സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ ഭാര്യയ്ക്ക് വൈസ് പ്രിന്‍സിപ്പല്‍ നിയമനം; പ്രിന്‍സിപ്പല്‍ രാജിവച്ചു

തൃശൂർ: സി.പി.എം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്റെ ഭാര്യയെ വൈസ് പ്രിൻസിപ്പൽ ആയി നിയമിച്ചതിൽ പ്രതിഷേധിച്ച് കേരളവർമ്മ കോളജ് പ്രിൻസിപ്പൽ എ.പി.ജയദേവൻ പദവിയൊഴിഞ്ഞു. സ്വയം ഒഴിവാകാനുള്ള തീരുമാനം രേഖാമൂലം മാനേജ്മെന്റിനെ അറിയിച്ചതായും ഇത്രയും കാലം തന്ന എല്ലാ സഹായസഹകരണങ്ങൾക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി പറയുന്നുതായും അദ്ദേഹം പറഞ്ഞു.  അധ്യാപകനായി തുടരും.

പ്രിൻസിപ്പലിന്റെ അധികാരം വെട്ടിച്ചുരുക്കി, കോളജിൽ പുതിയ തസ്തിക സൃഷ്ടിച്ചാണ് വിജയരാഘവന്റെ ഭാര്യ ആർ.ബിന്ദുവിനെ വൈസ് പ്രിൻസിപ്പലായി നിയമിച്ചത്. മുൻ മേയറാണ് ബിന്ദു. പ്രിൻസിപ്പലിന്റെ പകുതിയിലേറെ ചുമതലകൾ ബിന്ദുവിന് കൈമാറുകയുമായിരുന്നു. നിർമാണ പ്രവർത്തനങ്ങളുടെയും പല അക്കാദമിക് പ്രവർത്തനങ്ങളുടെയും ചുമതലയാണ് പ്രിൻസിപ്പലിൽനിന്ന് മാനേജ്മെന്റ് എടുത്തുമാറ്റിയത്.

കിഫ്ബിയുടെ ഉൾപ്പെടെ നിർമാണമടക്കമുള്ള എല്ലാ കാര്യങ്ങളുടെയും ചുമതല ബിന്ദുവിനാകുമെന്നു സിപിഎം നേതൃത്വം നൽകുന്ന ദേവസ്വം ബോർഡ് ഉത്തരവിൽ പറഞ്ഞിരുന്നു. ഡവലപ്മെന്റ് ഫോറം, പിടിഎ തുടങ്ങിയവയുടെ കീഴിൽ നടക്കുന്ന വികസനപ്രവർത്തനങ്ങളുടെ ചുമതലയും വൈസ് പ്രിൻസിപ്പലിനു കൈമാറി. നാക് അക്രഡിറ്റേഷൻ പോലുള്ള സുപ്രധാന കാര്യങ്ങളുടെ സ്വതന്ത്ര ചുമതലയും ബിന്ദുവിനാകുമെന്ന് ഉത്തരവിൽ പറഞ്ഞു.

ഇതോടെ പരീക്ഷാ നടത്തിപ്പും കോളജിന്റെ ദൈനംദിന നടത്തിപ്പുമായി വെറും നോക്കുകുത്തിയായി പ്രിൻസിപ്പൽ പദവി മാറി. സ്വകാര്യ കോളജുകളിൽ വൈസ് പ്രിൻസിപ്പലിനു പ്രത്യേക ചുമതലകൾ നൽകുന്നതു പ്രിൻസിപ്പലാണ്.

 

Leave a Reply

Your email address will not be published. Required fields are marked *