയ്തെങ്കില്‍, കണ്ണീര്‍ക്കനലുകള്‍ തുടങ്ങിയ കവിതകള്‍ ഏറെ പ്രശസ്തമായിരുന്നു. ഓഡിയോ രൂപത്തിലിറങ്ങിയ അദ്ദേഹത്തിന്റെ കവിതകള്‍ വ്യാപക പ്രചാരം ലഭിച്ചിരുന്നു.

‘ചോര വീണ മണ്ണില്‍’ എന്ന ഗാനത്തിനു പുറമെ ‘അറബിക്കഥ’യിലെ തന്നെ ‘തിരിക ഞാന്‍ വരുമെന്ന വാര്‍ത്ത’, 2007ല്‍ തന്നെ പുറത്തിറങ്ങിയ ‘കഥ പറയുമ്ബോള്‍’ എന്ന ചിത്രത്തിലെ ‘വ്യത്യസ്തനാമൊരു ബാര്‍ബറാം ബാലനെ’ തുടങ്ങിയ ഗാനങ്ങളും ഗാന രചയിതാവെന്ന നിലയില്‍ അദ്ദേഹത്തെ തുടക്കകാലത്ത് ശ്രദ്ധേയനാക്കിയിരുന്നു.

മാടമ്ബി, സീനിയേഴ്സ്, ഭ്രമരം, ലൗഡ്‌സ്പീക്കര്‍, മകന്റെ അച്ചന്‍, പാസഞ്ചര്‍ സൈക്കിള്‍, സ്വന്തം ലേഖകന്‍, ബോഡിഗാര്‍ഡ്, ഒരിടത്തൊരു പോസ്റ്റ്മാന്‍, അര്‍ജുനന്‍ സാക്ഷി, സിറ്റി ഓഫ് ഗോഡ്, മാണിക്യക്കല്ല് തുടങ്ങിയ സിനിമകളിലും ഗാനരചന നിര്‍വഹിച്ചു.

ആലപ്പുഴ ജില്ലയില്‍ കായംകുളം ഗോവിന്ദമുട്ടത്ത് വാരണപ്പള്ളി പനച്ചൂര്‍ വീട്ടില്‍ ഉദയഭാനു ദ്രൗപതി ദമ്ബതികളുടെ മകനായി 1965 നവംബര്‍ 20-നാണ് അനില്‍ പനച്ചൂരാന്‍ ജനിച്ചത്. നങ്ങ്യാര്‍കുളങ്ങര ടി.കെ.എം. കോളേജ്, തിരുവനന്തപുരം ലോ അക്കാദമി, വാറംകല്‍ കാകദീയ സര്‍വകലാശാല എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. ഭാര്യ:മായ, മകള്‍:ഉണ്ണിമായ.

Leave a Reply

Your email address will not be published. Required fields are marked *