ഹെര്‍ബര്‍ട്ട് റോഡിലെ ബസ് ടെര്‍മിനലിന്റെ നിര്‍മാണത്തിന് നഗരസഭയുടെ അനുമതി

കുന്നംകുളം :  ഹെര്‍ബര്‍ട്ട് റോഡിലെ ബസ് ടെര്‍മിനല്‍ കം ഷോപ്പിങ് കോംപ്ലക്‌സിന്റെ നിര്‍മാണം കരാറെടുത്ത ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ- ഓപ്പറേറ്റീവ് സൊസൈറ്റിയും നഗരസഭയും തമ്മിലുള്ള അന്തിമ കരാറിനു നഗരസഭ കൗണ്‍സിലിന്റെ അടിയന്തര യോഗം ഐകകണ്‌ഠ്യേന അനുമതി നല്‍കി. ഒരു വര്‍ഷത്തിനകം നിര്‍മാണം പൂര്‍ത്തീകരിക്കും.

13 കോടി രൂപയോളം ചെലവു വരുന്ന നിര്‍മാണം ബസ് സ്റ്റാന്‍ഡ് ടെര്‍മിനല്‍, ഷോപ്പിങ് കോംപ്ലക്‌സ് എന്നിങ്ങനെ രണ്ടു ഘട്ടങ്ങളായി തിരിച്ചിട്ടുണ്ട്. ബസ് ടെര്‍മിനല്‍ നിര്‍മാണത്തിന് ആവശ്യമായ തുക അര്‍ബന്‍ ബാങ്കില്‍നിന്നു നഗരസഭ വായ്പയെടുക്കുകയാണ്.
ഷോപ്പിങ് കോംപ്ലക്‌സ് പണിയുന്നതിനു 4.35 കോടി രൂപ മന്ത്രി എ.സി.മൊയ്തീന്റെ ഫണ്ടില്‍നിന്ന് അനുവദിച്ചു. ഇതില്‍ ബസ് ടെര്‍മിനല്‍ പണിയാനുള്ള കരാറിനാണ് ഇന്നലെ കൗണ്‍സില്‍ യോഗം അനുമതി നല്‍കിയത്. എംഎല്‍എ ഫണ്ട് ഉപയോഗിച്ചുള്ള നിര്‍മാണ കരാറിനു ജില്ലാ പഞ്ചായത്ത് എന്‍ജിനീയറിങ് വിഭാഗമാണ് അനുമതി നല്‍കേണ്ടത്. ഇതിന്റെ നടപടി പുരോഗമിച്ചു വരികയാണ്. ഈയിടെ ഊരാളുങ്കല്‍ സൊസൈറ്റി നടത്തിയ ബലപരിശോധനയില്‍ പാതിവഴിയില്‍ നിലച്ച ബസ് സ്റ്റാന്‍ഡ് കെട്ടിടത്തിന്റെ എതാനും തൂണുകള്‍ക്കു ബലക്ഷയമുണ്ടെന്നു കണ്ടെത്തിയിരുന്നു. എന്നാല്‍ വിഗദ്ധ സമിതി പരിശോധിച്ച ശേഷം മാത്രം തീരുമാനിക്കണമെന്ന് ആവശ്യപ്പെട്ടു യുഡിഎഫ് അംഗങ്ങള്‍ മുന്‍പു നടന്ന കൗണ്‍സില്‍ യോഗത്തില്‍ പ്രതിഷേധിച്ചെങ്കിലും പൊളിച്ചു നീക്കാന്‍ തീരുമാനിച്ചിരുന്നു. ഈ തീരുമാനത്തിനു സര്‍ക്കാര്‍ അനുമതി ഉടന്‍ ലഭിക്കുമെന്നു നഗരസഭാധ്യക്ഷ സീത രവീന്ദ്രന്‍ യോഗത്തില്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *