റെയ്‌ഡിന് വരുന്ന വിജിലൻസ് ഉദ്യോഗസ്ഥരെ കെ എസ് എഫ് ഇ ശാഖകളിൽ കയറ്റരുത് : തോമസ് ഐസക്ക്

ആലപ്പുഴ: കെ എസ് എഫ് ഇ ശാഖകളിൽ നടന്ന വിജിലൻസ് റെയ്‌ഡിന് പിന്നാലെ കർശന നിലപാടുമായി ധനമന്ത്രി തോമസ് ഐസക്ക്. ചട്ടപ്രകാരമല്ലാതെ റെയ്ഡിന് വരുന്ന വിജിലൻസ് ഉദ്യോഗസ്ഥരെ ശാഖകളിൽ കയറ്റരുതെന്ന നിർദേശം അദ്ദേഹം കെ എസ് എഫ് ഇ ഉദ്യോഗസ്ഥർക്ക് നൽകി.

കെ എസ് എഫ് ഇ ഡയറക്‌ടർ ബോർഡ് യോഗത്തിലാണ് മന്ത്രിയുടെ നിർദേശം. വിജിലൻസ് സംഘം മോശമായാണ് പെരുമാറിയതെന്നും ജീവനക്കാരെ മാനസികമായി പീഡിപ്പിച്ചതായും കെ എസ് എഫ് ഇ അധികൃതർ മന്ത്രിയോട് പരാതിപ്പെട്ടു. ഇതേത്തുടർന്നാണ് കർക്കശ നിലപാട് മന്ത്രി എടുത്തത്.

പെട്ടെന്നും കൂട്ടത്തോടെയുമുളള ഇത്തരം റെയ്ഡുകൾ കെ എസ് എഫ് ഇയുടെ വിശ്വാസ്യത തകർക്കാനേ ഉപകരിക്കുകയുളളൂവെന്ന് മന്ത്രി പറഞ്ഞു.

ഏതെങ്കിലും പ്രത്യേക പരാതികളുടെ അടിസ്ഥാനത്തിൽ പരിശോധന ആകാം. എന്നാൽ അത് കെ എസ് എഫ് ഇ മാനേജ്മെന്റിനെ അറിയിക്കണം. പ്രത്യേക പരാതികളുടെ അടിസ്ഥാനത്തിൽ ശാഖകളിൽ കൂട്ട പരിശോധന നടത്തേണ്ട ആവശ്യമില്ല. അങ്ങനെ ഏതെങ്കിലും ഉദ്യോഗസ്ഥൻ വന്നാൽ അനുവദിക്കരുത്. ശാഖകളിൽ കയറ്റുകയും ചെയ്യരുത്. എവിടെയൊക്കെയാണ് പരിശോധനയെന്ന കാര്യവും അറിയിക്കണമെന്നും ധനമന്ത്രി വ്യക്തമാക്കി.

മുഖ്യമന്ത്രിയോ അദ്ദേഹത്തിന്റെ ഓഫീസോ അറിയാതെയാണ് റെയ്ഡ് നടന്നത്. ആരാണ് ഇത് ആസൂത്രണം ചെയ്‌തതെന്ന് അന്വേഷിക്കുന്നുണ്ട്- മന്ത്രി പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *