വ്യാജ വാര്‍ത്ത: കര്‍ശന നടപടിസ്വീകരിക്കുമെന്ന് തൃശൂര്‍ ജില്ലാ കലക്ടര്‍

തൃശൂര്‍:കോവിഡ് രോഗികളുടെ വോട്ടെടുപ്പുമായി ബന്ധപ്പെട്ട് വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ജില്ലാ കലക്ടര്‍. വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളുമായി നടത്തിയ യോഗത്തിലാണ് തീരുമാനം. കോവിഡ് രോഗികള്‍ വോട്ട് ചെയ്യാന്‍ എത്തുന്നു എന്ന ഭീതി പരത്തുന്ന സന്ദേശങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികളോ മറ്റ് ആളുകളോട പറഞ്ഞ് പരത്താന്‍ പാടുള്ളതല്ല. ഡിസംബര്‍ ഒന്‍പതിന് മൂന്നു മണിക്ക് ശേഷം ആറു മണി വരെ ജില്ലാ മെഡിക്കല്‍ ഓഫീസറുടെ പ്രത്യേക നിര്‍ദ്ദേശ പ്രകാരം അനുമതി ലഭിക്കുന്ന കോവിഡ് രോഗികള്‍ക്കും ക്വാറന്റീനില്‍ കഴിയുന്നവര്‍ക്കും പോളിംഗ് ബൂത്തില്‍ നേരിട്ടെത്തി വോട്ട് ചെയ്യാനുള്ള സൗകര്യം ഉണ്ടായിരിക്കും.

പോളിംഗ് ബൂത്തില്‍ എത്തുന്ന മറ്റ് വോട്ടര്‍മാരുടെ വോട്ടിംഗ് കഴിഞ്ഞതിന് ശേഷം മാത്രമായിരിക്കും കോവിഡ് രോഗികള്‍ക്ക് വോട്ട് ചെയ്യാനുള്ള സൗകര്യമൊരുക്കുക. ഇവര്‍ക്ക് കാത്തിരിക്കാനായി പ്രത്യേക മുറികള്‍ ഓരോ പോളിംഗ് ബൂത്തിലും ഒരുക്കും. കോവിഡ് രോഗികളുടെയും ക്വാറന്റീനില്‍ കഴിയുന്നവരുടെയും താമസ സ്ഥലത്തെത്തി സ്‌പെഷ്യല്‍ വോട്ടുകള്‍ രേഖപ്പെടുത്തുന്നതിന് ആരോഗ്യ വകുപ്പിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരടക്കമുള്ള ഉദ്യോഗസ്ഥര്‍ക്കുകൂടി ചുമതല നല്‍കും.

തിരഞ്ഞെടുപ്പിന്റെ ശരിയായ നടത്തിപ്പിനായി വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ സംയമനം പാലിച്ചു കൊണ്ടുള്ള പ്രചരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടണം. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശന നടപടിയെടുക്കുമെന്നും കലക്ടര്‍ അറിയിച്ചു. ചേര്‍പ്പില്‍ അടുത്തിടെ പോസ്റ്റര്‍ പതിക്കുന്നതുമായി ബന്ധപ്പെട്ട് വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രവര്‍ത്തകരും പൊലീസുമായി ഉണ്ടായ സംഘര്‍ഷവസ്ഥ കണക്കിലെടുത്താണ് തീരുമാനം. ഡെപ്യൂട്ടി കലക്ടര്‍ (ഇലക്ഷന്‍)യു ഷീജ ബീഗം, തൃശൂര്‍ റൂറല്‍ എസ് പി ആര്‍.വിശ്വനാഥ്, സിറ്റി പൊലീസ് കമ്മീഷണര്‍ ആര്‍.ആദിത്യ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *