ബാലഭാസ്‌ക്കറിന്റെ അപകടമരണം: മൊഴികളില്‍ വൈരുദ്ധ്യം

തിരുവനന്തപുരം : വയലിനിസ്റ്റ് ബാലഭാസ്‌കറും മകളും മരിച്ച കാറപകടത്തെപ്പറ്റിയുള്ള ഭാര്യ ലക്ഷ്മിയുടെ മൊഴിയെത്തുടര്‍ന്ന് കേസ് പുതിയ വഴിത്തിരിവിലേക്ക്. അപകടം നടക്കുമ്പോള്‍ കാര്‍ ഓടിച്ചത് ബാലഭാസ്‌കര്‍ അല്ലായിരുന്നെന്നും ഡ്രൈവറായിരുന്നെന്നുമാണ് ലക്ഷ്മിയുടെ വെളിപ്പെടുത്തല്‍.
ഇതോടെ, ബാലഭാസ്‌കറാണ് കാറോടിച്ചിരുന്നതെന്ന ഡ്രൈവര്‍ അര്‍ജുന്റെ മൊഴി സംശയത്തിലാകുന്നു. ലക്ഷ്മിയുടെയും അര്‍ജുന്റെയും മൊഴികളിലെ വൈരുദ്ധ്യം പൊലീസ് വിശദമായി അന്വേഷിക്കും. ഇതിനായി അപകടസ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടത്തിയവരുടെയും നാട്ടുകാരുടെയും വിശദമായ മൊഴിയെടുക്കും.


ആറ്റിങ്ങല്‍ ഡിവൈഎസ്പിക്കു നല്‍കിയ മൊഴിയിലാണ് ലക്ഷ്മിയുടെ വെളിപ്പെടുത്തല്‍. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ ലക്ഷ്മി തിങ്കളാഴ്ചയായിരുന്നു ആശുപത്രി വിട്ടത്. അപകടം നടക്കുമ്പോള്‍ ബാലഭാസ്‌കര്‍ പിന്‍സീറ്റില്‍ വിശ്രമത്തിലായിരുന്നുവെന്നാണ് ലക്ഷ്മി പറഞ്ഞത്. ലക്ഷ്മിയുടെ മൊഴിപ്രകാരം അപകടസമയത്ത് വാഹനമോടിച്ചിരുന്നത് അര്‍ജുന്‍ ആണ്. ലക്ഷ്മി മകള്‍ തേജസ്വിനിയുമായി മുന്‍സീറ്റില്‍ ഇരുന്നു. ബാലഭാസ്‌കര്‍ പിന്നിലായിരുന്നു. ദീര്‍ഘദൂര യാത്രയില്‍ സാധാരണ ബാലഭാസ്‌കര്‍ വാഹനമോടിക്കാറില്ലെന്നും ലക്ഷ്മി മൊഴി നല്‍കി.
അപകടത്തിനു ശേഷം ഏതാനും ദിവസത്തിനുള്ളില്‍ത്തന്നെ പൊലീസിന് അര്‍ജുന്റെ മൊഴിയെടുക്കാനായിരുന്നു. ഗുരുതര പരുക്കുകളുമായി ആശുപത്രിയില്‍ കഴിഞ്ഞിരുന്ന ലക്ഷ്മിയുടെ മൊഴിയെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. ലക്ഷ്മിയുടെയും അര്‍ജുന്റെയും മൊഴികളിലെ വൈരുധ്യം വിശദമായി അന്വേഷിക്കാനാണ് പൊലീസിന്റെ തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *