ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് ആശയത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ വേണം: നരേന്ദ്രമോദി

ന്യൂദല്‍ഹി: ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് ആശയത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

. ലോക്‌സഭ, നിയമസഭ, തദ്ദേശ ഭരണകൂടങ്ങള്‍ തുടങ്ങി എല്ലാ തലത്തിലും ഒരുമിച്ച്‌ തെരഞ്ഞെടുപ്പ് നടത്തുന്നതിനെ പറ്റി ആലോചിക്കണം. ഗുജറാത്തിലെ കെവാദിയയില്‍ നടക്കുന്ന എണ്‍പതാമത് ഓള്‍ ഇന്ത്യ പ്രിസൈഡിങ് ഓഫീസേഴ്‌സ് കോണ്‍ഫറന്‍സിന്റെ സമാപന സമ്മേളനത്തെഅഭിസംബോധന ചെയ്യുകയായിരുന്നു മോദി. ഗാന്ധിജിയുടെ പ്രചോദനവും സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ പ്രതിബദ്ധതയും ഓര്‍ക്കേണ്ട ദിവസമാണ് ഇതെന്ന് അദ്ദേഹം പറഞ്ഞു. 2008 ല്‍ ഇതേ ദിവസം, മുംബൈ ഭീകരാക്രമണത്തില്‍ ഇരകളായവരെയും പ്രധാനമന്ത്രി അനുസ്മരിച്ചു. സുരക്ഷാസേനയിലെ വീരമൃത്യുവരിച്ചവര്‍ക്ക് അദ്ദേഹം ആദരാഞ്ജലികളര്‍പ്പിച്ചു.

1970കളിലെ അടിയന്തരാവസ്ഥയെ കുറിച്ച്‌ പരാമര്‍ശിച്ച പ്രധാനമന്ത്രി, അത് അധികാര വിഭജനത്തിന്റെ മാന്യതയ്ക്ക് എതിരായിരുന്നു എന്നും, അതിനുള്ള ഉത്തരം ഭരണഘടനയില്‍ തന്നെ ഉണ്ടെന്നും വ്യക്തമാക്കി. അധികാര വിഭജനത്തെ പറ്റി ഭരണഘടനയില്‍ വിശദമായി പ്രതിപാദിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

പ്രതിസന്ധി കാലയളവില്‍ നമ്മുടെ ഭരണഘടനയുടെ ശക്തി നമ്മെ സഹായിച്ചതായി പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യന്‍ തിരഞ്ഞെടുപ്പ് സംവിധാനം പൂര്‍വസ്ഥിതി പ്രാപിച്ചതും, കൊറോണ മഹാമാരിക്കെതിരായ പ്രതികരണവും അത് തെളിയിച്ചതായി അദ്ദേഹം പറഞ്ഞു. കൊറോണക്കെതിരായ പോരാട്ടത്തിന് ശമ്ബളത്തിന്റെ ഒരുഭാഗം നല്‍കുകയും സമീപകാലത്ത് നിരവധി പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്ത പാര്‍ലമെന്റ് അംഗങ്ങളെ പ്രധാനമന്ത്രി അഭിനന്ദിച്ചു. ഉത്തരവാദിത്വത്തിന്റെ പ്രാധാന്യത്തെപ്പറ്റി, എടുത്ത് പറഞ്ഞ് അദ്ദേഹം ഉത്തരവാദിത്തങ്ങളെ അവകാശം, അന്തസ്സ്, ആത്മവിശ്വാസം എന്നിവയുടെ സ്രോതസ്സായി പരിഗണിക്കണമെന്നും ആവശ്യപ്പെട്ടു.

ഭരണഘടനയുടെ മൂല്യങ്ങള്‍ക്ക് കൂടുതല്‍ പ്രചാരണം നല്‍കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ഡിജിറ്റല്‍ സുരക്ഷയ്ക്ക് നിങ്ങളുടെ ഉപഭോക്താവിനെ അറിയുക അഥവാ കെ.വൈ.സി പ്രധാന പങ്കുവഹിക്കുന്നത് പോലെ, ഭരണഘടനയുടെ സംരക്ഷണ കവചം ലഭിക്കുന്നതിനായി,നിങ്ങളുടെ ഭരണഘടനയെ അറിയുക എന്ന കെ.വൈ.സി പ്രാധാന്യമര്‍ഹിക്കുന്നതായി മോദി പറഞ്ഞു. നമ്മുടെ നിയമങ്ങളുടെ ഭാഷ ലളിതവും സാധാരണക്കാര്‍ക്ക് മനസ്സിലാകുന്ന വിധത്തില്‍ ഉള്ളതും ആയാല്‍ മാത്രമേ എല്ലാ നിയമങ്ങളോടും സാധാരണക്കാര്‍ക്ക് നേരിട്ട് ബന്ധം ഉണ്ടാവുകയുള്ളുവെന്ന് അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *