കോണ്‍ഗ്രസിന്​ മേജര്‍ സര്‍ജറി വേണമെന്ന്​ കെ. മുരളീധരന്‍

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ തിരിച്ചടിയില്‍ നേതൃത്വത്തിനെതിരെ വിമര്‍ശനമുന്നയിച്ച്‌​ കെ. മുരളീധരന്‍ എം.പി. മുഖ്യമന്ത്രിയാകാന്‍ തയാറെടുത്തിരിക്കുന്നവര്‍ ഈ ശൈലി മതിയാകില്ലെന്ന് തിരിച്ചറിയണമെന്നും തൊലിപ്പുറത്തുള്ള ചികിത്സയല്ല മേജര്‍ സര്‍ജറി തന്നെയാണ് കോണ്‍ഗ്രസിന് ആവശ്യമെന്നും അദ്ദേഹം വാര്‍ത്തസമ്മേളനത്തില്‍ പ്രതികരിച്ചു.

കെ.പി.സി.സി ഓഫിസില്‍ മുറിയടച്ചിട്ട് മൂന്നോ നാലോ പേര്‍ ചര്‍ച്ച നടത്തുന്ന രീതിയാണ്​ ഇന്നുള്ളത്. വിമര്‍ശിക്കുന്നവരെ ശരിയാക്കുകയാണ്​. ഇങ്ങനെ പോയാല്‍ ഇനിയും ഇതേഫലം ആവര്‍ത്തിക്കും. തോറ്റിട്ട് ജയിച്ചെന്ന് പറയുന്നതില്‍ കാര്യമില്ല. നമ്മള്‍ പറയുന്നത് ജനം കേള്‍ക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കണ്ണൂര്‍ കോര്‍പറേഷനിലെ വിജയം ഉദാഹരണമാക്കി പ്രവര്‍ത്തിക്കണമെന്ന്​ അദ്ദേഹം ആവശ്യപ്പെട്ടു. ജംബോ കമ്മിറ്റികള്‍ ആദ്യം പിരിച്ചുവിടണം. മന്ത്രിമാരാകാനും മുഖ്യമന്ത്രിയാകാനും തയാറായി നില്‍ക്കുന്ന നേതാക്കള്‍ ആത്മാര്‍ഥ പ്രവര്‍ത്തനം നടത്തണം. വര്‍ഷങ്ങളായി യു.ഡി.എഫിന് ലഭിച്ചിരുന്ന ന്യൂനപക്ഷ വോട്ടില്‍ ഇത്തവണ ചേരിതിരിവുണ്ടായി. ഗ്രൂപ് വെച്ച്‌ സ്ഥാനാര്‍ഥിയെ നിര്‍ണയിച്ചതിനാല്‍ അര്‍ഹര്‍ക്ക് സീറ്റ് നല്‍കിയില്ല. അതിനാല്‍ പലയിടത്തും വിമതരുണ്ടായി. എല്‍.ജെ.ഡിയും കേരള കോണ്‍ഗ്രസും മുന്നണിവിട്ടത്​ യു.ഡി.എഫിന് നഷ്​ടമുണ്ടാക്കി. വെല്‍​െഫയര്‍ പാര്‍ട്ടി ബന്ധത്തെ ചൊല്ലി അനാവശ്യ വിവാദമുണ്ടാക്കിയതും മുന്നണിയുടെ കെട്ടുറപ്പിന് ക്ഷീണമുണ്ടാക്കി. ലൈഫ്​ മിഷനില്‍ അഴിമതിയാണ്. എന്നാല്‍, പദ്ധതിതന്നെ ഉണ്ടാകില്ലെന്ന പ്രചാരണം തെറ്റായ സന്ദേശം നല്‍കിയെന്നും മുരളീധരന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *