ശക്തികേന്ദ്രങ്ങളിലെ വോട്ട് ചോർച്ച പരിശോധിക്കാൻ സിപിഎം തീരുമാനം

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ ശക്തികേന്ദ്രങ്ങളിലെ വോട്ട് ചോർച്ച പരിശോധിക്കാൻ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ തീരുമാനം. തദ്ദേശ തെരഞ്ഞെടുപ്പിൽ 98 നിയമസഭാ സീറ്റുകളിൽ ഇടത് മുന്നണി മുന്നിലെത്തിയെന്നും സിപിഎം വിലയിരുത്തി. നാളെ ആരംഭിക്കുന്ന സംസ്ഥാന സമിതിയില്‍ വിശദമായ ചര്‍ച്ച നടക്കും.

തദ്ദേശ തെരഞ്ഞെടുപ്പിലെ മികച്ച വിജയത്തിനിടയിലും ചിലയിടങ്ങളിലെ അപ്രതീക്ഷിത പരാജയങ്ങൾ സിപിഎമ്മിന് തിരിച്ചടിയായിരുന്നു. പരമ്പരാഗതമായി ഇടത് മുന്നണിക്ക് വോട്ട് ലഭിച്ചിരുന്ന ആറ്റിങ്ങൽ, വർക്കല, പന്തളം മേഖലകളിലെ ബിജെപി മുന്നേറ്റത്തില്‍ പാര്‍ട്ടി വിശദമായ ചര്‍ച്ച നടത്തുന്നുണ്ട്. കഴിഞ്ഞ തവണ അധികാരം കിട്ടിയ തദ്ദേശ സ്ഥാപനങ്ങള്‍ ഇത്തവണ നഷ്ടപ്പെട്ടത് എങ്ങനെയെന്ന പരിശോധനയും നടക്കും. ഇത് സംബന്ധിച്ച് ജില്ലാകമ്മിറ്റികള്‍ നല്‍കിയ റിപ്പോര്‍ട്ട് നാളെ ആരംഭിക്കുന്ന സംസ്ഥാന സമിതി വിശദമായി ചര്‍ച്ച ചെയ്യും. ജില്ലാ പഞ്ചായത്ത്, കോര്‍പ്പറേഷന്‍, മുനിസിപ്പാലിറ്റി എന്നിവിടങ്ങളിലെ വോട്ട് നില പരിശോധിച്ചപ്പോള്‍ 98 നിയമസഭാ സീറ്റുകളിൽ ഇടതു മുന്നണി മുന്നിലെത്തിയെന്നും സിപിഎം വിലയിരുത്തി. ‌‌41 സീറ്റുകളിൽ യുഡിഎഫും നേമത്ത് ബിജെപിയുമാണ് മുന്നിൽ.

ഇടത് മുന്നണിക്ക് 42 ശതമാനത്തിലധികം വോട്ട് ലഭിച്ചപ്പോള്‍ 38 ശതമാനം വോട്ട് മാത്രമാണ് യുഡിഎഫിന് കിട്ടിയത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലേത് പോലെ ബിജെപിക്ക് 15 ശതമാനത്തോളം വോട്ട് മാത്രമേ ലഭിച്ചുള്ളുവെന്നും സിപിഎം വിലയിരുത്തുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *