ബുറേവി നേരിടാന്‍ കേരളം സജ്ജം: മുഖ്യമന്ത്രി

തിരുവനന്തപുരം: ബുറേവി ചുഴലിക്കാറ്റ് കേരളത്തില്‍ പ്രവേശിക്കുമ്ബോള്‍ കേരളത്തില്‍ ഉണ്ടാകാനിടയുള്ള പ്രതിസന്ധികള്‍ നേരിടാന്‍ കേരളം സജ്ജമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. രക്ഷാ സേനകള്‍ സജ്ജമാക്കി ആവശ്യമായ ഇടങ്ങളില്‍ വിന്യസിച്ചതായും അദ്ദേഹം വ്യക്തമാക്കി.

‘ബുറേവി’ ചുഴലിക്കാറ്റ് വ്യാഴാഴ്ച അര്‍ദ്ധരാത്രിയോട് കൂടിയോ വെള്ളിയാഴ്ച പുലര്‍ച്ചെയോടെയോ ചുഴലിക്കാറ്റ് തെക്കന്‍ തമിഴ്നാട്ടിലെ തൂത്തുക്കുടി തീരം വഴി കരയില്‍ പ്രവേശിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്ത്യന്‍ തീരത്ത് പ്രവേശിക്കുമ്ബോള്‍ ചുഴലിക്കാറ്റിന് അകത്തെ കാറ്റിന്റെ പരമാവധി വേഗത മണിക്കൂറില്‍ ഏകദേശം 70 മുതല്‍ 80 കിലോമീറ്റര്‍ ആയിരിക്കും.

കരയിലൂടെ സഞ്ചരിക്കുന്നതോടെ ചുഴലിക്കാറ്റ് ശക്തി കുറയുകയും അതിതീവ്ര ന്യൂനമര്‍ദമായി മാറി കേരളത്തിലേക്ക് പ്രവേശിക്കുകയും തുടര്‍ന്ന് കേരളത്തിലൂടെ അറബിക്കടലിലേക്ക് കടക്കുകയും ചെയ്യുമെന്നാണ് പ്രവചനം. കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്ന സഞ്ചാരപഥത്തിലൂടെ തന്നെ ചുഴലിക്കാറ്റ് സഞ്ചരിക്കുകയാണെങ്കില്‍ ചുഴലിക്കാറ്റിന്റെ കേന്ദ്രം കൊല്ലം-തിരുവനന്തപുരം അതിര്‍ത്തി പ്രദേശങ്ങളിലൂടെയായിരിക്കും കേരളത്തിലേക്ക് പ്രവേശിക്കുന്നത്. വെള്ളിയാഴ്ച പകല്‍ കേരളത്തിലൂടെ സഞ്ചരിച്ച്‌ അറബിക്കടലിലേക്ക് എത്താനാണ് സാധ്യത.
കരയിലൂടെ സഞ്ചരിക്കുമ്ബോള്‍ കാറ്റിന്റെ ശക്തി കുറഞ്ഞു വരും. നിലവിലെ പ്രവചനം അനുസരിച്ച്‌ കേരളത്തില്‍ എത്തുമ്ബോള്‍ പരമാവധി വേഗത മണിക്കൂറില്‍ 60 കിലോമീറ്ററിലും താഴെയായിരിക്കും.

ചുഴലിക്കാറ്റ് കേന്ദ്രം കടന്നുപോകുന്നതിന്റെ വടക്ക് ഭാഗങ്ങളില്‍ കൂടുതല്‍ മഴ ഉണ്ടാകുന്നതാണ് ബുറേവിയുടെ ഇതുവരെയുള്ള സ്വഭാവം. അതുകൊണ്ടുതന്നെ സഞ്ചാരപഥത്തിന് പുറമെ കൊല്ലം ജില്ലയുടെ വടക്കന്‍ മേഖലയിലും പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ ജില്ലകളിലും കൂടുതല്‍ മഴയ്ക്ക് സാധ്യതയുണ്ട്. ഇന്ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ജില്ലകളില്‍ മണിക്കൂറില്‍ 50 മുതല്‍ 60 കിമീ വരെ വേഗതയുള്ള ശക്തമായ കാറ്റും പ്രതീക്ഷിക്കാം. അതിതീവ്ര മഴ പെയ്യുന്ന സാഹചര്യത്തില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെടാനും മലയോര മേഖലയില്‍ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലുമുണ്ടാകാനുള്ള സാധ്യതയും ഉണ്ട്. വലിയ പ്രളയ സാഹചര്യം നിലവില്‍ പ്രതീക്ഷിക്കുന്നില്ല. ശക്തമായ കാറ്റില്‍ മേല്‍ക്കൂര ശക്തമല്ലാത്ത വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും അപകടങ്ങള്‍ സംഭവിക്കാം. മരം, പോസ്റ്റുകള്‍, വൈദ്യുത കമ്ബികള്‍, ബോര്‍ഡുകള്‍ തുടങ്ങിയവയെല്ലാം പൊട്ടിവീണുള്ള അപകടങ്ങള്‍ പ്രതീക്ഷിക്കാം. ചുഴലിക്കാറ്റ് കേരളം കടന്നുപോകുന്നത് വരെ അതീവ ജാഗ്രത പാലിക്കേണ്ടതുണ്ട്.
സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി 2020 നവംബര്‍ 28നുതന്നെ ചുഴലിക്കാറ്റ് രൂപീകരണ സാധ്യത മനസ്സിലാക്കിയതായി മുഖ്യമന്ത്രി പറഞ്ഞു.

അത് സംബന്ധിച്ചുള്ള മുന്നറിയിപ്പുകളും തയ്യാറെടുപ്പ് നിര്‍ദേശങ്ങളും ജില്ലാ ദുരന്ത നിവരാണ അതോറിറ്റികള്‍ക്കും ബന്ധപ്പെട്ട വകുപ്പുകള്‍ക്കും നല്‍കി. നവംബര്‍ 30ന് അര്‍ദ്ധരാത്രിയോടുകൂടി മല്‍സ്യബന്ധനത്തിന് പൂര്‍ണ്ണ നിരോധനം ഏര്‍പ്പെടുത്തി. കടലില്‍ പോയവരെ തിരിച്ചെത്തിക്കാന്‍ നടപടികള്‍ ഫിഷറീസ് വകുപ്പ്, കോസ്റ്റ് ഗാര്‍ഡ്, കോസ്റ്റല്‍ പോലീസ്, മറൈന്‍ എന്‍ഫോഴ്സ്മെന്‍റ് എന്നിവരുടെ നേതൃത്വത്തില്‍ നടത്തി. മല്‍സ്യബന്ധന ഗ്രാമങ്ങളിലും ഹാര്‍ബറുകളിലും അനൗണ്‍സ്മെന്‍റ് ഉള്‍പ്പെടെയുള്ള നടപടികള്‍ വഴി തീരദേശ ജനതയിലേക്ക് മുന്നറിയിപ്പ് എത്തിച്ചു. മുന്നറിയിപ്പ് പ്രഖ്യാപിച്ച 7 ജില്ലകളിലും കളക്ടര്‍മാരുടെ നേതൃത്വത്തില്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റികളുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും അവലോകന യോഗം ചേര്‍ന്നു. തയ്യാറെടുപ്പുകള്‍ വിലയിരുത്തുകയും ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തു.
പൊലീസ്, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസ്, സിവില്‍ ഡിഫന്‍സ് തുടങ്ങിയ രക്ഷാ സേനകള്‍ സജ്ജമാക്കി ആവശ്യമായ ഇടങ്ങളില്‍ വിന്യസിച്ചു. ദേശീയ ദുരന്ത നിവാരണ സേനയുടെ 8 ടീമുകളെ വിവിധ ജില്ലകളിലായി വിന്യസിച്ചു.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം എന്നീ ജില്ലകളില്‍ ഓരോ ടീമിനെ വീതവും ഇടുക്കിയില്‍ 2 ടീം എന്‍ഡിആര്‍എഫിനെയുമാണ് വിന്യസിച്ചിട്ടുള്ളത്. വ്യോമസേനയോട് ഹെലികോപ്ടറും ഫിക്സഡ് വിങ് എയര്‍ക്രാഫ്റ്റും തയ്യാറാക്കി നിര്‍ത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങളില്‍ കടലില്‍ രക്ഷാപ്രവര്‍ത്തനം നടത്താന്‍ നാവികസേനയോട് അറബിക്കടലില്‍ 30 നോട്ടിക്കല്‍ മൈല്‍ അകലെയായി കപ്പലുകള്‍ തയ്യാറാക്കി നിര്‍ത്താന്‍ ആവശ്യപ്പെട്ടു. ആര്‍മിയോടും അര്‍ദ്ധ സൈനിക വിഭാഗങ്ങളോടും സജ്ജരായി ഇരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
മുന്നറിയിപ്പുള്ള ജില്ലകളില്‍ സുരക്ഷ മുന്‍നിര്‍ത്തി ആളുകളെ മാറ്റി താമസിപ്പിക്കാന്‍ 2891 ദുരിതാശ്വാസ ക്യാമ്ബുകള്‍ സജ്ജമാക്കി. സംസ്ഥാന തലത്തില്‍ ദുരന്ത നിവാരണ അതോറിറ്റിയുടെ സ്റ്റേറ്റ് എമെര്‍ജന്‍സി ഓപ്പറേഷന്‍സ് സെന്‍ററും ജില്ലകളില്‍ ഡിസ്ട്രിക്‌ട് എമര്‍ജന്‍സി ഓപ്പറേഷന്‍സ് സെന്‍ററുകളും താലൂക്ക് കണ്ട്രോള്‍ റൂമുകളും 24 മണിക്കൂറും പൂര്‍ണ്ണ സജ്ജമായി പ്രവര്‍ത്തിക്കുന്നു. ഓരോ മൂന്ന് മണിക്കൂറിലും പൊതുജനങ്ങള്‍ക്കും മറ്റ് സംവിധാനങ്ങള്‍ക്കുമായി ചുഴലിക്കാറ്റിന്‍റെ വികാസവും സഞ്ചാരപഥവുമായി ബന്ധപ്പെട്ടിട്ടുള്ള വിവരങ്ങള്‍ ദുരന്ത നിവാരണ അതോറിറ്റി നല്‍കുന്നുണ്ട്.

വൈദ്യുതി വിതരണം, ശബരിമല തീര്‍ത്ഥാടനം, അണക്കെട്ടുകള്‍ തുടങ്ങിയവ സംബന്ധിച്ച്‌ പ്രത്യേക നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഓരോ അപ്ഡേറ്റുകളുടെയും അടിസ്ഥാനത്തില്‍ ചുഴലിക്കാറ്റിന്റെ സ്വാധീനം എത്താന്‍ സാധ്യതയുള്ള തദ്ദേശ സ്ഥാപനങ്ങളുടെ പട്ടികയും ഭൂപടവും തയ്യാറാക്കി ദുരന്ത നിവാരണ അതോറിറ്റി വെബ്സൈറ്റിലൂടെ ലഭ്യമാക്കുന്നുണ്ട്. ടെലികോം ഓപ്പറേറ്റര്‍മാരോട് കമ്യൂണിക്കേഷന്‍ ഓണ്‍ വീല്‍സ് സൗകര്യം തയ്യാറാക്കി വെക്കാനും ഡീസല്‍ ജനറേറ്ററുകള്‍ ടവറുകളില്‍ സജ്ജമാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കാബിനറ്റ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ നടന്ന അവലോകനയോഗത്തില്‍ സംസ്ഥാനത്തെ തയ്യാറെടുപ്പുകള്‍ കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചു. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ സ്റ്റേറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം ചേര്‍ന്ന് വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനം വിലയിരുത്തുകയും ആവശ്യമായ തയ്യാറെടുപ്പ് നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തു. ഡിസംബര്‍ 2ന് വൈകിട്ട് സംസ്ഥാന റിലീഫ് കമ്മീഷ്ണര്‍ ജില്ലാ കളക്ടര്‍മാരുടെ അവലോകന യോഗം ചേര്‍ന്ന് തയ്യാറെടുപ്പുകള്‍ വിലയിരുത്തി.

ബുധനാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായും വ്യാഴാഴ്ച രാവിലെ ആഭ്യന്തരമന്ത്രി അമിത്ഷായുമായും സംസാരിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. എന്തു സഹായവും നല്‍കാന്‍ തയ്യാറാണെന്നും ഏതു പ്രശ്നമുണ്ടായാലും വിളിക്കാന്‍ മടിക്കേണ്ടതില്ലെന്നും അമിത് ഷാ അറിയിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. ഇവിടെയുള്ള സേനകളുടെ സ്ഥിതിയും സ്വീകരിച്ച നടപടികളും അദ്ദേഹത്തെ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *