തീപിടിത്തം: ഫോറന്‍സിക് ഫലത്തെ തള്ളാന്‍ ആനിമേഷന്‍ ചിത്രം ഉണ്ടാക്കുന്നത് പരിഹാസ്യം: ചെന്നിത്തല

തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ തീപിടിത്തം വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ട് കാരണമല്ലെന്ന് ഫോറന്‍സിക് പരിശോധനയില്‍ തെളിഞ്ഞിട്ടും അങ്ങനെയാണെന്ന് വരുത്തി തീര്‍ക്കാന്‍ പൊലീസ് കാണിക്കുന്ന തിടുക്കം അട്ടിമറി സംശയം ബലപ്പെടുത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

സത്യം മൂടി വയ്ക്കാനും യഥാര്‍ത്ഥ കുറ്റവാളികളെ രക്ഷിക്കാനുമാണ് പൊലീസ് ശ്രമിക്കുന്നതെന്ന് സംശയിക്കണം. ഈ പശ്ചാത്തലത്തില്‍ വസ്തുത പുറത്തു കൊണ്ടു വരാന്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

ഷോര്‍ട്ട് സര്‍ക്യൂട്ട് കാരണമല്ല തീപിടിത്തമുണ്ടായതെന്ന് ഫോറന്‍സിക്കിന്റെ ഫിസിക്‌സ് വിഭാഗം കോടതിയില്‍ ആവര്‍ത്തിച്ചു റിപ്പോര്‍ട്ട് നല്‍കിയതാണ്. കെമിസ്ട്രി വിഭാഗം നടത്തിയ പരിശോധനയില്‍ മദ്യക്കുപ്പികളാണ് കണ്ടെത്തിയത്. ഇരുപത്തിനാല് മണിക്കൂറും പൊലീസിന്റെ ശക്തമായ കാവലുള്ള സെക്രട്ടറിയേറ്റിനുള്ളില്‍ മദ്യക്കുപ്പികള്‍ വന്നതെങ്ങനെ? ഇതെല്ലാം വിരല്‍ ചൂണ്ടുന്നത് തീപിടിത്തത്തിനു പിന്നില്‍ അട്ടിമറി ഉണ്ടായി എന്നു തന്നെയാണ്.

ഷോര്‍ട്ട് സര്‍ക്യൂട്ട് കാരണംഫാന്‍ ഉരുകി താഴെ വീണ് തീപടര്‍ന്നു എന്ന വാദം ഊട്ടി ഉറപ്പിക്കാനായി പൊലീസ് ആനിമേഷന്‍ ചിത്രവുമായി രംഗത്തിറങ്ങിയിരിക്കുകയാണ്. ഇത് കേട്ട് കേഴ്‌വി ഇല്ലാത്തതാണ്. ഫോറന്‍സിക് ഫലത്തെ തള്ളാന്‍ ആനിമേഷന്‍ ചിത്രം ഉണ്ടാക്കുന്നത് പരിഹാസ്യമാണ്. ആധികാരികവും ശാസ്ത്രീയവുമായ പരിശോധനാ ഫലത്തെ തള്ളി ഭാവനയ്ക്ക് പിന്നാലെ പോവുന്ന പൊലീസ് ലക്ഷ്യം വേറെയാണെന്നും ചെന്നിത്തല പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *