നെയ്യാറ്റിന്‍കര ഡിവൈഎസ്പി ഹരികുമാറിനെതിരെ കൊലക്കുറ്റത്തിന് കേസ്
തിരുവനന്തപുരം: നെയ്യാറ്റിന്‍കര ഡിവൈഎസ്പി ഹരികുമാറിനെതിരെ കൊലക്കുറ്റത്തിന് കേസ്. ഹരികുമാറുമായുള്ള തര്‍ക്കത്തിനിടെ യുവാവ് മരിച്ച സംഭവത്തിലാണ് കേസെടുത്തത്. നെയ്യാറ്റിന്‍കര പൊലീസാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. ഇന്നലെ രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം. വാഹനം മാറ്റിയിടുന്നതിനിടെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് യുവാവിന്റെ മരണത്തില്‍ കലാശിച്ചത്. നെയ്യാറ്റിന്‍കര അതിയന്നൂര്‍ കൊടങ്ങാവിളയില്‍ സനല്‍കുമാര്‍ (32)ആണ് മരിച്ചത്.
വാഹനം പാര്‍ക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് നെയ്യാറ്റിന്‍കര ഡിവൈഎസ്പി ബി.ഹരികുമാര്‍ സനലിനെ മര്‍ദ്ദിച്ചതിന് ശേഷം റോഡിലേക്ക് തള്ളിയിടുകയായിരുന്നു. ഈ സമയം റോഡിലൂടെ വന്ന കാര്‍ സനലിന്റെ ശരീരത്തുകൂടി കയറി ഇറങ്ങി. പോലീസും നാട്ടുകാരും ചേര്‍ന്ന് സനലിനെ നെയ്യാറ്റിന്‍കര താലൂക്ക് ആശുപത്രിയിലും, തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.