നിയമസഭ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ഡി ജി പി മാറേണ്ടതില്ലെന്ന് ടിക്കാറാം മീണ

തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ഡി ജി പി മാറേണ്ടതില്ലെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍. നിലവിലെ നിര്‍ദേശം ഡി ജി പിക്ക് ബാധകമല്ലെന്നും ലോക്‌നാഥ് ബെഹ്റയുടെ കാര്യത്തില്‍ മറ്റൊരു നടപടി വേണോയെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനിക്കുമെന്നും ടിക്കാറാം മീണ വ്യക്തമാക്കി.

ഒരേ പദവിയില്‍ മൂന്ന് വര്‍ഷമായ പൊലീസ്, റവന്യൂ ഉദ്യോഗസ്ഥരെ തിരഞ്ഞെടുപ്പിന് മുമ്ബ് സ്ഥലം മാറ്റണമെന്നാണ് കമ്മിഷന്റെ നിര്‍ദേശം. ഇതനുസരിച്ച്‌ മൂന്നര വര്‍ഷമായി പൊലീസ് മേധാവിയായി തുടരുന്ന ലോക്‌നാഥ് ബെഹ്റ സ്ഥാനം ഒഴിയേണ്ടിവരുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. എന്നാല്‍ ബെഹ്‌റയ്‌ക്ക് തിരഞ്ഞെടുപ്പിലും ഡി ജി പിയായി തുടരാം.

ഏപ്രില്‍ അവസാനമോ മേയ് ആദ്യമോ തിരഞ്ഞെടുപ്പ് നടത്താനാണ് ആലോചനയെന്നും ടിക്കാറാം മീണ വ്യക്തമാക്കി. മാര്‍ച്ച്‌ രണ്ടാം വാരം തിരഞ്ഞെടുപ്പ് വിജ്ഞാപനം വരും. എണ്‍പത് വയസ് കഴിഞ്ഞവര്‍ക്കും അംഗപരിമിതര്‍ക്കും ബൂത്തിലെത്താതെ വോട്ട് ചെയ്യാമെന്നതാണ് ഇത്തവണത്തെ ഏറ്റവും വലിയ പരിഷ്‌കാരം. ഈ വിഭാഗത്തിലുളളവര്‍ കളക്‌ടര്‍ക്ക് അപേക്ഷ നല്‍കിയാല്‍ തപാല്‍ വോട്ടിന് അനുമതി നല്‍കും.

Leave a Reply

Your email address will not be published. Required fields are marked *